Flash News

ഒരു ചരിത്രയുഗത്തിനു ശുഭസമാപ്തിയായി; ഇനി മറ്റൊരു ലോകത്തെ നക്ഷത്രമായി തിരുമേനി ഉദിച്ചുയരട്ടെ

October 19, 2020

ഫ്ലോറിഡ: ദൈവത്തിന്റെ അഭിഷിക്തൻ, കാലഘട്ടത്തിന്റെ ശക്തനായ പ്രവാചകൻ, ദൈവത്തോടും സഭയോടും തികഞ്ഞ ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തിയ മനക്കരുത്തുള്ള ധീര ക്രിസ്തു ഭടൻ — എന്നീ വിശേഷണങ്ങൾക്ക് തികച്ചും യോഗ്യനായ മഹാനായിരുന്നു കാലം ചെയ്ത മാർത്തോമ്മാ സഭ പരമദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന് ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ്. തിരുമേനിയുമായി ഒരു വ്യാഴവട്ടക്കാലം ബന്ധങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന താൻ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്റെ അപാരതകൾ കണ്ടനുഭവിച്ചറിഞ്ഞ വ്യക്തിയാണെന്നും ഡോ. മാമ്മൻ സി. ജേക്കബ് അനുസ്മരിച്ചു.

അടിയൊഴുക്കുകളെ ആഴത്തിൽ മനസിലാക്കിയ ഒരു ഭരണ തന്ത്രജ്ഞനായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ തിരുമേനി എക്കാലവും മുഖ്യ പരിഗണന നൽകിയിരുന്നത് വിശ്വാസ സമൂഹവും സഭയും എന്നിവ മാത്രമായിരുന്നു . സഭാ പരമായ കാര്യങ്ങളിൽ പലപ്പോഴും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ പതറാത്ത മനസ്സുമായി ഏതറ്റവരെയും പോകാൻ തയ്യാറായ ഒരു കർമ്മയോഗിയുമായിരുന്നു. സഭയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. സഭയുടെ നന്മയ്ക്കും യശഃസിനും വേണ്ടി വിട്ടു വീഴ്ച്ചയില്ലാതെ മുന്നിൽ നിന്ന് പൊരുതിയ യേശുവിന്റെ ഈ വിശ്വസ്ത പോരാളി തന്റെ കർമ്മ മണ്ഡലത്തിൽ എന്നും ഒരു കെടാവിളക്കായി നിലകൊണ്ടിരുന്നു.-ഒരു കാലഘട്ടത്തിന്റെ സൂര്യൻ തന്റെ ദൗത്യ നിർവഹണത്തിന് ശേഷം മറ്റൊരു ലോകത്തെ നക്ഷത്രമായി ഉദിച്ചു….!! – ഡോ. മാമ്മൻ സി. അനുസ്മരിച്ചു.

ഫ്‌ളോറിഡയിൽ എത്തിയാൽ അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്നത് തന്റെ ഭവനത്തിലായിരുന്നു. തന്റെ അമേരിക്കൻ ജീവിതത്തിൽ 5 തവണ വീടുകൾ മാറിയിട്ടുണ്ട്. താൻ ജീവിച്ചിട്ടുള്ള എല്ലാ വീടുകളിലും തന്നോടും കുടുംബത്തോടും ഒപ്പം താമസിച്ചിട്ടുള്ള തിരുമേനിയുടെ സാന്നിധ്യം കൊണ്ട് താനും കുടുംബവും അനുഗ്രഹീതമായിരുന്നുവെന്ന് മാമ്മൻ സി. വൈകാരികതയോടെ ഓർമ്മകൾ പങ്കുവച്ചു. പുറമെ കർക്കശക്കാരാണെന്നു തോന്നിക്കുമെങ്കിലും വളരെ ആർദ്രതയുള്ള ഹൃദയ ശുദ്ധിയും സൗമ്യ സ്വഭാവക്കാരനുമായ ഒരു തിരുമേനിയെയാണ് ജോസഫ് മാർത്തോമ്മാ തിരുമേനിയിൽ തനിക്ക് ദർശിക്കാൻ കഴിഞ്ഞത്. നിർദ്ധനരോട് മനസ് നിറയെ സഹാനുഭൂതി കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം അവരെ സഹായിക്കാൻ പരമാവധി പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ താൻ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഡോ.പി.ടി. മാമ്മന്റെ വസതിയിൽ പോയ കാര്യം ഇപ്പോഴും ഓർക്കുന്നു. അന്ന് മാർത്തോമ്മാ സഭയുടെ സഫർഗൻ മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം . അമേരിക്കയിലെ സഭ മക്കളോട് എന്നും സ്നേഹം മാത്രമായിരുന്നു തിരുമേനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാത്ത അമേരിക്കയിലെ സഭ മക്കൾ വളരെ വിരളമായിരിക്കും. സഭയ്ക്കും സമുദായത്തിനപ്പുറം മാവാനികതയ്ക്കായിരുന്നു അദ്ദേഹം മുൻതുക്കം നൽകിയിരുന്നത്. എല്ലാ മനുഷ്യരും ദൈവമക്കളാണെന്ന സന്ദേശമാണ് അദ്ദേഹം തന്റെ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചത്. സഭയിലെ മക്കൾക്കും വൈദികർക്കും മാനവികതയുടെ പാഠമാണ് അദ്ദേഹം പകർന്നു നൽകിയത്. അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനരീതികൾകൊണ്ടാണ് മാർത്തോമ്മാ സഭയ്ക്ക് ആഗോള തലത്തിൽ യശസ്സ് ഉയർത്താൻ കാരണമായതെന്നും മാമ്മൻ സി.ചൂണ്ടിക്കാട്ടി.

പ്രാത്ഥനയിലൂടെ ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ ദൈവഹിതമായി കണ്ടിരുന്ന അദ്ദേഹം അവ നടപ്പിലാക്കാൻ പലപ്പോഴും കർശന നടപടികൾ എടുത്തിട്ടുണ്ട്. ഇതുമൂലം കർക്കശക്കാരൻ എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ മുന്നോട്ടു പോകുമ്പോൽ ദൈവം തന്നിൽ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി എന്ന് ചിന്തിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.

മാരാമൺ കൺവെൻഷനുകൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്ന തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സഭയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളിൽ രചിക്കപ്പെട്ടു കഴിഞ്ഞു. അവശർക്കും ആലംബഹീനർക്കും വേണ്ടി നിലകൊണ്ടിരുന്ന ആ വലിയ മഹാത്‌മാവിന്റെ വേർപാടിൽ നിന്ന് മാർത്തോമ്മാ സഭയ്ക്ക് മുക്തി നേടാൻ സമയം ഇനിയും വേണ്ടി വന്നേക്കാം എങ്കിലും ആ പുണ്യാൽമ്മാവിന്റെ ഓർമ്മകൾ മാത്രം മതിയാകും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തോടെ മുന്നേറാൻ. സ്വർഗ്ഗവാതിൽ പക്ഷികൾ മിഴി തുറന്നു കഴിഞ്ഞു. സ്വർഗം അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. തിരുമേനി അങ്ങേയ്ക്ക് വിട . ദൈവ തിരുകുമാരന്റെ ഭവനത്തിൽ അന്ത്യ വിശ്രമം കൊള്ളുമ്പോൾ സഭയുടെ വളർച്ചക്കായി ദൈവമക്കൾക്കായി അങ്ങയുടെ പ്രാത്ഥനകൾ സ്വർഗം കേൾക്കട്ടെ.

അദ്ദേഹവുമായി അടുത്തു സഹകരിക്കുവാൻ ഏറെ അവസരങ്ങൾ ജീവിതത്തിൽ ലഭിച്ചത്‌ എന്നും സ്മരണയിൽ മായാതെ നില നിൽക്കും. മാർത്തോമ്മാ സഭയുടെ സൂര്യതേജസിന് ആദരാജ്ഞലികൾ!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top