Flash News

ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ശിവശങ്കർ അസുഖം ബാധിച്ചതായി അഭിനയിക്കുകയാണെന്ന് കസ്റ്റംസ് കോടതിയില്‍

October 20, 2020

കൊച്ചി: സാമ്പത്തിക കുറ്റകൃത്യക്കേസിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചോദ്യം ചെയ്യല്‍ ഒഴിവാക്കാൻ അസുഖം അഭിനയിച്ച് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ പ്രവേശനം നേടിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച പ്രസ്താവനയിൽ, ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒക്ടോബർ 14 ന് ശിവശങ്കര്‍ ഒരു ‘വക്കാലത്ത്’ ഒപ്പിട്ടിട്ടുണ്ടായിരുന്നു എന്ന് കസ്റ്റം കോടതിയെ ബോധിപ്പിച്ചു. ആ കേസ് ഒക്ടോബർ 23 ന് കോടതി പരിഗണിക്കും.

അന്വേഷണ ഏജൻസി പറയുന്നതനുസരിച്ച്, വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ അറസ്റ്റ് ചെയ്യുമെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കസ്റ്റംസ് വാദിച്ചു. നേരത്തെ ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. വക്കാലത്തില്‍ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തതായി കാണിക്കുന്നു. കൂടുതൽ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണിത്.

നേരത്തെ എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ആശുപത്രി ചികിത്സ നടക്കുന്നത്. മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ശിവശങ്കറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോയതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

പൂജപ്പുരയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ശിവശങ്കറിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന്, നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കിടത്തി ചികിത്സ ആവശ്യമില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. പിന്നാലെ വഞ്ചിയൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. ഇതോടെ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായിരിക്കുകയാണ്.

നിയമത്തിന്റെ പരിധി വ്യക്തമായി ഒഴിവാക്കുകയും ചോദ്യം ചെയ്യലിനെ പരാജയപ്പെടുത്താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് കോടതിയെ സമീപിക്കാൻ അർഹതയില്ലെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top