Flash News

ഹാത്രാസ് കേസ്: സിദ്ദീഖ് കാപ്പന്റേയും മറ്റ് മൂന്ന് പേരുടെയും ജുഡീഷ്യൽ കസ്റ്റഡി മഥുര കോടതി നീട്ടി

October 21, 2020

മഥുര: ഹത്രാസിലേക്കുള്ള യാത്രാമധ്യേ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന്‍ സിദ്ധിഖ് കാപ്പന്റേയും മറ്റു മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡി മഥുര പ്രാദേശിക കോടതി നീട്ടി.

കൂട്ടബലാത്സംഗത്തിനിരയാകുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത ഹാത്രാസിലെ 19 കാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോവുകയായിരുന്നു ഇവർ.

കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യമുണ്ടെന്ന സംശയത്തെത്തുടർന്ന് ഒക്ടോബര്‍ ഏഴിന് സിആർ‌പി‌സി സെക്ഷൻ 151 പ്രകാരമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് രാജ്യദ്രോഹ, ഭീകരവിരുദ്ധ നിയമപ്രകാരം നാലുപേർക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു.

ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമാണ് സിദ്ധിഖിനേയും മറ്റ് മൂന്ന് പേരെയും വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരാക്കിയത്. മഥുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഞ്ജു രജ്പുത് നവംബർ 2 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി.

സിദ്ദിഖിനെ കാണാൻ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് (കെ‌യുഡബ്ല്യുജെ) സമർപ്പിച്ച ഹർജി സിജെഎം രജപുത് നേരത്തെ തള്ളിയിരുന്നു.

രാജ്യദ്രോഹ, ഭീകരവാദ കേസിൽ പോലീസ് ഇതുവരെ അന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്ന് സിദ്ദിഖിന്റേയും കൂട്ടാളികളായ അതിക്-ഉർ-റഹ്മാൻ, ആലം, മസൂദ് എന്നിവരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതായി അസിസ്റ്റന്റ് പ്രോസിക്യൂഷൻ ഓഫീസർ ബ്രജ്മോഹൻ സിംഗ് പറഞ്ഞു. മജിസ്‌ട്രേറ്റ് തടവ് നവംബർ 2 വരെ നീട്ടിയതായി അദ്ദേഹം പറഞ്ഞു.

സിആർ‌പി‌സി 107-ാം വകുപ്പ് പ്രകാരം സമൂഹത്തിൽ സമാധാനം നിലനിർത്തുന്നതിന് ഒരു ലക്ഷം രൂപ വീതം ബോണ്ട് നല്‍കാന്‍ മഥുര എസ്ഡിഎം തിങ്കളാഴ്ച ഉത്തരവിട്ടു.

ഒക്ടോബർ 5 ന് ഹാത്രാസിൽ ക്രൂരമായ ആക്രമണത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായ ദലിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് ഈ നാലുപേരെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പന്‍, മുസാഫർനഗറിലെ അതിക്-ഉർ റഹ്മാൻ, ബഹ്‌റൈച്ചിലെ മസൂദ് അഹമ്മദ്, രാംപൂരിലെ ആലം എന്നിവരാണ് അറസ്റ്റിലായവര്‍. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി‌എഫ്‌ഐ) ബന്ധപ്പെട്ട നാല് സംഘടനകളെയും മഥുരയിലെ അനുബന്ധ സംഘടനകളിലും ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പോലീസ് പറഞ്ഞു.

അറസ്റ്റിലായി ഏതാനും മണിക്കൂറുകൾക്ക് ശേഷം കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തക സംഘടന സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ നിന്നുള്ള മുതിർന്ന പത്രപ്രവർത്തകനാണെന്ന് അറിയിച്ചു.

അറസ്റ്റിലായ ആളുകളിൽ നിന്ന് അവരുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ചില പ്രസിദ്ധീകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സമാധാനത്തെയും ക്രമസമാധാനത്തെയും ബാധിച്ചേക്കാം എന്ന് പോലീസ് പറയുന്നു.

ഈ വർഷം ആദ്യം രാജ്യത്തൊട്ടാകെയുള്ള പുതുക്കിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് ധനസഹായം നൽകിയെന്ന് പി‌എഫ്‌ഐയുടെ മേല്‍ ആരോപണമുണ്ട്. ഉത്തർപ്രദേശ് പോലീസ് ഈ സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഐപിസിയുടെ 124 എ (രാജ്യദ്രോഹം), 153 എ (രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള മതപരമായ കാരണങ്ങളാൽ ശത്രുത വർദ്ധിപ്പിക്കുക), 295 എ (മതവികാരം വ്രണപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ നാലുപേർക്കെതിരെ കേസെടുത്തിരിക്കുന്നത്. യു‌എ‌പി‌എ നിയമത്തിലെ സെക്ഷനുകളും ഈ നാലുപേർക്കും ചുമത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top