Flash News

കെ എം മാണിക്ക് സിപി‌എം വെച്ച കെണിയില്‍ കേരളാ കോണ്‍ഗ്രസ് കുടുങ്ങിയെന്ന് മരുമകന്‍ എം പി ജോസഫ്

October 22, 2020

കോട്ടയം: കേരളാ കോണ്‍ഗ്രസ്സിനെ സിപി‌എമ്മിന്റെ തൊഴുത്തില്‍ കൊണ്ടു കെട്ടിയെന്ന ആരോപണവുമായി കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് രംഗത്ത്. ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമായതില്‍ കടുത്ത വിമര്‍ശനവുമായാണ് കെ എം മാണിയുടെ മകളുടെ ഭര്‍ത്താവ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനാന ജോസഫ് രംഗത്തു വന്നിരിക്കുന്നത്.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനവും നിലപാടുകളും പലരുടെയും ഹൃദയം നോവിക്കുന്നുണ്ടെന്ന് എം.പി. ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. “മാണി സാറിനെ കുടുക്കാന്‍ വച്ച സിപിഎമ്മിന്റെ കെണിയില്‍ കേരളാ കോണ്‍ഗ്രസ് കുടുങ്ങിയിരിക്കുകയാണ്. മാണി സാറിനെ അഴിമതിക്കാരനെന്ന് അധിക്ഷേപിച്ചവരാണവര്‍. അവര്‍ക്ക് മുന്നില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വണങ്ങേണ്ടി വന്നതില്‍ ദു:ഖമുണ്ട്,” എം.പി. ജോസഫ് കുറിച്ചു..

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരളത്തിലെ മത നിരപേക്ഷ ജനാതിപത്യ ചേരിയെ ശക്തിപ്പെടുത്താന്‍ ഞാന്‍ ഉണ്ടാകും. മാണി സാറിന് പാലാ ഹൃദയവികാരമായിരുന്നു. ആ ചങ്കിടിപ്പ് ഞാന്‍ കണ്ടറിഞ്ഞിട്ടുമുണ്ട്. വെറും വാക്കാല്‍ പറഞ്ഞാല്‍ ആ വികാരം ഉണ്ടാകില്ല. മാണി സാറിന് പകരം മാണി സാര്‍ മാത്രമാണ്. മാണി സാറല്ലാതെ മറ്റാര്‍ക്കും പാലായുടെ ഹൃദയത്തില്‍ തൊടാനാവില്ല.
പക്ഷെ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനവും നിലപാടുകളും പലരുടെയും ഹൃദയം നോവിക്കുന്നുണ്ട്. ശ്രീ. കെ. എം മാണിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കാനാവില്ല. കാരണം കമ്യൂണിസത്തിനെതിരെയായിരുന്നു മാണിയുടെ രാഷ്ട്രീയ പോരാട്ടം. പല വാഗ്ദാനങ്ങളുമായി കമ്യൂണിസ്റ്റുകാര്‍ പുറകെ വന്നപ്പോഴും നിലപാടില്‍ ഉറച്ചുനിന്ന നേതാവാണ് അദ്ദേഹം.

മാണി സാറിനെ കുടുക്കാന്‍ വച്ച സിപിഎമ്മിന്റെ കെണിയില്‍ കേരളാ കോണ്‍ഗ്രസ് കുടുങ്ങിയിരിക്കുകയാണ്. മാണി സാറിനെ അഴിമതിക്കാരനെന്ന് അധിക്ഷേപിച്ചവരാണവര്‍. അവര്‍ക്ക് മുന്നില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വണങ്ങേണ്ടി വന്നതില്‍ ദു:ഖമുണ്ട്.

മാണിസാറിനെ രാഷ്ട്രീയ പൈതൃകം എപ്പോഴും ജനാധിപത്യത്തിനും ജനങ്ങള്‍ക്കുമൊപ്പമായിരുന്നു. അദ്ദേഹം സന്തോഷിക്കണമെങ്കില്‍ യു.ഡി.എഫ് പാലാ സീറ്റ് തിരിച്ചുപിടിക്കണം.

അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം സംരക്ഷിക്കാന്‍ ഐക്യജനാധിപത്യ മുന്നണിക്കൊപ്പം ഇത്തവണ രംഗത്തുണ്ടാകും ഞാന്‍. ഐ.എ.എസിനും, ഐക്യ രാഷ്ട്ര സഭക്കും ശേഷം മാണിസാറിന്റെ ആശീര്‍വാദത്തോടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചത്. മാണി സാറിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണ കൊടിക്ക് കീഴെ നില്‍ക്കാന്‍ തീരുമാനമെടുത്തത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും സ്വീകരിക്കും.
മാണി സാറിന്റെ ആത്മാവ് ഉറങ്ങുന്ന പാലായില്‍ ഇത്തവണ യുഡിഎഫ് വരണം. അതുകൊണ്ട് അവിടെ മത്സരിക്കുന്ന യുഡിഫ് സ്ഥാനാര്‍ഥി ആരായാലും പിന്താങ്ങാന്‍ നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും.

കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സീറ്റിലാണെങ്കിലും ഞാന്‍ മല്‍സരിക്കും. ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ കൊടിക്ക് കീഴെ നില്കും. കാരണം ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാകൂ.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ എത്തണം. ഈ സമയം യുഡിഎഫിനെ തളളിപ്പറഞ്ഞ് പുറത്തു പോകുന്നത് രാഷ്ട്രീയ മര്യാദയുള്ളവര്‍ക്ക് ചേര്‍ന്നതല്ല. രാഷ്ട്രത്തിനും മാറിപ്പോകുന്ന പാര്‍ട്ടിക്കും ആപത്താകും………….
എം. പി. ജോസഫ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top