ജോസഫ് മാര്‍ത്തോമാ മഹാനായ ക്രാന്തദര്‍ശിയും, കാലജ്ഞനുമായിരുന്നുവെന്ന് ബിഷപ് സി.വി മാത്യു

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സഭയുടെ കാലം ചെയ്ത ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത മഹാനായ ക്രാന്തദര്‍ശിയും, അതത് സമയങ്ങളില്‍ സഭയുടെ പ്രതികരണം കാലജ്ഞാനത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്തിരുന്ന കാലജ്ഞാനിയുമായിരുന്നുവെന്ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് സി.വി. മാത്യു അഭിപ്രായപ്പെട്ടു.

ഒക്‌ടോബര്‍ 20-ന് ചൊവ്വാഴ്ച രാത്രി എട്ടിന് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജോസഫ് മാര്‍ത്തോമാ അനുസ്മരണ സമ്മേളനത്തില്‍ പ്രധാന അനുസ്മരണം നടത്തുകയായിരുന്നു ബിഷപ്പ്.

2014 മെയ് മാസം ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ച് ഉദ്ഘാടനംനിര്‍വഹിച്ച ഐ.പി.എല്‍ ഇന്ന് ആഗോളാടിസ്ഥാനത്തില്‍ സഭാ വ്യത്യാസമില്ലാതെ എല്ലാ ചൊവ്വാഴ്ചയും അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന അനുഗ്രഹ കൂട്ടായ്മയായി മാറിയതില്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്ന് ആമുഖ പ്രസംഗത്തില്‍ ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ പറഞ്ഞു.

മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗത്തിനായി എത്തിച്ചേരുന്ന സന്ദര്‍ശഭങ്ങളിലെല്ലാം തിരുമേനിയുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചിരുന്നതായി കണ്‍വന്‍ഷന്‍ പ്രാസംഗികനായ മാര്‍ട്ടിന്‍ അല്‍ഫോന്‍സ് പറഞ്ഞു.

സമൂഹത്തില്‍ നിന്നും പുറംതള്ളപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും തിരുമേനി പ്രത്യേകം താത്പര്യം എടുത്തിരുന്നതായി തിരുമേനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സജു പാപ്പച്ചന്‍ അനുസ്മരിച്ചു. സഭയിലെ സീനിയര്‍ പട്ടക്കാരനായ എം.പി. യോഹന്നാന്‍ അച്ചന്‍, മറിയാമ്മ ഏബ്രഹാം (ന്യൂയോര്‍ക്ക്), ദീര്‍ഘവര്‍ഷം തിരുമേനിയുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചിരുന്ന ഷാജി രാമപുരം, റവ.കെ.സി കുരുവിള, അലന്‍ ജി ജോണ്‍, എം.കെ. ഫിലിപ്പ്, റവ.ഡോ. ഇട്ടി മാത്യൂസ്, റവ. മനോജ് ഇടിക്കുള, ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യൂ, ഡോ. ജോര്‍ജ് വര്‍ഗീസ്, വത്സമ്മ മാത്യു, ജോസ് മാത്യു എന്നിവര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനുംശേഷം യോഗം സമാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment