പോര്‍ട്ടര്‍ (ടെക്സസ്): ജന്മദിനാഘോഷ വേളയില്‍ മൂന്നു വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടില്‍ ഒത്തുചേര്‍ന്ന് കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുടുംബാംഗങ്ങളില്‍ ഒരാളുടെ പോക്കറ്റില്‍ നിന്ന് താഴെ വീണ തോക്ക് ശ്രദ്ധയില്‍ പെട്ട കുട്ടി അതെടുത്ത് കാഞ്ചി വലിക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ കുട്ടിയെ തൊട്ടടുത്തുള്ള അഗ്നിശമന സേനാ ആസ്ഥാനത്ത് എത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു.
വീടിന്റെ മുന്‍വശത്തിരുന്ന് ചീട്ട് കളിക്കുകയായിരുന്ന കുടുംബാംഗങ്ങളാണ് വെടിപൊട്ടുന്ന ശബ്ദം കേട്ടത്. ഒക്ടോബര്‍ 24 ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവമെന്ന് മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും 25 മൈല്‍ ദൂരെയുള്ള പോര്‍ട്ടറിലുള്ള വീട്ടിലാണ് സംഭവം നടന്നത്.
മുതിര്‍ന്നവര്‍ തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. തോക്കുകള്‍ കൈവശം വയ്ക്കുന്നവര്‍ വീട്ടിലാണെങ്കില്‍ കുട്ടികള്‍ക്ക് കൈയ്യെത്താത്ത സ്ഥലങ്ങളില്‍ ഭദ്രമായി സൂക്ഷിക്കണമെന്നും, പുറത്തു കൊണ്ടുപോകുമ്പോള്‍ ലോക്ക് ചെയ്തു വയ്ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഈവര്‍ഷം 229 ഇത്തരം വെടിവയ്പുകള്‍ സംഭവിച്ചതില്‍ 87 കുട്ടികള്‍ മരിക്കുകയും, 137 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news