Flash News

പ്രവാസ ലോകത്തിന്റെ നാലാം തൂണും സൗഹൃദത്തിന്റെ കെട്ടുറപ്പുമായി ആഷ്‌ലി

October 20, 2020

പ്രവാസ ലോകത്തിന്റെ അച്ചുതണ്ടില്‍ ശിരസ്സുയര്‍ത്തി ഇരിക്കാനാവുക. കാഴ്ചയും ഭാഷയും ഹൃദയവുംകൊണ്ട് അവര്‍ക്കിടയില്‍ പൂര്‍ണതയുള്ള ചിത്രമാവുക. ഇതിനെല്ലാം ഒരു മലയാളിക്ക് സാധിച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ പേരാണ് ആഷ്‌ലി ജെ. മാങ്ങഴ.

കരയുംകടലും കടന്നെത്തിയ നോര്‍ത്ത് അമേരിക്കയുടെ മണ്ണില്‍ പേരെടുത്ത വ്യകിത്വമായി ആഷ്‌ലി മാറിയത് പത്രപ്രവര്‍ത്തനത്തിലെ മികവും സംഘാടകപ്രാവീണ്യംകൊണ്ടുമായിരുന്നു. ഇന്ന് അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്ററാണ് അദ്ദേഹമെന്നറിയുമ്പോള്‍ ആഷ്‌ലിയുടെ വ്യക്തിത്വത്തിന്റെ പെരുമ വാനോളം ഉയരുന്നു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തന ജീവിതത്തിലൂടെ അമേരിക്കയിലും കാനഡയിലുമുള്ള പ്രവാസികളുടെ മനസ് അദ്ദേഹം തൊട്ടറിഞ്ഞു. അവരെ സംബന്ധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ എത്തിക്കുന്നതില്‍ ആഷ്‌ലി വഹിച്ച പങ്ക് നിസ്തുലമാണ്. വിവിധ അസോസിയേഷനുകളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കുമെല്ലാം മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച് പ്രഗത്ഭനായ സംഘാടകനായും അറിയപ്പെട്ടു.

പ്രവാസിയുടെ വാര്‍ത്താ ലോകത്തേക്ക്

ജയ്‌ഹിന്ദ് വാര്‍ത്തയില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ആഷ്‌ലി. കൃത്യമായ നിലപാടുകളും വിഷയങ്ങളെ മനസിലാക്കാനും അവയെ പ്രയോഗവത്കരിക്കാനുമുള്ള അസാധാരണമായ കഴിവ് ആഷ്‌ലിയെ മറ്റുള്ളവരില്‍നിന്നും വേറിട്ടുനിര്‍ത്തി. ഈ പ്രവര്‍ത്തന മികവാണ് ഇന്ന് ജയ് ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍ പദവിയിലേക്ക് ആഷ്‌ലിയെ എത്തിച്ചത്. മാധ്യമപ്രവര്‍ത്തനത്തിന്റെ എഡിറ്റോറിയല്‍ മേഖലയില്‍മാത്രമല്ല അദ്ദേഹം കൈവച്ചത്. അതിന്റെ മറ്റുമേഖലകളായ മാര്‍ക്കറ്റിംഗ്, സര്‍ക്കുലേഷന്‍ രംഗത്തേക്കും അദ്ദേഹം ഇറങ്ങിച്ചെന്നു. എല്ലാവരോടുമൊപ്പം തോളോടുതോള്‍ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചു. അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും നല്‍കി. ഇത്തരത്തില്‍ എല്ലാ മേഖലയിലും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ആഷ്‌ലിയുടെ പ്രവര്‍ത്തനം ജയ്ഹിന്ദ് വാര്‍ത്തയ്ക്ക് നല്‍കിയ ഫലം അത്രമേല്‍ വിലപ്പെട്ടതായിരുന്നു.

കേവലം ഒരു വര്‍ഷം കൊണ്ട് കാനഡയില്‍ ജയ്ഹിന്ദ് വാര്‍ത്തയെ ഒന്നാം സ്ഥാനത്തെത്തിച്ചു. സമാന മേഖലയില്‍ മറ്റാര്‍ക്കും കൈവരിക്കാനാവാത്ത ആ നേട്ടം അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലായി മാറി. ലോകത്തിന് വിവരങ്ങള്‍ വിതരണം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തനം എന്നതിനപ്പുറം മാധ്യമ മാനേജ്‌മെന്റ് നന്നായി കൈകാര്യം ചെയ്യുന്നതിലും അപാരമായ കഴിവാണ് ആഷ്‌ലി പ്രകടിപ്പിച്ചത്. സ്വതസിദ്ധമായ ഈ സംഘാടക മികവ് അദ്ദേഹത്തെ പ്രവാസികളുടെ പ്രിയപ്പെട്ടവരാക്കി.

ശിഥിലമായികൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍, സൗഹൃദം മറന്ന കൂട്ടുകെട്ടുകള്‍, പ്രകടമായ മൂല്യശോഷണം, ശുഷ്‌കാന്തി നഷ്ടപ്പെട്ട ഭരണകൂടങ്ങള്‍, ജനനന്മയെന്ന ലക്ഷ്യം മറന്ന രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലേക്കുമെല്ലാം ആഷ്‌ലി ഇറങ്ങിച്ചെന്നു.

എവിടെയെല്ലാമാണോ അവശ്യഘട്ടങ്ങളില്‍ സഹായ ഹസ്തം നീട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥരെന്നത് അദ്ദേഹം സമൂഹത്തിന് കാണിച്ചുകൊടുത്തു. താനുള്‍പ്പെടുന്ന സമൂഹത്തിലേക്കും ചുറ്റുപാടുകളിലേക്കുമാണ് അദ്ദേഹം കണ്‍തുറന്നിരുന്നത്.

ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ആഷ്‌ലി. 2003 ലാണ് ആഷ്‌ലി പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്.

ഫ്‌ളോറിഡയില്‍ നിന്നു പ്രസിദ്ധീകരിച്ച മലയാളി മനസ് എന്ന പത്രത്തിലെ റിപ്പോര്‍ട്ടറായിരുന്നു അന്ന്. പ്രവാസലോകത്തെ വിഷയങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. പിന്നീട് , പുതിയ കുടിയേറ്റക്കാര്‍ക്കായി 2006 ല്‍ പ്രസിദ്ധീകരിച്ച യാത്ര എന്ന മാഗസിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിംഗ് എഡിറ്ററായി 2007 മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചു. കുടിയേറ്റക്കാര്‍ക്കായി 2013 ല്‍ ആല്‍ബര്‍ട്ടയിലെ എഡ്മന്റനില്‍ നിന്നു പ്രസിദ്ധീകരിച്ച പ്രയാണം മാസികയുടെ ചീഫ് എഡിറ്ററുമായിരുന്നു ആഷ്‌ലി.

ഓരോ വിഷയങ്ങളേയും യുക്തിയുക്തമായി സമീപിച്ച് തീരുമാനങ്ങളെടുക്കാനും മാധ്യമ നിലപാടുകള്‍ വിശദീകരിക്കാനും അദ്ദേഹത്തിന് അസാധാരണ മികവുണ്ടായിരുന്നു. നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്ന ആഷ്‌ലിക്ക് പ്രസംഗ ചാതുരിയും ആവോളമുണ്ട്.

സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യവിഷയങ്ങളില്‍ ആഷ്‌ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ലേഖനങ്ങളെല്ലാം വിഷയഗൗരവംകൊണ്ട് കാര്യപ്രസക്തവും ശ്രദ്ധേയവുമാണ്. ഫോട്ടോഗ്രാഫിയും യാത്രയും ഹോബിയായിട്ടുള്ള ആഷ്‌ലിക്ക് പല ഫോട്ടോഗ്രാഫി മത്സരങ്ങളിലും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കിയ സംഘാടകന്‍

സംഘാടനവും ജീവിതംതന്നെയായി തിരിച്ചറിയുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജീവിതകഥകൂടിയാണ് ആഷ്‌ലിയുടേത്. ജീവിതത്തെ രൂപപ്പെടുത്തിയ ആശയങ്ങളെ ഉപേക്ഷിക്കാനാവാതെ മുഖംമൂടിയില്ലാതെ ഇടപഴകുന്ന ആഷ്‌ലി അതുകൊണ്ടുതന്നെ ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. ആത്മാര്‍ഥമായ ഇടപെടലുകളും സത്യസന്ധതയും അദ്ദേഹത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിലേക്ക് എത്തിക്കുകയായിരുന്നു.

മികച്ച സംഘാടകന്‍ എന്ന നിലയില്‍ നൂറില്‍ നൂറുമാര്‍ക്കുമാണ് ആഷ്‌ലിക്കുള്ളത്. തൊട്ടതെല്ലാം പൊന്നാക്കുന്നതുപോലെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലും മറ്റും ഏറ്റെടുത്ത ചുമതലകളെല്ലാം വന്‍വിജയമാക്കിയ ചരിത്രമാണ് ആഷ്‌ലിക്കുളളത്. മാന്യതയും ലാളിത്യവും മുഖമുദ്രയായ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എല്ലാവര്‍ക്കും സഹായകരമായിരുന്നു. ഇപ്പോള്‍ കാനഡയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ആഷ്‌ലി അമേരിക്കയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎസിലേയും കാനഡയിലെയും വിവിധയിടങ്ങളില്‍ താമസിച്ച അനുഭവ പരിചയം ആഷ്‌ലിക്കുണ്ട്.

1999 ലാണ് ആഷ്‌ലി അമേരിക്കയിലെത്തുന്നത്. ഔദ്യോഗികജോലിക്കിടയിലും അദ്ദേഹം മികച്ച സംഘാടകനെന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടു തുടങ്ങിയത് വളരെ വേഗത്തിലാണ്. ഏറ്റെടുക്കുന്ന ജോലികളെല്ലാം നൂറുശതമാനം സത്യസന്ധതയോടെയും ആത്മാര്‍ഥമായും ചെയ്യുന്ന വ്യക്തിത്വം തന്നെയായിരുന്നു ഇതിനു കാരണം. നിരവധി പരിപാടികളുടെ സംഘടനാ ചുമതലകള്‍ നാട്ടിലും നോര്‍ത്ത് അമേരിക്കയിലും വഹിക്കാന്‍ ആഷ്‌ലിക്ക് കഴിഞ്ഞത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി കരുതുന്നു. സാമൂഹ്യ സേവന മേഖലയിലായാലും സര്‍ഗാത്മകതയുണര്‍ത്തുന്ന വേദികളിലെല്ലാം ആഷ്‌ലിയുടെ സാനിധ്യവും പ്രചോദനവും ഉണ്ട്. മലയാളികളുടെ ഓരോ പ്രശ്‌നങ്ങള്‍ക്കുമൊപ്പം താങ്ങും തണലുമായി ആഷ്‌ലിയുടെ സാനിധ്യമുള്ളത് വലിയ അനുഗ്രഹമായാണ് കാണുന്നത്.

ഐഎപിസിക്കു നോര്‍ത്ത് അമേരിക്കയില്‍ പ്രത്യേകിച്ച് കാനഡയില്‍ വേരുകളുണ്ടാക്കാന്‍ കഴിഞ്ഞത് ആഷ്‌ലിയുടെ സംഘാടക മികവ് ഒന്നുകൊണ്ടുമാത്രാണ്. കൂടാതെ, ഐഎപിസിക്കു കാനഡയില്‍ വിവിധ ചാപ്റ്ററുകള്‍ രൂപീകരിക്കുന്നതില്‍ ആഷ്‌ലി വഹിച്ച പങ്ക് വളരെ വലുതാണ്. വിവിധ ചാപ്റ്ററുകളുടെ പ്രശംസനീയമായ പ്രവര്‍ത്തനവും അംഗങ്ങളുടെ ഉത്സാഹമെല്ലാം ആഷ്‌ലി വിരിച്ച തണലില്‍ നിന്നാണ്.

ഇതുകൊണ്ടുതന്നെ അമേരിക്കയിലും കാനഡയിലും ആഷ്‌ലിയെ അറിയാത്ത മലയാളികളുമില്ല. ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ആഷ്‌ലി അവര്‍ക്കത്രയും പ്രിയപ്പെട്ടവനാണ്.

ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നിര്‍ദേശപ്രകാരം എഡ്മന്റനില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് സ്ഥാപിക്കുന്നത് ആഷ്‌ലിയുടെ സംഘടനാ നേതൃത്വത്തിലാണെന്നത് എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്. തുടര്‍ന്ന് പള്ളിയുടെ ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. ആ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന്റെ സംഘടനാ മികവിനുള്ള അംഗീകാരമായിരുന്നു.
എഡ്മന്റന്‍ കാത്തലിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആഷ്‌ലി നിരവധി അസോസിയേഷനുകളുടെയും ക്ലബുകളുടെയും സ്ഥാപകന്‍ കൂടിയാണ്. അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനങ്ങളെല്ലാം ഇന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ആഷ്‌ലി എന്ന സംഘാടകന്റെ ദീര്‍ഘവീഷണം വ്യക്തമാക്കുന്നു. മതേതര കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും വെളിച്ചം നെഞ്ചില്‍ കാക്കുന്ന ആഷ്‌ലി ഇവിടെയുള്ളത് യുവതലമുറയ്്ക്കും പ്രചോദനമാണ്. അദ്ദേഹം കൊളുത്തിയ വെളിച്ചമാണ് അവരെ കൈപിടിച്ചു നയിക്കുന്നത്.

സംഘടാ പ്രവര്‍ത്തനവും നേതൃഗുണവും ആഷ്‌ലി ജന്മനാട്ടില്‍നിന്നും ആര്‍ജിച്ചെടുത്തതാണ്. മനുഷ്യസ്‌നേഹവും നന്മയും സംഘടനാമികവില്‍ അലിഞ്ഞുചേര്‍ന്നു. അത് അദ്ദേഹത്തെ എന്നും ആവേശഭരിതനാക്കിയിരുന്നു.കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തുടങ്ങിയ സംഘടനാപാടവമാണ് പ്രവാസലോകത്തും സംഘടനകളുടെ തലപ്പത്ത് അദ്ദേഹത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്.

മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിന്നു ബോട്ടണിയില്‍ ബിരുദം നേടിയിട്ടുളള ആഷ്‌ലി പഠനകാലത്തുതന്നെ രാഷ്ടീയ, സാമൂഹ്യരംഗങ്ങളില്‍ സജീവമായിരുന്നു. ആ പ്രവര്‍ത്തനപരിചയമാണ് അമേരിക്കയിലും കാനഡയിലും സംഘാടകമികവിന്റെ പൂര്‍ണതയാകാന്‍ ആഷ്‌ലിക്ക് കഴിഞ്ഞത്.

പഠനശേഷം ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയാണ് ആഷ്‌ലി അമേരിക്കയിലെത്തിയത്. മൂവാറ്റുപുഴ കടവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന മാങ്ങഴ എം.ജി. ജോസഫിന്റെയും മേരിയുടെയും മകനാണ്. ജില്ലിമോളാണ് ഭാര്യ. മക്കള്‍: അഞ്ജലീന, ബ്രയേണ്‍, ഡേവിഡ്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ആഷ്‌ലിയുടെ മാധ്യമപ്രവര്‍ത്തന ജീവിതത്തിനും സംഘാടകത്വത്തിനും മിഴിവേകുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top