ട്രംപിന്റെ പരിഹാസം – കുലുക്കമില്ലാത്ത ഇന്ത്യൻ ഭരണാധികാരികൾ

അല്പം നീരസത്തോടെ ആണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ശ്രവിച്ചത്. ഇന്ത്യയിലെ വായു മലിനീകരണത്തിനെ പറ്റി പരസ്യമായി ഇങ്ങനെ ഒക്കെ പ്രസ്താവിക്കാമോ? എങ്കിൽ പിന്നെ ഒരു ഫാക്ട് ചെക്ക് നടത്തി കളയാം.

അപ്പോൾ ഗൂഗിളും അതുതന്നെ പറയുന്നു. ഏറ്റവും 10 മലീമസമായ നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിൽ തന്നെ. കാൺപൂർ, ഫരീദാബാദ്, വാരണാസി, ഗയ, പാറ്റ്ന, ഡൽഹി, ലക്നൗ, ആഗ്ര, മുസാഫർപൂർ ഇവയാണ് ആ ഒമ്പത് നഗരങ്ങൾ.

സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയാമോ?

ഈ ആദ്യ പത്തിൽ ഒരു ചൈനീസ് നഗരം പോലും ഇല്ല എന്നത് വീണ്ടുമെന്നിൽ ആശ്ചര്യം വരുത്തി. നമ്മുടെ പ്രതീക്ഷയ്ക്കും സങ്കല്പങ്ങൾക്കും അപ്പുറം ആണ് പല സത്യങ്ങളും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ ചങ്ങാതിയായ ഡൊണാൾഡ് ട്രംപ് ആണ് ഇങ്ങനെ പറഞ്ഞത്. അതും 100 മില്യണിൽ അധികം ആളുകൾ കണ്ട ഡിബേറ്റിൽ വച്ച്. പാരീസ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കരാറും ഡിബേറ്റിൽ വിഷയം ആയപ്പോഴാണ് ഇന്ത്യയെ കുറിച്ച് ട്രംപിന്റെ അപ്രതീക്ഷിതമായ പരാമർശം. ഇത്രയൊക്കെ പറഞ്ഞിട്ടും ഇന്ത്യയിലെ ഭരണാധികാരികൾക്ക് ഒരു കുലുക്കവും ഇതുവരെ ഉണ്ടായില്ല.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അറുപതോളം വർഷം തുടർമാനമായി ഭരിച്ച കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന സംഘപരിവാർ ബിജെപിയും ഇതൊക്കെ കേട്ടിട്ടും ഒരു നാണവുമില്ലാതെ ഇളിച്ചുകൊണ്ട് വീണ്ടും വോട്ട് അഭ്യർത്ഥിക്കാൻ വരും. ബ്രിട്ടീഷുകാർ കൊള്ളയടിച്ച് ബാക്കിയുണ്ടായിരുന്ന പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി നക്കി തുടക്കുന്ന ഇന്ത്യൻ രാഷ്ട്രീയ മേലാളന്മാർ കുടുംബ മഹിമയുടെ മഹാത്മ്യം വർണിച്ചു കൊണ്ടും വർഗീയതയുടെ ചോരക്കറയിൽ വീരസ്യം പുലമ്പി കൊണ്ടും വീണ്ടും വീണ്ടും നമ്മുടെ വോട്ടിനായി വീട്ടുമുറ്റത്തെത്തും.

ഇക്കഴിഞ്ഞ 73 വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഇന്ത്യയിലെ ഒരു നേതാവു പോലും ഇന്ത്യയെ മാലിന്യമുക്തമാക്കാം എന്ന് ഒരു വാഗ്ദാനം പോലും തന്നിട്ടുള്ളതായി അറിവില്ല. ഫാക്ടറി മാലിന്യങ്ങൾ പുഴകളിലേക്കും നദികളിലേക്കും തള്ളി മനോഹരമായ ഗ്രാമങ്ങളെ വിഷ മയം ആകുമ്പോൾ അതിനെതിരെ പ്രതികരിക്കാതെ ഇരിക്കുന്ന പ്രാദേശിക നേതാക്കന്മാർക്ക് കൈ നിറയെ പ്രതിഫലവും ദുബായിൽ ഫ്ലാറ്റും ലഭിക്കുന്നു. പാവം ഗ്രാമവാസികൾ എന്ത് ചെയ്യാം?

ട്രംപിൻറെ പരസ്യമായ ആക്ഷേപം ഭാരതത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനും സഹിക്കാവുന്നതല്ല (സത്യം അതാണെങ്കിലും). നപുംസകങ്ങൾ ആയ നേതാക്കന്മാരെ നിങ്ങൾ ഇനിയെങ്കിലും ഒന്ന് മാറി ചിന്തിക്കൂ. വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ ഭാരതത്തെ സുന്ദരമാക്കി മാറ്റിയാൽ ആഗോള ടൂറിസം ഭൂപടത്തിൽ ഇന്ത്യ ആയിരിക്കും ഒന്നാം സ്ഥാനം എന്നതിന് യാതൊരു തർക്കവുമില്ല. അത്രമേൽ സുന്ദരമാണ് നമ്മുടെ രാജ്യം. മഞ്ഞുമലകളും മരുഭൂമിയും ഉഷ്ണമേഖലയും മഴക്കാടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും അങ്ങനെ ലോകത്ത് ഒരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വൈവിധ്യങ്ങളാണ് ഇന്ത്യക്ക് സ്വന്തമായുള്ളത്. കൂട്ടുകാരൻ ട്രംപിൻറെ പരിഹാസം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ സാധിക്കുമോ? കാത്തിരുന്നു കാണാം.

അജു വാരിക്കാട്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment