ഓര്‍മ്മയിലൊരു കഥയച്ചാച്ചന്‍

ഒക്ടോബര്‍ 24 – എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം.

ശൂരനാട് രവിയെന്ന ഞങ്ങളുടെ അച്ചാച്ചന്‍റെ (ഞങ്ങള്‍ മക്കള്‍ മൂന്നുപേരും അച്ഛനെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന പേരാണ്) രണ്ടാം ചരമ വാര്‍ഷികം. മരണം തട്ടിയെടുത്തു എന്ന് വിശ്വസിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വളരെ ലളിതമായ ജീവിത രീതികള്‍ അനുഷ്ഠിച്ച അച്ചാച്ചന്‍ എപ്പോഴും പുസ്തകങ്ങളുടേയും എഴുത്തിന്‍റെയും ലോകത്തിലായിരുന്നു.

കുട്ടികളുടെ കഥയമ്മാവനായ അച്ചാച്ചന് ബാലസാഹിത്യത്തോടൊപ്പം ഓടക്കുഴല്‍, നാടന്‍ പാട്ട്, തമിഴ് സാഹിത്യം എന്നിവയിലും കഴിവ് തെളിയിക്കാന്‍ കഴിഞ്ഞു. അദ്ധ്യാപനത്തോടൊപ്പം സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ബാലസാഹിത്യകാരനായി അറിയപ്പെട്ട അച്ചാച്ചന്‍ ഒരുപാടു പുസ്തകങ്ങളും കവിതകളും നമ്മുടെ മലയാള ഭാഷക്ക് സംഭാവന നല്‍കി.

1989-ൽ ബാലസാഹിത്യത്തിനുളള എൻ.സി.ഇ.ആർ.ടി.നാഷണൽ അവാർഡ്‌ ‘അരിയുണ്ട’ എന്ന കൃതിക്ക്‌ ലഭിച്ചു. 2018-ൽ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചു. ബുദ്ധന്‍റെ കഥകളും ഗാന്ധിജിയുടെ പ്രഭാഷണങ്ങളും അച്ചാച്ചനെ ഒരുപാടു സ്വാധീനിച്ചിരുന്നു. അങ്ങനെ വിവര്‍ത്തനം ചെയ്തതാണ് ‘ശ്രീബുദ്ധൻ ഏഷ്യയുടെ വെളിച്ചവും ഗാന്ധിജിയുടെ അന്തിമ പ്രഭാഷണങ്ങളും.’

നാടന്‍ കലാപരിഷത്തിന്‍റെ തലപ്പത്തിരുന്ന അച്ചാച്ചന്‍ നാടന്‍ കലകള്‍ക്കു വേണ്ടി എന്തെങ്കിലും സംഭാവന നല്‍കിയാലോ എന്ന ഒരു ആലോചനയുണ്ടായി. അന്ന് കടമ്മനിട്ട വാസുദേവന്‍ സാറിന്‍റെ പടയണിയില്‍ പ്രചോദനം കൊണ്ട് അച്ചാച്ചനും സാറും ചേര്‍ന്ന് പത്തു മുപ്പതു കൊല്ലം മുന്‍പ് രൂപപ്പെടുത്തിയ ഒരു നാടന്‍ കലാരൂപമാണ് അമ്മന്‍ കോലം.

ക്ഷേത്രകലയായി രൂപം കൊണ്ട ഈ കലാരൂപത്തില്‍ അനവധി കലാകാരന്‍മാര്‍ പങ്കെടുത്തിരുന്നു. അമ്മന്‍കോലത്തിലെ നാടന്‍ പാട്ടുകളെല്ലാം അച്ഛാച്ചനും ഡി. വിനയചന്ദ്രന്‍ സാറും ചേര്‍ന്ന്എഴുതി. ചെണ്ട, മദ്ദളം, കൈമണി തുടങ്ങിയ വാദ്യങ്ങളും അതിലുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അമ്മന്‍കോലത്തിന്‍റെ തുടക്കത്തില്‍ പാട്ടുകളും കഥകളും പറഞ്ഞു നാട്ടുകൂട്ടത്തെ രസിപ്പിക്കാനായി പാണന്‍ വരുന്നു. ഒറ്റമുണ്ടും തൊപ്പിയും വെച്ച് ഉടുക്കും കൊട്ടി ഒരു തമാശക്കാരന്‍റെ രൂപത്തിലാണ് പാണന്‍ പ്രത്യക്ഷപ്പെടുന്നത്.

”അല്ലയോ പ്രിയപ്പെട്ട എന്‍റെ മാളോരേ ഞാന്‍ നിങ്ങള്‍ടെ പാണന്‍ എത്തിയിട്ടുണ്ടേ. കാടായ കാടും നാടായ നാടും മേടും എല്ലാം കടന്നാണെ വന്നിട്ടുള്ളത്. ഞാന്‍ കണ്ട കഥകളും പാട്ടുകളും പാടി നിങ്ങളെ രസിപ്പിക്കാം.”

“ആരുടെ കഥയാണ് മോന് വേണ്ടത്?” പാണന്‍ മുന്നിലിരുന്ന ഒരു കൊച്ചു കുട്ടിയോട് ചോദിച്ചു. കുസൃതിക്കുരുന്നായ ആ കുഞ്ഞു പറഞ്ഞു..

“എനിക്ക് അമ്മേടെ കഥ പറഞ്ഞു തരാമോ?”

നിഷ്കളങ്കനായ ആ ബാലന്‍റെ ആഗ്രഹം പോലെ പാണന്‍ ഒരു അമ്മേടെ കഥ പറയാന്‍ തുടങ്ങി. ആ കലാരൂപമാണ് അമ്മന്‍കോലം.

പടയണിയും തെയ്യവുമായി ഒട്ടേറെ സമാനതകള്‍ ഉണ്ടെങ്കിലും അമ്മന്‍കോലത്തിനു അതിന്‍റെതായ പ്രത്യേകതകളുണ്ട്. വേദിയിലേക്ക് വന്ന ദേവി, സ്വന്തം താളത്തില്‍ ഓരോ ചുവടുകള്‍ വെച്ച് ഉറഞ്ഞു തുള്ളുകയാണ്. പാണന് ഭയമായി. പാണന്‍റെ ശ്രമങ്ങളെല്ലാം പാഴായി. അവസാനം ദേവി അവിടെ കണ്ട ഒരു വലിയ പീഠത്തില്‍ കയറി ഇരുന്നു. പാണന്‍ എത്ര ശ്രമിച്ചിട്ടും ദേവിയെ അവിടുന്ന് എഴുന്നേല്‍പ്പിക്കാനോ ശാന്തയാക്കാനോ കഴിഞ്ഞില്ല. പാണന്‍ ദേവിയെ പ്രസാദിപ്പിക്കാന്‍ വേണ്ടി ഉടയവര്‍ കോലം, കുതിരക്കാരന്‍, കാലന്‍കോലം , യക്ഷികോലം, പരുന്ത്, കരിയാത്തന്‍ പുള്ള്, ഏരിയാത്തന്‍ പുള്ള്, മറുതാ കോലം തുടങ്ങിയ പ്രധാന കോലങ്ങളെ കൊണ്ടുവരുന്നു. ദേവിയായ അമ്മക്ക് ആരെ കണ്ടിട്ടും ഒരുസന്തോഷവും ഉണ്ടായില്ല.

പാണന്‍ തളര്‍ന്നവശനായി, ആള്‍ക്കൂട്ടത്തിലിരുന്ന ഒരു അമ്മയോട് ചോദിച്ചു.

“അമ്മക്ക് ആരെയാണ് ഏറ്റവും ഇഷ്ടം?”

“എന്‍റെ ഉണ്ണിയെയാണ്, വേറെയൊന്നും ഉണ്ണിക്ക് പകരം ആവില്ല“

പാണന് സന്തോഷമായി

“എല്ലാര്‍ക്കും പ്രിയപ്പെട്ട കുഞ്ഞു ഒരുണ്ണിക്കണ്ണനെ കൊണ്ട് വരാം”

അങ്ങനെ കുരുത്തോലപ്പട്ടും മഞ്ചാടി മാലയുമണിഞ്ഞു കുഞ്ഞുണ്ണി വന്നു. (ആ ഉണ്ണിയായി അഭിനയിക്കാന്‍ അന്ന് എനിക്കും ഭാഗ്യമുണ്ടായി!).

ഉണ്ണിയെ കണ്ട ദേവി ആഹ്ളാദഭരിതയായി എഴുന്നേറ്റ് ഉണ്ണിയെ മടിയില്‍ വെച്ച് നാവില്‍ ഓംകാരം എഴുതുന്നു. സന്തോഷാധിക്യത്താല്‍ എല്ലാ കോലങ്ങളും ഓടിവന്ന് അമ്മയ്ക്കും ഉണ്ണിക്കും ഇടയില്‍ നിന്ന് താളം ചവുട്ടി വേദി വിടുന്നതോടെ അമ്മന്‍ കോലം അവസാനിക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം അമ്മന്‍ കോലം അവതരിപ്പിക്കാനും സാധിച്ചു.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു എല്ലാവരും പല സ്ഥലങ്ങളിലായി. അമ്മന്‍ കോലം കൊച്ചു കുട്ടികളുടെ ഒരു സംഘടനക്ക് കൈമാറി. അച്ചാച്ചന്‍ എഴുത്തിന്‍റെ തിരക്കിലും. പിന്നീടു വാദ്യകലകള്‍ പഠിപ്പിക്കാനായി ഗുരുപാദം എന്ന കലാകേന്ദ്രത്തിന്‍റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. മൂന്നാല് വര്‍ഷം മുന്‍പ് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും എഴുത്തില്‍ തന്നെ കൂടുതല്‍ സമയം ചിലവഴിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മാനസികോല്ലാസത്തിനും വേണ്ടി ആ സമയത്ത് രചിച്ച കഥകളുടെ ഒരു സമാഹാരമാണ് മനോവികാസ കഥകള്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഒക്ടോബര്‍ 24-ന് വേദനകളില്ലാത്ത ലോകത്തിലേക്ക് അച്ചാച്ചന്‍ യാത്രയായി.

അത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിച്ചു അച്ചാച്ചന്‍ തിരിച്ചുവരണേ എന്ന് പ്രാര്‍ത്ഥിച്ചു. മരണം ഒരു സത്യമാണ് ഒരിക്കലും ഒന്നിനേയും തിരിച്ചുകൊണ്ടു വരാനാകാത്ത പരമമായ ഒരുസത്യം. രാമേശ്വരം പോകാന്‍ അച്ചാച്ചന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ചിതാഭസ്മം രാമേശ്വരം കടലിന്‍റെ ആഴങ്ങളില്‍ നിമജ്ജനം ചെയ്തു കഴിഞ്ഞപ്പോള്‍ മനസിന്‌ വല്ലാത്ത ഭാരം. എന്നെങ്കിലും നാട്ടില്‍ പോകാന്‍ പറ്റുമ്പോള്‍ രാമേശ്വരം പോകണം, ആ തിരമാലകള്‍ക്ക് പറയാന്‍ അച്ചാച്ചന്‍റെ ഒരുപാട് കഥകളും പാട്ടുകളും ഉണ്ടാകും.

ഞങ്ങളുടേയും അമ്മയുടേയും മുന്നില്‍ എപ്പോഴും ചിരിക്കുന്ന, എവിടേയും നര്‍മ്മ രസം കാണുന്ന കഥകള്‍ പറഞ്ഞു തരുന്ന അച്ചാച്ചന്‍ ഇപ്പോഴും ജീവിക്കുന്നു. കുട്ടികളുടെയെല്ലാം കഥയമ്മാവനായും ബാലസാഹിത്യകാരനായും അറിയപ്പെട്ട ഞങ്ങളുടെ കഥയച്ചാച്ചനു മുന്നില്‍ ഒരു കോടി പ്രണാമം.

ശ്രീലക്ഷ്മി രാജേഷ്‌, ഒകെമോസ്, മിച്ചിഗണ്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

2 Thoughts to “ഓര്‍മ്മയിലൊരു കഥയച്ചാച്ചന്‍”

  1. Sreelekha

    Beautifully written!

  2. Raji. S. S

    Well written… Great job

Leave a Comment