Flash News

ഒരു കുളിര്‍ക്കാറ്റ്: ജാസ്മിന്‍ സമീറിന്റെ പ്രണയാക്ഷരങ്ങള്‍ക്ക് ഇഖ്ബാല്‍ കണ്ണൂര്‍ ഈണമിടുമ്പോള്‍

October 21, 2020 , ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ സമീറിന്റെ പ്രണയാക്ഷരങ്ങള്‍ക്ക് ഇഖ്ബാല്‍ കണ്ണൂര്‍ ഈണമിടുമ്പോള്‍ സഹൃദയ മനസുകള്‍ക്ക് സംഗീതത്തിന്റേയും ദൃശ്യാവിഷ്‌കാരത്തിന്റേയും വേറിട്ട അനുഭവമാണ് ലഭിക്കുന്നത്.

സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ജാസ്മിന്‍ തന്റെ പേര് അന്വര്‍ഥമാക്കുന്ന തരത്തില്‍ മുല്ലപ്പൂവിന്റെ പരിമളം വീശുന്ന രചനകളിലൂടെ സഹൃദയ മനസുകളില്‍ ഇടം കണ്ടെത്തിയതോടൊപ്പം പാട്ടെഴുത്തിലും വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയാണ് മുന്നേറുന്നത്.

ജാസ്മിന്റെ രചനയില്‍ പിറന്ന ഭക്തി ഗാന ആല്‍ബം ജന്നത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ആദ്യ ആല്‍ബമായ ഒരു കുളിര്‍ക്കാറ്റ് എന്ന ആല്‍ബമാണ് ഇപ്പോള്‍ സഹൃദയലോകം ഏറ്റെടുത്തിരിക്കുന്നത്. ആറ്റിക്കുറുക്കിയ വരികളില്‍ പ്രണയം നിറച്ച ജാസ്മിന്റെ വരികളെ തികഞ്ഞ വൈകാരിക നിറവിലാണ് ഇഖ്ബാല്‍ കണ്ണൂര്‍ അവതരിപ്പിക്കുന്നത്. ആവര്‍ത്തിച്ചാവര്‍ത്ത് കേള്‍ക്കേണ്ട വരികള്‍ മനസില്‍ പ്രേമത്തിന്റേയും അനുരാഗത്തിന്റേയും മഴ പെയ്യിക്കുന്നുവെന്നതാണ് ആല്‍ബത്തിന്റെ വിജയം.

എന്നോടുക്കുവാന്‍ വൈകിയതെന്തേ
ഒരു കുളിര്‍ക്കാറ്റായ് തഴുകിയതെന്തേ

രാപ്പാടി കിളിയായ് എന്നെ വിളിച്ചിട്ടും
രാസാത്തിപ്പെണ്ണായ് എന്‍ കനവില്‍ വന്നിട്ടും വൈകിയതെന്തേ
ആരോമലേ

പൊന്‍ നിലാവു തന്‍ ചേലുകാരീ
ഹൃദയത്തുടിപ്പില്‍ താളം നീയേ
ചിരിച്ചു പ്രസാദിച്ച നിന്‍ വദനം
വീണ്ടും എന്നിലേക്കടുപ്പിക്കുന്നു

നിന്‍ സൗന്ദര്യം നിത്യം നുകരുവാനായ്
എന്‍ നയനങ്ങള്‍ സദാ കൊതിപ്പൂ
എന്‍ ജന്‍മം സാഫല്യമണിയിച്ച നീ
എന്‍ കണ്ണിലെ അതിസുന്ദരി നീ

പ്രണയിനികളുടെ മനസിന്റെ സൗന്ദര്യവും ഉന്മാദവുമുമൊക്കെ അനുഭവവേദ്യമാകുന്ന വരികള്‍ പലരേയും കാല്‍പനികതയുടെ അതിരുകളില്ലാത്ത ലോകത്ത് ജീവിതത്തിന്റെ നിറമുള്ള ചില ഏടുകളിലൂടെ സഞ്ചരിപ്പിക്കുന്നതാണ്.

എന്നോട് അടുക്കുവാന്‍ വൈകിയതെന്തേ എന്ന മനോഹരമായ ഗാനം പ്രണയിനികളും കാമുകരും മാത്രമല്ല സഹൃദയലോകം മൊത്തം മൂളാന്‍ തുടങ്ങിയിരിക്കുന്നു. ഇഖ്ബാല്‍ കണ്ണൂര്‍ സംഗീതം നല്‍കി ആലപിച്ച നാവിന്‍തുമ്പില്‍ നിന്നും മായാതെ തത്തിക്കളിക്കും ഇമ്പമാര്‍ന്ന ഒരു പ്രണയ ഗാനമാണിത്. ഏത് പ്രായത്തിലായാലും പ്രണയം ഒരു നൊസ്റ്റാള്‍ജിയ തന്നെയാണ്. ജീവിതത്തിനു വസന്തം നല്‍കുന്ന അപൂര്‍വ സൗഭാഗ്യം. കാലഭേദമില്ലാതെ,പ്രായഭേദമില്ലാതെ മനുഷ്യ മനസ്സുകളെ തൊട്ടുണര്‍ത്തുന്ന മധുര വികാരം. അതിനാല്‍ ആല്‍ബത്തിലെ ഓരോ വരികളും സഹൃദയംലോകം ഏറ്റെടുത്തു കഴിഞ്ഞു. ആല്‍ബത്തിലുടനീളമുള്ള ജാസ്മിന്‍ സമീറിന്റെ സാന്നിധ്യവും ഇഖ്ബാല്‍ കണ്ണൂര്‍ പാടി അഭിനയിക്കുന്നതും കണ്ണിനും കാതിനും ഇമ്പമേകുന്ന സര്‍ഗസദ്യയൊരുക്കുന്നു.

കാല്‍നൂറ്റാണ്ടിലേറെ കാലമായി സംഗീത രംഗത്ത് സജീവമായ ഇഖ്ബാല്‍ ഒരു സകലകലാവല്ലഭനാണ് . മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഓര്‍ക്കസ്ട്ര ചെയ്ത അദ്ദേഹം നിരവധി പാട്ടുകള്‍ പാടുകയും അഭിനയിക്കുകയും സംഗീതം നിര്‍വഹിക്കുകയുമൊക്കെ ചെയ്താണ് സംഗീത സപര്യയില്‍ സജീവമായി നിലകൊള്ളുന്നത്. സൗണ്ട് എഞ്ചനീയര്‍ മുതല്‍ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ വരെ മനോഹരമായി ചെയ്യുന്ന ഇഖ്ബാല്‍ ഒരു നല്ല ഗായകനും അഭിനേതാവും കൂടിയാണെന്ന് ഈ ആല്‍ബം സാക്ഷ്യപ്പെടുത്തും.

പ്രണയാതുരമായ വരികളും, ആലാപനവും ആകര്‍ഷകമായ ചിത്രീകരണവും ആല്‍ബത്തെ സവിശേഷമാക്കുന്നു. സെഡ് മീഡിയയുടെ ബാനറില്‍ നൗഷാദ് കണ്ണൂര്‍ നിര്‍മിച്ച ആല്‍ബത്തിന്റെ ഷൂട്ട് ആന്റ് എഡിറ്റ് നിര്‍വഹിച്ചിരിക്കുന്നത് ഷാജി തമ്പാനാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top