Flash News

കേരളാ റൈറ്റേഴ്സ് ഫോറം, ഹ്യൂസ്റ്റന്‍ പ്രതിമാസ മീറ്റിംഗില്‍ മഹാകവി അക്കിത്തം അശ്രുപൂജ

October 25, 2020 , എ.സി. ജോര്‍ജ്ജ്

ഹ്യൂസ്റ്റന്‍: കേരളാ റൈറ്റേഴ്സ്ഫോറത്തിന്‍റെ പ്രതിമാസ യോഗം ഒക്ടോബര്‍ 18ന് വൈകുന്നേരം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ഒരിക്കല്‍ കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ മുഖ്യാതിഥിയായി പങ്കെടുത്ത മഹാകവി അക്കിത്തത്തിന്‍റെ നിര്യാണത്തില്‍ ഫോറത്തിന്‍റെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണു മീറ്റിംഗ് ആരംഭിച്ചത്. യോഗത്തിന്‍റെ മോഡറേറ്ററന്മാരായി ഡോ. മാത്യു വൈരമണ്‍, ജോസഫ് പൊന്നോലി എന്നിവര്‍ പ്രവര്‍ത്തിച്ചു. അക്കിത്തത്തെ അനുസ്മരിച്ച് പീറ്റര്‍ ജി പൗലോസ് പ്രബന്ധം അവതരിപ്പിച്ചു.

പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരില്‍ 1926-ല്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരി ജനിച്ചു. പുരോഗമന ചിന്തകനായിരുന്ന വി.ടി. ഭട്ടതിരിപ്പാട് അക്കിത്തത്തിന്‍റെ അധ്യാപകനായിരുന്നു. അക്കിത്തം 8-ാമത്തെ വയസ്സില്‍ കവിത എഴുതാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, ബലിദര്‍ശനം, നിമിഷ ക്ഷേത്രം, സ്പര്‍ശ മണികള്‍, മാനസ പൂജ, മനോരഥം, തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ മുഖ്യ കൃതികള്‍. ജ്ഞാനപീഠം അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മഹത്തായ രചനകളിലൂടെ അദ്ദേഹം ജീവിക്കും എന്ന് പ്രബന്ധാവതാരകന്‍റെ പ്രസ്താവനയോടെ കേരളറൈറ്റേഴ്സ് ഫോറം അക്കിത്തത്തിന് പ്രണാമമര്‍പ്പിച്ചു.

തുടര്‍ന്ന് ഈശോ ജേക്കബ് വംശീയ, വര്‍ഗ്ഗീയ വിദ്വേഷം വരുത്തുന്ന വിനകളെ ആധാരമാക്കി മുഖ്യമായി ഇന്ത്യ ഉള്‍പ്പെടെയുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ വിവിധ ജാതി, മത, വര്‍ഗ്ഗ, വംശീയ വിപത്തുകളെ ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ പഠനം നടത്തി സംസാരിച്ചു. ലോകത്തിലെ അസ്വസ്ഥകള്‍ക്കും, അശാന്തിക്കും, യുദ്ധങ്ങള്‍ക്കും, രക്തച്ചൊരിച്ചിലിനും മുഖ്യ കാരണം വംശീയമായ വര്‍ഗ്ഗീയമായ വേര്‍തിരിവും പോരാട്ടങ്ങളുമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

ജോസഫ് തച്ചാറ ‘നോട്ടു നിരോധനം’ എന്ന ശീര്‍ഷകത്തിലെഴുതിയ കവിത, അദ്ദേഹം തന്നെ അവതരിപ്പിച്ചു. ഒരു പാര്‍ലമെന്‍റിലും, ഒരു ചര്‍ച്ചക്കും വിധേയമാക്കാതെ ഏകപക്ഷീയമായി ഭരണകക്ഷി രണ്ടു വര്‍ഷം മുമ്പ് നടപ്പാക്കിയ നോട്ടു നിരോധനം എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍, ആക്ഷേപഹാസ്യ കവിതയായിരുന്നു അത്. അതില്‍ നിന്ന് ദോഷങ്ങള്‍ അല്ലാതെ, ഒരു ഗുണവശവുമില്ലെന്ന് നോട്ടു നിരോധനത്തിലൂടെ സര്‍ക്കാര്‍ തെളിയിച്ചതെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഭാഷാസാഹിത്യ സമ്മേളനത്തിലും ചര്‍ച്ചയിലും മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ജോസഫ് പൊന്നോലി, എ.സി. ജോര്‍ജ്, ഫാ. തോമസ് അമ്പലവേലില്‍, മാത്യു മത്തായി, ജോണ്‍ തൊമ്മന്‍, ജോണ്‍ കുന്തറ, ടി.ജെ. ഫിലിപ്പ്, ഡോ. മാത്യു വൈരമണ്‍, ഈശോ ജേക്കബ്, പീറ്റര്‍ജി. പൗലോസ്, തോമസ് കളത്തൂര്‍, കുര്യന്‍ മ്യാലില്‍, മുഖ്യാതിഥിയായി പങ്കെടുത്ത ലണ്ടന്‍ മലയാള സാഹിത്യവേദി പ്രസിഡന്‍റ് റെജി നന്ദിക്കാട്ട് തുടങ്ങിയവര്‍ സജീവമായി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top