Flash News

മലയാളി ഡോക്ടര്‍ രേഖാ മേനോന് ന്യൂജഴ്സി അസംബ്‌ളിയുടെ ആദരവ്

October 20, 2020 , പി. ശ്രീകുമാര്‍

ന്യൂജെഴ്സി: കലാകാരിയും സാമൂഹ്യ പ്രവര്‍ത്തകയും സംഘാടകയുമായ മലയാളി ഡോക്ടര്‍ക്ക് ന്യൂജഴ്സി സംസ്ഥാന അസംബ്ലിയുടേയും സെനറ്റിന്റേയും ആദരവ്. വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചത് കണക്കിലെടുത്ത് ഡോ. രേഖ മോനോനെയാണ് പ്രശംസാ പത്രം നല്‍കി ആദരിച്ചത്. സെനറ്റും അസംബ്‌ളിയും സംയുക്തമായി പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പ് മേയര്‍ പല്ലോണ്‍, സെനറ്റര്‍ വിന്‍ ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഡോ. രേഖയക്ക് കൈമാറി. എജ്യുക്കേഷന്‍ ബോര്‍ഡ് സൂപ്രണ്ട് ഡോ. മൈക്ക് സാല്‍വറ്റോര്‍, ബിസിനസ് അഡ്മിനിസ്ട്രേറ്റര്‍ പീറ്റ് ജെനോവസ്, പങ്കാളിത്ത ആരോഗ്യ കേന്ദ്രം നഴ്സ് മാനേജര്‍ കെല്ലി, മേയറുടെ അസിസ്റ്റിന്റ് സൂസന്‍ ഡേവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു

രേഖാ മോനോന്‍ കലാ രംഗത്ത് ഏഴാം വയസ്സ് മുതല്‍ സജീവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കഥകളി ഉള്‍പ്പെടെയുള്ള ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രീ പൂര്‍ണത്രീയശ ഫൈന്‍ ആര്‍ട്സ് രൂപീകരിക്കാന്‍ മുന്‍‌കൈയ്യെടുത്ത ഡോ. രേഖ ന്യൂജേഴ്സിയില്‍ 2003 മുതല്‍ കാന്‍ബറിയിലെ ചിന്‍മയ മിഷനോടൊപ്പം വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. 100 ലധികംപേരെ പങ്കെടുപ്പിച്ചുകൊണ്ട് ന്യൂജഴ്സിയില്‍ തിരുവാതിര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചുക്കാന്‍ പിടിക്കുന്നു. കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ സെക്രട്ടറി ആയും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ചിന്മയാ മിഷനില്‍ 15 വര്‍ഷമായി പ്രവര്‍ത്തിച്ചു പോരുന്നു. അമേരിക്കയിലും കാനഡയിലുമുടനീളം അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണത്തിനായി വടക്കേ അമേരിക്കയിലും കാനഡയിലും കേരളത്തില്‍ നിന്നുള്ള കലാകാരന്മാരെ കൊണ്ടുവന്നു നിരവധി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു.

മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ഏക വനിതാ അദ്ധ്യക്ഷയായിരുന്നു. ന്യൂജേഴ്സിയില്‍ കെഎച്ച്എന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തുടക്കം നല്‍കി കെഎച്ച്എന്‍ജെ രൂപീകരിക്കാന്‍ പ്രധാന പങ്കു വഹിച്ചത് രേഖയാണ്. 2014 ലെ കെഎച്ച്എന്‍എ യുവ കണ്‍വെന്‍ഷന്‍ ദേശീയ 2019 ദേശീയ കണ്‍വെന്‍ഷനും ന്യൂജേഴ്സിയില്‍ വിജയകരമായി നടത്താന്‍ നേതൃത്വം വഹിച്ചു.

കെഎച്ച്എന്‍എ സ്പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം വഴി കേരളത്തിലെ വിദ്യാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്യുന്നു. പ്രസിഡന്റായിരിക്കെ, യുഎസിലെ നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനൊപ്പം, ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്‌കൂള്‍ പണിയുന്നതിനും ഭക്ഷ്യ പദ്ധതിക്കും കെഎച്ച്എന്‍എ സ്പോണ്‍സര്‍ ചെയ്തു പ്രാദേശിക സമൂഹങ്ങളെ സേവിക്കുന്ന ന്യുജേഴ്സിയിലെ സേവാ ദീപാവലി ഫുഡ്‌ ഡ്രൈവിന്റെ ഭാഗമാണ് രേഖ. എംപവര്‍മെന്റ് ഫൗണ്ടേഷന്റെ സ്പോണ്‍സറും ഉപദേശകയുമാണ്. കോവിഡ് സമയത്ത് ഇന്ത്യയിലെ പെണ്‍കുട്ടികളെ സഹായിക്കുന്നതിനും ഭക്ഷണം വിതരണം ചെയ്യുന്നതിനും പണം സ്വരൂപിക്കാന്‍ മുന്നില്‍ നിന്നു. കത്രീന, ഹാര്‍വി ചുഴലിക്കാറ്റുകള്‍ക്ക് ഇരയായവര്‍ക്കായി യഥാക്രമം ലൂസിയാന, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കാനും പങ്കുവഹിച്ചു. ആശുപത്രികള്‍ക്കും പോലീസ് വകുപ്പിനും പ്രഥമശുശ്രൂഷ സ്‌ക്വാഡുകള്‍ക്കും ഫെയ്സ് ഷീല്‍ഡുകളും ഭവനരഹിതര്‍ക്ക് വെള്ളവും ടിഷര്‍ട്ടുകളും സംഭാവന ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തു.

കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് വിവിധ ഐടി കമ്പനികള്‍, സ്‌കൂള്‍, ഹെല്‍ത്ത് കെയര്‍ എന്നിവിടങ്ങളില്‍ പുനര്‍ ജോലി ലഭിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സൗകര്യമൊരുക്കി. തുടങ്ങി ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചാണ് ന്യൂജഴ്സി അസംബല്‍യും സെനറ്റും ആദരിച്ചിരിക്കുന്നത്

അമേരിക്കയില്‍ കലാ സാംസ്‌ക്കാരിക ആധ്യാത്മിക രംഗത്ത് സജീവമായ കര്‍ണാടക സംഗീതജ്ഞയും ഭരതനാട്യ നര്‍ത്തകിയുമായ തൃപ്പുണിത്തുറ സ്വദേശി ചിത്രാ മേനോന്റെ മകളാണ് രേഖ. ജമൈക്കയിലെ കിംഗ്സ്റ്റണിലാണ് രേഖ മേനോന്‍ ജനിച്ചത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ജമൈക്കയിലെ കാമ്പിയന്‍ കോളേജില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. ബാംഗ്ലൂരിലെ എം.എസ്. രാമയ്യ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠിച്ചു. ഇന്ത്യയിലും മലേഷ്യയിലും ജോലി ചെയ്ത ശേഷം ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ ഹോസ്പിറ്റല്‍ സെന്ററില്‍ ഫാമിലി മെഡിസിന്‍ റെസിഡന്‍സി ചെയ്തു. അവിടെ ചീഫ് റസിഡന്റും ഹൗസ് സ്റ്റാഫ് പ്രസിഡന്റുമായിരുന്നു. ന്യൂജേഴ്സിയിലെ ലോംഗ് ബ്രാഞ്ചിലുള്ള ബോര്‍ഡ് ഓഫ് എജ്യുക്കേഷനില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ: രേഖ ബ്രൂക്ക്‌ലിനില്‍ സഹോദരന്‍ രാകേഷിനൊപ്പം മെഡിക്കല്‍ ഹെല്‍ത്ത് സെന്റര്‍ നടത്തുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top