Flash News

“മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ വിജയപ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടു സ്ഥാനാർത്ഥികൾ

October 19, 2020 , അജു വാരിക്കാട്

ഹൂസ്റ്റൺ: 2018 ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് പോലെ 2020ലും മലയാളി സ്ഥാനാർത്ഥികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഹൂസ്റ്റണിൽ തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ വൻ വിജയ പ്രതീക്ഷയുമായി ടോം വിരിപ്പനും റോബിൻ ഇലക്കാട്ടും. ഹൂസ്റ്റണിലെ മലയാളീ സമൂഹത്തിന്റെ പിന്തുണ അറിയിക്കുവാനായി ഫ്രണ്ട്സ് ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗങ്ങളിലാണ് തങ്ങളുടെ വിജയ പ്രതീക്ഷകൾ സ്ഥാനാർത്ഥികൾ പങ്കുവച്ചത്.

ടെക്സസ് ഹൗസ് റെപ്രസെന്ററ്റീവായി ഡിസ്ട്രിക്ട് 27 ൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടോം വിരിപ്പൻ, മിസോറി സിറ്റി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റോബിൻ ഇലക്കാട്ട് എന്നിവരെ മലയാളികളായ വോട്ടർമാർക്ക് പരിചയപ്പെടുത്തുക എന്ന ആശയവുമായി നടത്തിയ പരിപാടിയിൽ നിരവധി മലയാളീ സുഹൃത്തുക്കൾ പങ്കെടുത്തു തങ്ങളുടെ പിന്തുണ അറിയിച്ചു. അതോടൊപ്പം തിരഞ്ഞെടുപ്പ് ദിവസമായ നവംബര് 3 വരെയുള്ള ദിവസങ്ങളിൽ വോളന്റീയർ വർക്ക് നടത്തി സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കാനും നിരവധി മലയാളികൾ മുൻപോട്ടു കടന്നു വരികയുണ്ടായി.

ജെയിംസ് കൂടൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ജീമോൻ റാന്നിയാണ് ടോം വിരിപ്പിനെ ഈ പ്രോഗ്രാമിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്തത്. ഇന്ത്യയിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുപോലെ തന്നെ അത്ര തന്നെ ഗൗരവമായ തിരഞ്ഞെടുപ്പാണ് ടെക്സാസ് ഹൗസിലേക്ക് നടക്കുന്നതെന്നും ഒരു എംഎൽഎയുടെ റോൾ ആണ് വിജയിച്ചാൽ ടോം വിരിപ്പന്റെ ഉത്തരവാദിത്വമെന്നും ആ ഉത്തരവാദിത്വം നിർവഹിക്കുവാൻ എന്ത് കൊണ്ടും യോഗ്യതയുള്ള ടോം വിരിപ്പന്റെ വിജയം ഉറപ്പാക്കുന്നതിന് ഏവരും തുടർന്നുള്ള ദിവസങ്ങളിൽ കഠിന പ്രയത്‌നം ചെയ്യണെമെന്നും അദേഹത്തിന്റെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയമാണെന്നും തന്റെ സ്വത സിദ്ധമായ ഭാഷാശൈലിയിൽ ജീമോൻ റാന്നി സൂചിപ്പിച്ചു.

മിസോറി സിറ്റി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റോബിൻ ഇലക്കാട്ടിനെ, തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ബ്ലെസ്സൺ ഹ്യൂസ്റ്റൺ പരിപാടിയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്തു. നീണ്ട വർഷങ്ങൾ പൊതുരംഗത്ത് പ്രവർത്തി പരിചയം ഉള്ള റോബിൻ നഗരാധിപൻ ആകുന്നത് മലയാളികൾക്ക് അഭിമാനമാണ്. പല വർഷങ്ങളിലെ ഇടവേളയ്ക്ക് ശേഷം പൊതുരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്ന റോബിൻ വിജയിച്ചാൽ ഗ്രെയ്റ്റർ ഹൂസ്റ്റണിലെ ആദ്യ മലയാളിയായ മേയർ എന്ന ചരിത്ര നിമിഷത്തിലേക്കാണ് റോബിൻ കാലെടുത്തുവെക്കുന്നത് എന്ന് ബ്ലസൻ പറഞ്ഞു.

തൊടുപുഴയുടെ മണ്ണിൽ നിന്നും അതിജീവനത്തിനായി അമേരിക്കൻ മണ്ണിൽ പറിച്ചു നടപ്പെട്ട ടോം അമേരിക്കൻ രാഷ്ട്രീയത്തിൽ കന്നിയങ്കത്തിൽ തന്നെ പ്രൈമറിയിൽ ടെക്സാസ് ഗവർണറും, സംസ്ഥാന റിപ്പബ്ലിക്കൻ പാർട്ടി അധ്യക്ഷയും പിന്തുണച്ച സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് നവംബർ 3ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിന്റെ റോൺ റെയ്നോഡ്സിനെതിരെ മത്സരിക്കുന്നതിന് അവസരം ലഭിച്ചത്.

മിസ്സോറി സിറ്റിയുടെ സാമ്പത്തിക രംഗങ്ങളിൽ കൂടുതൽ സുതാര്യത വരുത്തി അച്ചടക്കമുള്ള സാമ്പത്തിക രംഗം ഉറപ്പുവരുത്തും എന്ന് റോബിൻ ഇലക്കാട്ട് സൂചിപ്പിച്ചു. അതോടൊപ്പം ഒരേ സ്ഥാനത്തു ഒരാൾ തന്നെ പല നീണ്ട വർഷങ്ങൾ തുടരുന്നത് പരിമിതപ്പെടുത്തും എന്നും റോബിൻ പറഞ്ഞു. മിസ്സോറി സിറ്റിയുടെ മുഖച്ഛായ മാറ്റിമറിക്കാനാകുന്ന ഗുണനിലവാരമുള്ള സംരംഭങ്ങളെ സ്വാഗതം ചെയ്യുമെന്നും റോബിൻ കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top