കൊറോണ വൈറസ് ബാധിച്ച രോഗികളോടുള്ള ക്രൂരത തുടരുന്നു, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൃദ്ധയെ കട്ടിലില്‍ കെട്ടിയിട്ടു

തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോടുള്ള ക്രൂരത സംസ്ഥാനത്ത് ഒരു തുടര്‍ക്കഥയാകുകയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ നേരിടുന്ന സമാന സംഭവമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലും നടന്നത്. എഴുപതുകാരിയായ കുഞ്ഞുബീവി എന്ന വൃദ്ധയ്ക്കാണ് ജീവനക്കാരുടെ ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്. കോവിഡ് ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞുബീവിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ നേരിടുന്ന ദുരന്തങ്ങളുടെ കെട്ടുകള്‍ ഓരോ ദിവസം പുറത്തുവരുന്നതിനിടയിലാണ് മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അവഗണനയുടെ കഥകള്‍ പുറത്ത് വരുന്നത്. വാര്‍ത്തകള്‍ പുറത്തു വന്നിട്ടും മെഡിക്കല്‍ കോളജുകളിലെ ജീവനക്കാരുടെ പെരുമാറ്റങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. രോഗികളോട് തികഞ്ഞ ധാര്‍ഷ്ഠ്യത്തോടെയാണ് പെരുമാറുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനില്‍ കുമാര്‍ എന്ന രോഗിയെ കെട്ടിയിട്ട സംഭവം പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ട സംഭവം പുറത്ത് വരുന്നത്.

സമൂഹ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ വലിയ ക്രൂരത നേരിട്ടത്. രോഗം മൂര്‍ച്ഛിച്ചിട്ടും ജീവനക്കാര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല. അബോധാവസ്ഥയിലായ ഇവര്‍ കെട്ടിയിട്ട നിലയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ് തലയ്ക്ക് പരുക്കേറ്റു. തലയ്ക്ക് ഏഴ് തുന്നലിട്ടിട്ടുണ്ട്. പല്ല് ഇളകിയതായും കണ്ണിനടിയിലും മുഖത്ത് പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കള്‍ പറയുന്നു.

ഇതേ വാര്‍ഡില്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ കെട്ടിയിട്ട നിലയില്‍ താഴെ വീണ് കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്. കുഞ്ഞു ബീവിയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മകന്‍ വിദേശത്താണ്. കുഞ്ഞു ബീവിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്കും തൃശൂര്‍ ഡി.എം.ഒക്കും ബന്ധുക്കള്‍ പരാതി നല്‍കി. കൊവിഡ് രോഗിയായ കുഞ്ഞുബീവിയെ കഴിഞ്ഞ 18 ന് കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 20 ന് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മരുമകള്‍ പരിചരിക്കാനായി കൂടെ നില്‍ക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചിരുന്നില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News