Flash News

പാലക്കാട് മെഡിക്കൽ കോളേജ് സവർണർക്ക് തീറെഴുതുന്ന ഇടതു സർക്കാർ നടപടി പ്രതിഷേധാർഹം: സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകർ

October 26, 2020 , കെ എം സാബിര്‍ അഹ്സന്‍

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ വൻ സംവരണ അട്ടിമറിയാണ് നടക്കുന്നത്. പൂർണമായും പട്ടികജാതി ഫണ്ടിൽ നിർമിച്ചതും പ്രവർത്തിക്കുന്നതുമായ കോളേജിൽ വിദ്യാർത്ഥി പ്രവേശനത്തിലും ഉദ്യോഗ നിയമനത്തിലും ഭരണ ചുമതലവഹിക്കുന്നവരിലുമെല്ലാം ഏറ്റവും ചുരുങ്ങിയത് 50% പട്ടികജാതിക്കാർ ഉണ്ടാകണമെന്നാണ് റൂൾ.എന്നാൽ നിയമനങ്ങളിലെ സംവരണ അട്ടിമറിയെ തുടർന്ന് 2019 ഫെബ്രുവരിയിൽ ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ കോളേജ് സന്ദർശിക്കുകയും നിയമനങ്ങൾക്ക് സ്പെഷൽ റൂളും റിക്രൂട്ട്മെൻറും ശിപാർശ ചെയ്യുകയും ചെയ്തു. തുടർന്ന് സ്പെഷൽ റൂളിൽ 75% സംവരണം എസ്.സി/എസ്.ടി വിഭാഗത്തിന് ഉറപ്പാക്കണമെന്ന് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമീഷനും ശിപാർശ ചെയ്തു. എന്നാൽ രണ്ട് കമീഷനകളുടെയും ശിപാർശകളെ പൂർണമായും തള്ളിക്കളയുന്ന സമീപനമാണ് സംസ്ഥാന സർക്കാറിൽ നിന്നുമുണ്ടാകുന്നത്. അനധ്യാപക തസ്തികകളിൽ 50% സംവരണം പാലിക്കപ്പെട്ടെങ്കിലും അധ്യാപകരിൽ എസ്.സി/എസ്.ടി പൊതുസംവരണ തത്ത്വമായ 10% പോലും പാലിക്കപ്പെട്ടിട്ടില്ല. ഭരണ വിഭാഗത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്നും ആരും തന്നെയില്ല.

161 അധ്യാപകരിൽ പട്ടികജാതിക്കാരായി 17ഉം പട്ടിക വർഗക്കാരായി 2 പേരും മാത്രമാണിപ്പോൾ മെഡിക്കൽ കോളേജിലുള്ളത്. 16 പ്രൊഫസർമാരിൽ പട്ടികജാതിക്കാർ 5 ഉം അസോസിയേറ്റ് പ്രൊഫസർമാരിൽ 21ൽ 2 ഉം അസി.പ്രൊഫസർ 41 ൽ ഒരാളും 17 സീനിയർ റെസിഡൻ്റുമാരിൽ 3 ഉം ജൂനിയർ റെസിഡൻ്റ് / ട്യൂട്ടർ പോസ്റ്റിലെ 69 പേരിൽ 5 ഉം പട്ടികജാതിക്കാർ മാത്രമാണിപ്പോൾ കോളേജിലുള്ളത്.

മെഡിക്കൽ രംഗത്തെ എസ്.സി/എസ്.ടി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് ആരംഭിച്ച സ്ഥാപനത്തിൽ ഇത്രയും ഭീകരമായ സംവരണ അട്ടിമറി നടക്കുന്നത് അംഗീകരിക്കാനാകില്ല. ഏറ്റവും ഒടുവിൽ സ്ഥാപനത്തിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് കമീഷനുകളുടെ ശിപാർശകളായ 75% സംവരണവും സ്പെഷൽ റൂളും റിക്രൂട്ട്മെൻ്റുമെല്ലാം മറികടക്കാനാണെന്ന് വ്യക്തമാണ്. സവർണ വിഭാഗത്തിൻ്റെ താത്പര്യത്തിനനുസരിച്ച് നിന്നു കൊടുത്ത് മെഡിക്കൽ കോളേജിനെ അവർക്ക് തീറെഴുതുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്.ഇതിനെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. സംഘ്പരിവാർ അജണ്ടയായ മുന്നാക്ക സംവരണം നടപ്പിൽ വരുത്തുന്ന ഇടതു സർക്കാർ നയത്തിൻ്റെ ഭാഗം തന്നെയാണ് മെഡിക്കൽ കോളേജിലും കാണുന്നത്.

സംവരണ അട്ടിമറിയിൽ സമഗ്രമായ അന്വേഷണം നടക്കണം. മെഡിക്കൽ കോളേജിലെ നിയമനങ്ങളിൽ സംവരണം ഉറപ്പുവരുത്താനായി പട്ടിക ജാതി കമീഷൻ ശിപാർശയായ സ്പെഷൽ റൂൾ ഉടൻ നടപ്പിൽ വരുത്തണമെന്നും പാലക്കാട്ടെ സാമൂഹ്യ,രാഷ്ട്രീയ പ്രവർത്തകർ ഒപ്പുവെക്കുന്ന ഈ സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു.

*സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കുന്നവർ*

ശ്രുതീഷ് കണ്ണാടി കണ്ണാടി, വിളയോടി വേണുഗോപാൽ, പി.മോഹൻദാസ്, കെ.വാസുദേവൻ, നീലിപ്പാറ മാരിയപ്പൻ, സജേഷ് ചന്ദ്രൻ, വി.പി നിജാമുദ്ദീൻ, എസ്.പി അമീർ അലി, ബഷീർ ഹസൻ നദ് വി, അജിത് കൊല്ലങ്കോട്, കാർത്തികേയൻ മംഗലം, ശ്വേത പി. ദിലീപ്, ജസീം സാജിദ് എൻ.എ, ആറുമുഖൻ പത്തിച്ചിറ, കെ.ശിവാനി അട്ടപ്പാടി, വടികിയമ്മ, ഹാജറ ഇബ്രാഹീം, ലുഖ്മാൻ ആലത്തൂർ, നവാഫ് പത്തിരിപ്പാല, ഷഫീഖ് അജ്മൽ, ഷംസിയ ഹമീദ്, പ്രദീപ് നെന്മാറ, സതീഷ് മേപ്പറമ്പ്, വസീം മാലിക്ക് ഓട്ടുപാറ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top