Flash News

യുക്മയുടെ 11-ാമത് ദേശീയ കലാമേള ‘എസ് പി ബി നഗർ’ വിർച്വൽ പ്ലാറ്റ്‌ഫോമിൽ

October 23, 2020 , സജീഷ് ടോം

ലണ്ടൻ: കോവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ ഇന്ത്യൻ സംഗീതത്തിന്‍റെ ആത്മാവിലേറ്റ പ്രഹരമായിരുന്നു എസ് പി ബാലസുബ്ഹ്മണ്യത്തിന്‍റെ വിയോഗം. അദ്ദേഹത്തോടുള്ള ഓരോ ഇന്ത്യക്കാരന്‍റേയും ആദരവ് അർപ്പിച്ചുകൊണ്ട് പതിനൊന്നാമത് യുക്മ ദേശീയ കലാമേള “എസ് പി ബി നഗർ” എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും.

മുൻ വർഷങ്ങളിലേതുപോലെതന്നെ യുകെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തിരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയിൽ നിർദ്ദേശിച്ചതെന്നത് 2020 കലാമേളയുടെ മാത്രം സവിശേഷതയായി.

പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോർക് ഷെയർ & ഹംമ്പർ റീജണിലെ, കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുമുള്ള ഫെർണാണ്ടസ് വർഗീസ് ആണ്. ജിജി വിക്ടർ, ടെസ സൂസൻ ജോൺ, സോണിയ ലുബി എന്നിവർ പ്രോൽസാഹന സമ്മാനത്തിനും അർഹരായി. ദേശീയ കലാമേളയോടനുബന്ധിച്ച് വിജയിക്ക് പുരസ്കാരം നൽകി ആദരിക്കും.

ഭാരതീയ സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂർത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ എൻ വി കുറുപ്പും, മലയാളത്തിന്‍റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയും വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും തെന്നിന്ത്യൻ അഭിനയ വിസ്മയം ശ്രീദേവിയും എല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

ലോഗോ രൂപകൽപ്പന വിജയി

കലാമേള ലോഗോ മത്സരവും അത്യന്തം വാശിയേറിയതായിരുന്നു ഈ വർഷവും. യു കെ മലയാളികൾക്കിടയിൽ നടത്തിയ കലാമേള ലോഗോ മത്സരത്തിൽ ഈസ്റ്റ്ബോണിൽ നിന്നുമുള്ള സജി സ്കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ (സീമ) ഈസ്റ്റ് ബോണിന്‍റെ പിആർഒ കൂടിയാണ് സജി സ്കറിയ. ദേശീയ കലാമേളയോടനുബന്ധിച്ച് വിജയിക്ക് പുരസ്ക്കാരം നൽകി ആദരിക്കും.

കോവിഡ് വ്യാപനത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ, യുക്മയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്, ദേശീയ കലാമേള വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടത്തുന്നത്. തികച്ചും വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം യുക്മ ഏറ്റെടുക്കുമ്പോൾ എല്ലാവിധ സഹായ സഹകരണങ്ങളും നൽകി പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയിപ്പിക്കണമെന്ന് റീജണൽ ഭാരവാഹികളോടും അംഗ അസോസിയേഷൻ ഭാരവാഹികളോടും പ്രവർത്തകരോടും, ഒപ്പം എല്ലാ യു കെ മലയാളികളോടും യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേളയുടെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷ ലിറ്റി ജിജോ, ജോയിന്‍റ് സെക്രട്ടറി സാജൻ സത്യൻ എന്നിവർ അഭ്യർഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top