Flash News

ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗികള്‍ മരിക്കുന്നു, നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

October 19, 2020

കൊച്ചി: ആശുപത്രിയിലെ ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് ബാധിച്ച രോഗികള്‍ മരിക്കുന്നുണ്ടെന്ന സൂചന നല്‍കി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്. ആശുപത്രിയിലെ കൊവിഡ് വാര്‍ഡുകളില്‍ കഴിഞ്ഞ കൊവിഡ് രോഗികളില്‍ ചിലര്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചെന്ന് നഴ്‌സിങ് ഓഫീസറുടെ വെളിപ്പെടുത്തല്‍. നഴ്‌സിങ് ഓഫീസര്‍ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗം പുറത്ത് വന്നിട്ടുണ്ട്.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നഴ്‌സിങ് ഓഫീസര്‍മാരുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം ആര്‍എംഒ വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തിലെ കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനായി നല്‍കിയ സന്ദേശത്തിലാണ് നഴ്‌സുമാരുടെ അശ്രദ്ധ മൂലം പലര്‍ക്കും മരണം സംഭവിക്കുന്നുവെന്ന് പറഞ്ഞിരിക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജലജ ദേവി പറയുന്നു. ചിലരുടെ വെന്റിലേറ്റര്‍ ഡ്യൂബുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നുണ്ടെങ്കിലും നഴ്‌സുമാരെ സഹായിക്കാനായി വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ജലജ ദേവി ആരോപിക്കുന്നു.

കൊവിഡ് ചികിത്സയിലായിരിക്കെ മരിച്ച ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രതിപാദിക്കുന്നു. ”വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗി അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്തുവിട്ടില്ല. പുറംലോകം അറിയാത്തതിനാല്‍ മാത്രമാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്.” ജലജ ദേവി പറയുന്നു.

ഹാരിസിന്റെ മരണത്തില്‍ ബന്ധുക്കള്‍ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിയ്ക്കുന്ന ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ല. ഇപ്പോള്‍ നഴ്‌സിങ് ഓഫീസറുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ഹാരിസിന്റെ ബന്ധുക്കള്‍ പറയുന്നത്.

നഴ്‌സിങ് ഓഫീസറുടെ സന്ദേശം പുറത്തായതോടെ വലിയ ആശങ്കയാണ് പരന്നിരിക്കുന്നത്. സന്ദേശത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top