Flash News

മാധ്യമ സ്വാതന്ത്ര്യം – സൈബര്‍ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ച

October 22, 2020 , ജിന്‍സ്‌മോന്‍ സക്കറിയ

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു മാധ്യമ സ്വാതന്ത്ര്യത്തെയും സൈബര്‍ സെക്യൂരിറ്റിയെയും കുറച്ചു നടന്ന സെമിനാറുകള്‍ ശ്രദ്ധേയമായി. അമേരിക്കയിലേയും ഇന്ത്യയിലേയും മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ദി ഹിന്ദു പത്രത്തിന്റെ മുന്‍ എഡിറ്ററും ദ വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ഥ വരദരാജ് സംസാരിച്ചു.

പത്ര സ്വാതന്ത്ര്യമിപ്പോള്‍ പേപ്പറില്‍ മാത്രം ഒതുങ്ങിയ ഒന്നാണെന്നു അദ്ദേഹം പറഞ്ഞു. പല മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കരിന്റെയും സാമ്പത്തിക സമ്മര്‍ദ്ദത്തിന് വിധേയരായി പ്രവര്‍ത്തിക്കുകയാണ്. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ ഇവരെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ചെങ്കിലും പത്രസ്വാതന്ത്ര്യം ഉള്ളത് അമേരിക്കയിലാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ടീയ പരിസ്ഥിതിയില്‍ വാര്‍ത്തകള്‍ പലതും വളച്ചൊടിച്ചതും രാഷ്ട്രീയ താല്‍പ്പര്യമുള്ളതുമാണെന്നും സിദ്ധാര്‍ഥ വരദരാജ് പറഞ്ഞു. ആസാദ് ജയന്‍ മോഡറേറ്ററായിരുന്നു. നീതു തോമസ് ആയിരുന്നു എംസി.

തുടര്‍ന്നു സൈബര്‍ സെക്യൂരിറ്റിയെക്കുറിച്ചു നടന്ന സെമിനാര്‍ ഏറെ വിജ്ഞാന പ്രദമായിരുന്നു. സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധരായ ജോസഫ് പൊന്നോളിയും ബിനോഷ് ബ്രൂസുമാണ് സെമിനാര്‍ നയിച്ചത്. രാജ്യങ്ങള്‍ തന്നെ സൈബര്‍ സെക്യൂരിറ്റി ഹനിക്കുന്നതായി ജോസഫ് പൊന്നോളി പറഞ്ഞു. സൈബര്‍ ക്രിമിനലുകളും വന്‍കിട കോര്‍പറേറ്റുകളും സൈബര്‍ സെക്യൂരിറ്റി ഹനിക്കുന്നുണ്ട്. സൈബര്‍ ക്രൈമുകള്‍ ലോകവ്യാപകമായി വര്‍ധിച്ചുവരികയാണ്. സോഷ്യല്‍ മീഡിയ സൈബര്‍ ക്രൈമിന്റെ വിളനിലമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സൈബര്‍ ഇടത്തില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒഎല്‍എക്‌സ് പോലുള്ള സൈറ്റുകളില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബിനോഷ് ബ്രൂസ് പറഞ്ഞു. വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും സോഷ്യല്‍ മീഡിയയില്‍ നല്‍കണമെന്നില്ല. വ്യക്തികള്‍ വീടു വിട്ടുപോകുമ്പോള്‍ അക്കാര്യങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുത്. കൂടാതെ സ്ത്രീകള്‍ അവരുടെ ചിത്രങ്ങള്‍ സെൽഫികളായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി വൈസ് ചെയര്‍മാന്‍ ഡോ. മാത്യു ജോയിസ് മോഡറേറ്ററായിരുന്നു . കല്യാണി നായരായിരുന്നു എംസി.

തുടര്‍ന്നുനടന്ന കള്‍ച്ചറല്‍ പ്രോഗ്രാം വന്ദേമാതരം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. നാട്ടില്‍നിന്നുള്ള പ്രമുഖ ഗായകരടങ്ങിയ സംഘം നയിച്ച പ്രോഗ്രാം ഐഎപിസിയുടെ ഫേസ്ബുക്ക് പേജിലുള്‍പ്പടെ ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. പ്രമുഖ പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഫ്സല്‍, അഭിജിത്ത്, സൗരവ്, പ്രിയ ജെര്‍സണ്‍ എന്നിവരാണ് പ്രോഗ്രാമിന് നേതൃത്വം നല്‍കിയത്. അമേരിക്കയിലെ പ്രമുഖ ഇവന്റ് ഗ്രൂപ്പായ ഹെഡ്ജ് ഇവന്റ്സ് ആണ് പരിപാടി നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top