Flash News

പാലത്തായി ബാലപീഡന കേസ്: ഐ.ജി ശ്രീജിത്തിനെ നീക്കി എസ്‌ഐടി പുനഃസ്ഥാപിക്കാൻ പോലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

October 20, 2020

കൊച്ചി: പാലത്തായി ബാലപീഡന കേസില്‍ കൂടുതൽ അന്വേഷണം നടത്താന്‍ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിൽ കുറയാത്ത പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. നിലവിൽ കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഐ.ജി ശ്രീജിത്തിനെ നീക്കം ചെയ്ത ശേഷമായിരിക്കണം പുതിയ ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതെന്ന് കോടതി പറഞ്ഞു.

നിലവിലെ അംഗങ്ങളെ നീക്കം ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനർനിർമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.

ശരിയായ അന്വേഷണം നടത്താൻ പോലീസ് ഐ.ജി റാങ്കിൽ കുറയാത്ത ഒരു പുതിയ ഉദ്യോഗസ്ഥനെ നിയമിച്ച് കേസ് അന്വേഷിക്കുന്ന എസ്‌ഐടി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലത്തായി ബാലപീഡനക്കേസിലെ ഇരയുടെ അമ്മ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പി വി കുഞ്ഞി‌കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂരിലെ പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണത്തിന് ഐ.ജി ശ്രീജിത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് ഇരയുടെ അമ്മയ്ക്ക് തോന്നിയാൽ അദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിനിർത്തുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ലെന്ന് മുതിർന്ന സ്റ്റേറ്റ് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി കോടതിയില്‍ ബോധിപ്പിച്ചു. ഇരയുടെയും കുടുംബത്തിന്റെയും താൽപ്പര്യം മാത്രമേ സംസ്ഥാനം സംരക്ഷിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിൽ അവിശ്വാസം പ്രകടിപ്പിച്ച അമ്മ ഇൻസ്പെക്ടർ ജനറൽ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണ സംഘത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മകൾക്ക് നീതി ലഭിക്കില്ലെന്ന് പറഞ്ഞു. സംഘം അന്വേഷണം ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും കേസിൽ മുന്നേറ്റമുണ്ടായില്ല. അന്വേഷണം പൂർത്തിയാക്കുന്നതിലെ കാലതാമസം മനഃപ്പൂർവമാണെന്നും, പ്രതികൾക്ക് രക്ഷപ്പെടാനും, അനാവശ്യമായ നേട്ടങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണെന്നും അവർ പറഞ്ഞു.

പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ച അപാകതകളും വീഴ്ചകളും പരിഹരിക്കാൻ അന്വേഷണ സംഘം ഒരു ശ്രമവും നടത്തിയില്ല. പീഡനത്തിനിരയായ കുട്ടിയെ നിരവധി തവണ കൗൺസിലർമാരും പോലീസ് ഉദ്യോഗസ്ഥരും മാനസിക പീഡനത്തിനും ഉപദ്രവത്തിനും വിധേയയാക്കിയിട്ടുണ്ട്.

നിയമത്തിലെ സെക്ഷൻ 26 (4) പ്രകാരം വ്യക്തമാക്കിയ ഓഡിയോ-വീഡിയോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ അന്വേഷണ സംഘം കുട്ടിയുടെ പ്രസ്താവന രേഖപ്പെടുത്തിയിട്ടില്ലെന്നും ഇരയുടെ പേരിൽ പ്രസ്താവനകൾ കൈകാര്യം ചെയ്യുകയാണെന്നും അവർ പറഞ്ഞു. അന്തിമ റിപ്പോർട്ട് കാസര്‍ഗോഡിലെ പോക്സോ കോടതിയിൽ സമർപ്പിക്കുന്നതിൽ നിന്ന് എസ്‌ഐടിയെ തടയാനും അപേക്ഷകൻ ആവശ്യപ്പെട്ടു.

സ്‌കൂൾ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കെ പദ്മരാജനാണ് കേസിലെ പ്രതി. നാലാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ സ്‌കൂളിലെ വാഷ്‌റൂമിൽ ചെന്നപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top