Flash News

സൂഫിസം (Sufism) ഭാഗം 23

October 27, 2020 , ബിന്ദു ചാന്ദിനി

സമ്പന്നമാണ് സൂഫി സാഹിത്യം. എല്ലാ മതതത്വങ്ങളുടെയും ആദിമവും പരിശുദ്ധവുമായ രൂപമായാണ് സൂഫിസം സ്വയം അടയാളപ്പെടുത്തുന്നത്. ഗ്രീക്ക്, പേർഷ്യൻ, നിയോപ്ലാറ്റോണിക്ക്, ഇന്ത്യൻ ചിന്തകൾ സൂഫി ദർശനത്തെ രൂപപ്പെടുന്നതിൽ പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൂർവവേദങ്ങളെ ശരിവെക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഖുർആൻ വൈജ്ഞാനികമായ ആദാനപ്രദാനങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ് ഇതിന്റെ മറു വീക്ഷണം. എന്നാൽ മതമീമാംസകർ പൊതുവെ ഇത്തരം സ്വാധീനങ്ങളെ മതത്തിന്റെ അടിസ്ഥാനാശയങ്ങളിൽ നിന്നുള്ള വ്യതിയാനമായി കാണുകയും സൂഫികളിൽ മതപരിത്യാഗ കുറ്റം ആരോപിക്കുകയുമാണ് ചെയ്തത്. ഇറാനിയൻ സൂഫിയായ ബായസീദുൽ ബിസ്താമി (804_874)യുടെ ‘സുബ്ഹാനി’ ക്കു സമാനവും എന്നാൽ അതിനേക്കാൾ അപകടംപിടിച്ചതുതായി മതപണ്ഡിതന്മാർ വിധിച്ചതുമായ പ്രസ്താവനയാണ് മൻസൂർ ഹല്ലാജി (858 – 922)ന്റെ ‘അനൽഹഖ്ഖ്.’ ഇന്ത്യൻ വേദാന്തത്തിലെ ‘അഹം ബ്രഹ്മാസ്മി’ യുടെ സൂഫി ഭാഷ്യമായാണിത് കണക്കാക്കപ്പെടുന്നത്. ‘ഞാൻ സത്യമാണ്’ അഥവാ ‘ഞാൻ ദൈവമാണ് ‘ എന്നാണീ മൊഴിയുടെ സാരം. പ്രപഞ്ചത്തെ മുഴുവൻ ദൈവമായി കാണുകയും താൻ എന്ന വ്യക്തി പ്രപഞ്ചത്തിന്റെ ഭാഗമാകയാൽ താനും ദൈവമാണ് എന്ന സമീകരണത്തിൽ നിന്നാണ് ഈ ചിന്ത ഉദയം ചെയ്യുന്നത്.

മൻസൂർ ഹല്ലാജിനെപ്പോലുള്ള സൂഫികൾ ഇക്കാരണത്താൽ വധശിക്ഷക്കു വിധേയമാക്കപ്പെടുകയും ചെയ്തു. സൂഫിസത്തെ ഒരു വിഭാഗം ഇസ്ലാമിന്റെ ഹൃദയമായും മറുവിഭാഗം പുറത്തുനിന്നുള്ള അധിനിവേശമായും കാണുന്നു. മതനിയമങ്ങളെ (ശരീയത്ത്) നിരാകരിക്കാതെ ആന്തരിക വിശുദ്ധി കൈവരിക്കുന്നതിനുള്ള മാർഗ്ഗം (ത്വരീഖത്) എന്ന നിലയിലും അതുവഴി യഥാർഥ ജ്ഞാന(മഅരിഫത്ത് ) വും സത്യസാക്ഷാത്കാര (ഹഖീഖത്) വും സ്വായത്തമാക്കുന്നതിനുള്ള ഉപാധി എന്ന നിലയിലും സൂഫിസത്തെ സമീപക്കുന്ന പണ്ഡിതന്മാരുമുണ്ട്. ഈമാൻ, ഇസ്ലാം, ഇഹ്സാന്റെ വികസിത രൂപമായി അവർ സൂഫിസത്തെ കാണുന്നു.

നിഗൂഢതയുടെ വിസ്മയപ്രകാശം

ശാസ്ത്രലോകത്തെ അമാനുഷ- പ്രതിഭാശാലിയായ ആൽബർട്ട് ഐൻസ്റ്റീൻ, ശാസ്ത്രത്തിന്റെ പരിധികൾക്കപ്പുറം കണ്ട വിസ്മയനിമിഷത്തിൽ ഇങ്ങനെ പറയുകയുണ്ടായി…

“നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ വസ്തു നിഗൂഢതയാണ്. ഇതാണ് യഥാർത്ഥമായ എല്ലാ കലയുടെയും എല്ലാ ശാസ്ത്രത്തിന്റെയും സ്രോതസ്സ്. ഈ നിഗൂഢതയിൽ വിസ്മയം കൊള്ളാനോ, അത്ഭുത സ്തബ്ധനാവാനോ കഴിയാത്തവൻ ജഡതുല്യനാണ്; അന്ധനാണ്.”

സർവ്വവിധ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പരീക്ഷണ – നിരീക്ഷണങ്ങൾക്കും, കണ്ടെത്തലുകൾക്കും ശേഷം കണ്ടെത്താനാകാത്ത അനശ്വരതയുടെ പ്രകാശനത്തിൽ വിസ്മയം കൊണ്ടു നിൽക്കുകയാണ് ഐൻസ്റ്റീൻ. പേരില്ലാത്ത ദിവ്യ പ്രകാശത്തിന്റെ മഹാസ്രോതസ്സിനെയാണ് അദ്ദേഹം നിഗൂഢത എന്ന് വിളിച്ചിരിക്കുന്നത്. ഈ നിഗൂഢതയുടെ വിസ്മയപ്രകാശം ദർശിക്കുന്നിടത്താണ് ശാസ്ത്രം അവസാനിക്കുന്നത്. ആധ്യാത്മീകത ആരംഭിക്കുന്നതും അവിടെയാണ്.

ഒരു സൂഫി തന്റെ പ്രയാണം തുടങ്ങുന്നത് നിഗൂഢമായ വിസ്മയത്തിന്റെ ആശ്ചര്യ ലോകത്ത് നിന്നാണ്. അവന്റെ അന്വേഷണയാത്രയിൽ ആ വിസ്മയം ആനന്ദമായും, ആനന്ദം പ്രണയമായും പരിണമിക്കുന്നു. പിന്നെ പ്രണയം തന്നെ പ്രയാണമായിത്തീരുന്നു. ആ പ്രയാണം സർവ്വനിഗൂഢതകളുടെയും നിഗൂഢതയായ അനശ്വര പ്രണയഭാജനത്തിലേക്കാണ്. അവിടെ അനുരാഗി പ്രണയഭാജനത്തിന്റെ വിസ്മയസാക്ഷ്യത്തിൽ പ്രശാന്തനാവുന്നു.

ദൈവം അനാദിയാണ്. ദൈവത്തിൽ നിന്ന് വെളിപ്പെട്ട പ്രഭാവമാണ് ഈ ലോകം. അതിനാൽ ദൈവത്തെപ്പോലെ ഈ ലോകവും അനാദിയാണെന്ന് ഇബ്നു സിന പറഞ്ഞു. പ്രപഞ്ചമുൾപ്പെടെ സകല വസ്തുക്കളും ദൈവത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന് ഇബ്നു സിന അഭിപ്രായപ്പെട്ടു. അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഉൺമ ദൈവത്തിന്റെതു മാത്രമാണ്. ദൈവത്തെ നിർവചിക്കാനാവില്ല. ദൈവം ഉണ്ട് എന്നേ പറയാൻ കഴിയുകയുള്ളൂ. ഉണ്ട് എന്ന അവസ്ഥ തന്നെയാണ് ദൈവത്തിന്റെ ഗുണമായി മനസ്സിലാക്കാൻ കഴിയുക. അനാദിയും അനിവാര്യവുമായ ഉൺമയാണ് ദൈവം. മറ്റെല്ലാ ഉൺമയുടെയും കാരണം അനിവാര്യമായ ആ ഉൺമയത്രെ. അത്യുന്നതമായ സൗന്ദര്യമാണത്. അതിനാൽ അത് സ്നേഹിക്കപ്പെടുന്നു. അതിന്നതീതമായി ഒന്നുമില്ല. പരിശുദ്ധമായ ബുദ്ധിയും നന്മയും ആണ് അത്. അന്യൂനമായ സമ്പൂർണതയാണത്. സ്നേഹം, ജ്ഞാനം എന്നിവയുടെ ഉറവിടമാണ് ഇബ്നു സിനയുടെ വീക്ഷണത്തിൽ ദൈവം.

തത്ത്വശാസ്ത്രം

തത്ത്വശാസ്ത്രം സർവ്വ ശാസ്ത്രങ്ങളുടെയും മാതാവാണ്. തത്ത്വചിന്തയുടെ പ്രകാശപ്രേരണയിൽ നിന്നാണ് ശാസ്ത്രീയ നിഗമനങ്ങളും കണ്ടെത്തലുകളും രൂപം കൊണ്ടത്. തത്ത്വശാസ്ത്രം രൂപപ്പെട്ടത് ചിന്തയുടെയും ധിഷണയുടെയും പ്രഭവത്തിൽ നിന്നുമാണ്. സത്യമായ വെളിപാടിന്റെ ജ്ഞനോദയത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് ചിന്തയുടെയും മൗനത്തിന്റെയും രൂപകങ്ങൾ തീർത്ത തത്ത്വചിന്തയാണ് ലോകത്തിന് ജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും ആകാശങ്ങളെ കാണിച്ചു കൊടുത്തത്.

ശാസ്ത്രീയമായയോ നീരീക്ഷണത്തിലൂടെയോ കണിശമായി വിശദീകരിക്കാൻ സാധിക്കാത്ത പൊതു വിഷയങ്ങളെക്കുറിച്ചുള്ള യുക്തിപൂർവ്വമായ പഠനമാണ് തത്ത്വചിന്ത അഥവാ തത്ത്വശാസ്ത്രം. ജ്ഞാനത്തോടുള്ള ഇഷ്ടമാണ് തത്ത്വശാസ്ത്രം. ഗ്രീക്കുകാരുടെ സംഭാവനയാണ് തത്ത്വശാസ്ത്രം. നിലനിൽപ്, അറിവ്, യുക്തി, മനസ്സ് സൗന്ദര്യം എന്നിവയെല്ലാം തത്ത്വചിന്തയുടെ പഠന മേഖലയാണ്.

മതവും തത്ത്വചിന്തയും സമാനമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തത്ത്വചിന്ത ദൈവങ്ങളിൽ നിന്ന് അത്ഭുതങ്ങളെയോ വെളിപ്പെടുത്തേലുകളെയോ ആശ്രയിക്കുന്നില്ല. തത്ത്വചിന്ത സ്വതന്ത്ര്യ വിജ്ഞാന ശാഖയാണ്. അത് മതത്തിന്റെ തണലില്ല വളരേണ്ടത്. മതമീമാംസകർ പൊതുവെ തത്ത്വചിന്തയെ തള്ളിപ്പറയുകയാണ് ചെയ്തത്. അവരെ സംബന്ധിച്ചേടത്തോളം അതായിരുന്നു എളുപ്പം. തത്ത്വചിന്തകർ മതവിരുദ്ധരായി ചിത്രീകരിക്കപ്പെട്ടു. മതത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. തത്ത്വചിന്തയുടേത് യുക്തിയും.

പരിശുദ്ധ ഖുർആനിലെ ‘അൽ ഹിക്മ’ യിൽ നിന്ന് വികസിതമായ ഇസ്ലാമിക തത്ത്വചിന്തയുടെ ജ്ഞാന ലോകത്തെ പ്രതിഭാശാലികളായ ചിന്തകർ കൂടുതൽ വിശാലമാക്കി. അൽ കിന്ദി, അൽ റാസി, അൽ ഫാറാബി, ഇബ്നു സിന, അമീരി, ഇബ്നു മിസ് ക വൈഹ്, ഇമാം ഗസ്സാലി, ഇബ്നു മസർറ, ഇബ്നു ബാജ്ജ, ഇബ്നു റുഷ്ദ്, ഇബ്നു തുഫൈൻ, ഇബ്നു അറബി, ഇബ്നു ഖൽദൂൻ, ജലാലുദ്ദീൻ റൂമി, ഉമർ ഖയ്യാം തുടങ്ങിയ ചിന്തകരിലൂടെ കടന്നുവന്ന ഇസ്ലാമിക തത്ത്വചിന്ത ഗവേഷണങ്ങളും പഠനങ്ങളും ഇന്ന് വളരെ കുറഞ്ഞ ഒരു മേഖലയായി മാറിയിരുന്നു. അതിനാൽ ഇസ്ലാമിക വൈജ്ഞാനിക പഠനങ്ങളിൽ ഫിലോസഫി ഉൾപ്പെടുത്തണം. വിജ്ഞാനത്തിൽ മതവും ഭൗതീകവും തമ്മിൽ വേർത്തിരിച്ച് കാണാതെ എല്ലാം ദൈവത്തിന്റെ പ്രകാശമാണെന്ന ബോധമാണ് വേണ്ടത്. യഥാർത്ഥ മനുഷ്യനിലേക്കുള്ള പ്രയാണമാണ് വിജ്ഞാനം കൊണ്ട് അർത്ഥമാക്കുന്നത്.

മറ്റെല്ലാ പ്രധാന ദാർശനിക പാരമ്പര്യങ്ങളെയും പോലെ സൂഫി തത്ത്വചിന്തയിലും മെറ്റാഫിസിക്സ്, കോസ്മോളജി എന്നിവയുൾപ്പെടെ നിരവധി ഉപശാഖകളുണ്ട്.

മെറ്റാഫിസിക്സ്

മനസും പ്രകൃതിയും തമ്മിലുള്ള ബന്ധം, ലോകത്തിന്റെ നിലനിൽപ്പ്, ലോകത്തിന്റെ യാഥാർത്ഥ്യം. ജീവിതത്തിന്റെ മറ്റ് സൂക്ഷ്മ വശങ്ങൾ എന്നിവ അന്വേഷിക്കുന്നത് മെറ്റാഫിസിക്സാണ്. മതങ്ങൾ, തത്വചിന്ത, നിഗൂഢത എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചിന്താധാരകളെയും ഇത് ഉൾക്കൊള്ളുന്നു. അതിരുകളില്ലാത്ത ആകാശം പോലെയാണ് മെറ്റാഫിസിക്സ്.

ഏകത്വ ദർശനം

സൂഫി മെറ്റാഫിസിക്സിലെ പ്രധാന ആശയങ്ങൾ വഹ്ദത്ത് അല്ലെങ്കിൽ ‘ദൈവുമായുള്ള ഐക്യം’ എന്ന ആശയത്തെ ചുറ്റിപറ്റിയാണ്. ഏകത്വദർശനമാണ് ഇബ്നു അറബിയുടെ തത്ത്വചിന്തയുടെ അടിസ്ഥാനം. എല്ലാ ഉൺമകളുടെയും ഏകത്വം (വഹ്ദതുൽ വൂജൂദ്) എന്ന ആശയം അദ്ദേഹം മുന്നോട്ടു വെക്കുന്നത്. പൂർണത കൈവരിച്ച മനുഷ്യന്, തന്നിൽത്തന്നെയാണ് ദൈവം സ്ഥിതി ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ദൈവത്തിൽനിന്നു ഭിന്നമോ സ്വതന്ത്രമോ ആയ അസ്തിത്വം പ്രാപഞ്ചിക വസ്തുക്കൾക്കൊന്നുമില്ല. സർവവ്യാപിയും അനശ്വരവുമായ ഉണ്മ ദൈവം മാത്രമാണ്. ഇബ്നു അറബിയുടെ വാക്കുകളിൽ, “സകല ചരാചരങ്ങളെ സൃഷ്ടിക്കുകയും അവയുടെയെല്ലാം സത്ത ആയിരിക്കുകയും ചെയ്ത അവനു സ്തുതി.”

സത്യം ഏകവും അവിഭാജ്യവുമാണ്. അല്ലാഹുവിനെ മാത്രം അഭിമുഖീകരിക്കലും മറ്റൊന്നിനെയും കാണാതിരിക്കലുമാണ് തൗഹീദ്. നിലനിൽക്കുന്ന സകല വസ്തുക്കുടെയും ഏക ഹേതു അവനാണെന്ന് പ്രഖ്യാപിക്കലും ആണത്. ഈ സങ്കല്പമനുസരിച്ചുള്ള തൗഹീദാണ് വഹ്ദതുൽ വുജൂദ്. ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല’ എന്നത് മത-ദൈവ ശാസ്ത്രത്തിന്റെയും ‘ദൈവമല്ലാതെ മറ്റൊരസ്തിത്വവുമില്ല’ എന്നത് ആത്മജ്ഞാനത്തിന്റെയും ഭാഷയാണ്. ഏകമായ യാഥാർഥ്യത്തെ പലതായി നാം കാണുന്നു. കാരണം, പ്രാതിഭാസികലോകത്ത് പലതായാണ് അത് പ്രത്യക്ഷപ്പെടുന്നത്. അതിനാൽ യാഥാർത്ഥ്യം ഒരേ സമയം ഒന്നും പലതുമാണ്. ഏകത്വം/ബഹുത്വം, അനശ്വരം/ക്ഷണികം, അതീതം/ അന്തർവർത്തിതം എന്നിങ്ങനെയുള്ള വൈരുധ്യങ്ങളെയെല്ലാം അതുൾക്കൊള്ളുന്നു. എല്ലാ വൈരുധ്യങ്ങളെയും ഉൾക്കൊള്ളാനും ഏകോപിപ്പിക്കാനുമുള്ള ശേഷി അതിനുണ്ട്. ഖുർആനിൽ നിന്ന് ‘അവൻ ആദിയും അന്ത്യവും പ്രത്യക്ഷനും പരോക്ഷനുമാകുന്നു'(57.3) ഫുസൂസിൽ ഇബ്നു അറബി എഴുതുന്നു “അവൻ ആദിയെന്നും അന്ത്യനെന്നും പ്രത്യക്ഷനെന്നും പരോക്ഷനെന്നും വിളിക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷമായതിന്റെയും മറഞ്ഞു കിടക്കുന്നതിന്റെയും സത്തയാകുന്നു അവൻ. പ്രത്യക്ഷം ഞാനുണെണ്ടന്നും പറയുമ്പോൾ പരോക്ഷം ഇല്ല എന്നു പറയുന്നു. പരോക്ഷം ഞാൻ ഉണ്ടെന്നു പറയുമ്പോൾ പ്രത്യക്ഷം ഇല്ല എന്നു പറയുന്നു. ഇതുതന്നെ എല്ലാ വിരുദ്ധ ദ്വന്ദങ്ങളുടെയും സ്ഥിതി. വക്താവ് ഒന്നുതന്നെ. വക്താവു തന്നെ ശ്രോതാവും.”

മുസ്ലീം പാരമ്പര്യത്തിനകത്തും പുറത്തും ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ആത്മീയ ദാർശനികൻ ഇബ്നു അറബിയാണ്. മതമീമാംസകർക്ക് അപരിചിതമായ തലങ്ങളിലേക്കാണ് മതതത്ത്വങ്ങളെ അദ്ദേഹം കൊണ്ടുപോയത്. സാമ്പ്രദായിക മതപണ്ഡിതന്മാർക്ക് അവ സ്വീകാര്യമായിരുന്നില്ല. അതിനാൽ ഏറെ എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നു.

ജലാലുദീൻ റൂമി

ഇസ്ലാമിക ലോകത്തിലെ ഏറ്റവും ഉന്നതമായ ആധ്യാത്മിക ഗുരുവും കവിയുമാണ് മൗലവി ആത്മീയ സരണിയുടെ ഉപജ്ഞാതാവും മഥ്നവി എന്ന വിശ്വപ്രസിദ്ധ ആത്മീയ കാവ്യത്തിന്റെ കർത്താവുമായ മൗലാനാ ജലാലുദ്ദീൻ റൂമി (1207-1273). വിശ്വസാഹിത്യത്തിൽത്തന്നെ ഏറ്റവുമധികം വായിക്കപ്പെടുന്ന ആധ്യാത്മീക ഗീതമാണ് റൂമിയുടെ മഥ്നവി. ഭൗതികവും ആധ്യാത്മികവുമായ ആശയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രാഗൽഭ്യമുള്ള ദാർശനികനായിരുന്നു അദ്ദേഹം. ലോകത്തെ മുഴുവൻ മതങ്ങളുടെയും ആധ്യാത്മിക പൈതൃകത്തെ ഉൾക്കൊള്ളാൻ മാത്രം ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ അടിത്തറയെ അദ്ദേഹം വിശാലമാക്കി. മഥ്നവിയിലും സമാഹരിക്കപ്പെട്ട ഇതര കവിതകളിലും പ്രഭാഷണങ്ങളിലുമായി റൂമിയുടെ ആശയപ്രപഞ്ചം വ്യാപിച്ചു കിടക്കുന്നു. തനിക്കു ചുറ്റും ഒഴുകിപ്പടർന്നുകിടന്ന ആശയ സാഗരത്തിൽ നിന്നും തനിക്കു ബോധിച്ചത് അദ്ദേഹം സ്വീകരിച്ചു. അവക്ക് കവിതകളിലൂടെ മനോഹരമായ ആവിഷ്കാരം നൽകി.

വിശുദ്ധ ഗ്രന്ഥമായ ഖുർആന്റെ കാതൽ സ്നേഹമാണെന്ന് റൂമി പറയുന്നു. ദൈവം റഹ്മാനും റഹീമുമാണ്. സ്നേഹത്തിൽനിന്ന് ഉറവെടുക്കുന്ന കാരുണ്യത്തെയാണ് ഈ രണ്ടു വിശേഷണങ്ങളും സൂചിപ്പിക്കുന്നത്. ദൈവം ‘റബ്ബ്’ ആണ്. സ്നേഹംകൊണ്ടാണ് റബ്ബ് സർവചരാചരങ്ങളെയും സംരക്ഷിക്കുന്നതും വളർത്തിക്കൊണ്ടു വരുന്നതും. സ്നേഹമാണ് ദൈവത്തെ ഉദാരനും മാപ്പരുളുന്നവനും പ്രതിഫലം നൽകുന്നവനും ആകുന്നത്. ഈശ്വരനോടുള്ള സ്നേഹത്തിൽ നിന്നാണ് പ്രാർഥന ഉണ്ടാവേണ്ടത്. പ്രണയരഹിതമായ പ്രാർഥന വിരസവും മടുപ്പുളവാക്കുന്നതുമായിരിക്കും. ആത്മസാക്ഷാത്കാരത്തിനുള്ള മനുഷ്യന്റെ ത്വര ദൈവീകമാണ്. അതിനാൽ മനുഷ്യന്റെ ഓരോ ചലനത്തിന്റെയും ലക്ഷ്യം ദൈവമാകുന്നു. ദൈവത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണം സാർവലൗകികമാണ്. അജ്ഞാതമായ ഏതോ കാര്യത്തിലുള്ള അന്ധമായ വിശ്വാസമല്ല മതം. ആത്മാവിൽ അനുഭവിച്ചറിയാൻ കഴിയുന്ന, സദാ സന്നിഹിതമായ യാഥാർഥ്യത്തിലുള്ള വിശ്വാസമാണത്. റൂമിയുടെ കാഴ്ചപ്പാടിൽ സ്നേഹമാണ് സാർവലൗകിക മതത്തിന്റെ സാരം.

താൻ ദൈവത്തെ കണ്ടെത്തിയത് എങ്ങനെയെന്ന് റൂമി ഒരു കവിതയിൽ വിവരിക്കുന്നുണ്ട് . തന്റെ സ്വത്വത്തെക്കുറിച്ച് ബോധമുദിച്ചതിനുശേഷം ദൈവത്തെ അന്വേഷിച്ച് പല ഇടങ്ങളിൽ അലഞ്ഞു ഒടുവിൽ തന്നിലേക്കുതന്നെ തിരിച്ചെത്തി. സ്വന്തം ഹൃദയത്തിന്റെ വിശുദ്ധ കോവിലിൽ ആണ് ദൈവമുള്ളത്. തത്ത്വചിന്തയിൽനിന്നോ ദൈവശാസ്ത്രത്തിൽനിന്നോ അല്ല ആത്മജ്ഞാനികൾ പ്രചോദനം നേടുന്നത്. വ്യക്തിഗതങ്ങളായ അനുഭവങ്ങളും ബോധ്യങ്ങളുമാണ് അവരുടെ ആത്മീയ ജീവിതത്തിനടിസ്ഥാനം. റൂമിയുടെ കാര്യത്തിലും ഇതു ശരിയാണ്. ശാസ്ത്രവും യുക്തിയും ദൈവശാസ്ത്രവും ഭാവനയും ചിന്തയും എല്ലാം റൂമിയുടെ ആത്മനിഷ്ഠ ദർശനത്തിൽ ഇഴപിരിച്ചെടുക്കാനാവാത്തവിധം ലയിച്ചു ചേരുന്നതായി അദ്ദേഹത്തെ വായിക്കുമ്പോൾ നമുക്കനുഭവപ്പെടുന്നു.

കോസ്മോളജി

പ്രപഞ്ച ശാസ്ത്രത്തെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന അറബ് മുസ്ലീം ചിന്തകരെ കുറിച്ച് മനസ്സിലാക്കാം.

അൽ കിന്ദി

അറബ്- മുസ്ലീം തത്ത്വചിന്തയുടെ പിതാവും ഗണിത ശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ അൽകിന്ദി (801-873) ഇറാക്കിലെ കൂഫയിലാണ് ജനിച്ചത്. ദൈവാസ്തിത്വത്തിനനുകൂലമായി അൽകിന്ദി ഉയർത്തിക്കാട്ടിയ തെളിവ് ഹേതുവാദമായിരുന്നു. ഏതു കാര്യത്തിനും ഒരു കാരണം ഉണ്ടായേ തീരൂ. ഹേതു പരമ്പര നിർണിതമാണ്. അതിനാൽ എല്ലാ ഹേതുക്കൾക്കും മൂലഹേതുവായ ഒരു യഥാർഥ ഹേതു ഉണ്ടാവണം. ആ മൂലഹേതുവാണ് സത്യം. അതാണ് സ്രഷ്ടാവ്. ഒന്നുമില്ലായ്മയിൽ നിന്നുള്ള സൃഷ്ടിപ്പ് (ഇബ്ദാഅ) ആണ് ദൈവം നടത്തുന്നത്.

പ്രപഞ്ചം സൃഷ്ടി ആയതിനാൽ അതിനൊരു സ്രഷ്ടാവ് അനിവാര്യമാണ്. സ്രഷ്ടാവിന് തുടക്കമോ ഒടുക്കമോ ഇല്ല. സൃഷ്ടിക്ക് തുടക്കമുണ്ട്. അതിനാൽ ഒടുക്കവുമുണ്ട്. മുഴുവൻ സൃഷ്ടികളും കാലക്രമത്തിൽ നശിക്കും. നശിക്കാത്തതായി സ്രഷ്ടാവ് മാത്രമേയുള്ളു. സ്ഥലകാല പരിമിതമായതൊന്നും അനശ്വരമല്ല. പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങൾക്കും ക്രമവും വ്യവസ്ഥയുമുണ്ട് എന്നതാണ് ദൈവാസ്തിക്യത്തിന് അൽകിന്ദി ചൂണ്ടിക്കാണിക്കുന്നു. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒരു മഹാ ശക്തിവിശേഷത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സകല ഉണ്മകളിലും അന്ത:സ്ഥിതമായിട്ടുള്ള ക്രമം എന്ന് അൽകിന്ദി പറയുന്നു. ചെറുതും അഭിഭാജ്യവുമായ അണുക്കളാൽ നിർമിതമാണ് വസ്തുക്കൾ എന്നാണ് മുഅതസിലികൾ വിശ്വസിച്ചിരുന്നത്. പദാർത്ഥത്തിന്റെ അനുസ്യൂത ഘടന എന്ന അരിസ്റ്റോട്ടിലിയൻ ആശയമാണ് അൽകിന്ദി സ്വീകരിച്ചത്.

അറബ് ലോകത്ത് തത്ത്വചിന്തക്ക് തുടക്കം കുറിച്ച അൽകിന്ദി പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണെന്നും സൃഷ്ടികൾക്കെല്ലാം തുടക്കമുണ്ടെന്നും തുടക്കമുള്ളതിനെല്ലാം ഒടുക്കമുണ്ടെന്നും സിദ്ധാന്തിക്കുക വഴി തത്ത്വചിന്തയെ നേരത്തെ തന്നെ മതത്തിനു വിധേയമാക്കിയിരുന്നു. കാലം, സ്ഥലം, ചലനം ഇവയെ ഗണിതത്തിന്റെ സഹായത്തോടെ വിശകലനം ചെയ്താണ് പ്രപഞ്ചത്തിന്റെ നശ്വരത എന്ന ആശയം അൽകിന്ദി മുന്നോട്ടു വെച്ചത്. ഭൗതിക വസ്തുക്കൾ ദ്രവ്യം, രൂപം എന്നിവ ചേർന്നുണ്ടായതാണ്. സ്ഥലകാലങ്ങളിൽ സഞ്ചരിക്കാൻ ഇവക്ക് കഴിവുണ്ട്. അഥവാ ഓരോ വസ്തുവിലും അഞ്ച് ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. ഇവയാണവ

1. ദ്രവ്യം അഥവ പദാർഥം 2. രൂപം 3.സ്ഥലം 4. ചലനം 5. കാലം

ഇവയിൽ സ്ഥലവും കാലവും ഭൗതിക വസ്തുവിനോട് ചേരുമ്പോൾ നിശ്ചിത പരിധിയുള്ളതായിത്തീരുന്നു. പരിമിതപ്പെടുത്തപ്പെട്ട സ്ഥലത്തിലും കാലത്തിലുമേ ഒരു ഭൗതിക വസ്തുവിന് നിലനിൽക്കാൻ സാധിക്കുകയുള്ളു. കാലം/സമയം ചലനമല്ല. ചലനത്തെ അളക്കുന്ന സംഖ്യയാണ്. മുമ്പു കഴിഞ്ഞതോ ശേഷം വരുന്നതോ ആവാം അത്. സംഖ്യ തുടർച്ചയുള്ളത്, തുടർച്ചയില്ലാത്തത് എന്നിങ്ങനെ രണ്ടു തരമുണ്ട്. അതിനാൽ ഭൂതകാലത്തിൽ നിന്ന് ഭാവി കാലത്തിലേക്ക് പുരോഗമിക്കുന്ന സംഭവങ്ങൾ എന്ന നിലക്ക് സമയത്തെ തിട്ടപ്പെടുത്താനും നിർവചിക്കാനും സാധിക്കും. മറ്റു രീതിയിൽ പറഞ്ഞാൽ കഴിഞ്ഞതോ വരാനിരിക്കുന്നതോ ആയ സംഭവങ്ങളെ സമയരേഖയിൽ പ്രതിധാനം ചെയ്യുന്ന സംഖ്യയാണ് കാലം. എണ്ണത്തെക്കുറിച്ച ജ്ഞാനത്തിന്റെ ഭാഗമാണ് കാലം എന്നർഥം. സ്ഥലം, ചലനം, കാലം എന്നിവ സംഖ്യകളാകുന്നു. ദ്രവ്യം, രൂപം എന്നിവ ഗുണങ്ങളും. സദ്യശമായിരിക്കാനോ വ്യതിരിക്തമായിരിക്കാനോ ഉള്ള കഴിവാണ് ഗുണം. ഒരു വസ്തു പരിമിതമാണോ അപരിമിതമാണോ, അല്ലെങ്കിൽ നിർണിതമാണോ അനന്തമാണോ എന്ന് തീരുമാനിക്കുന്നതിൽ അതിന്റെ ഗുണവും ഗണവും പ്രധാനമാണ്. നിശ്ചിത ഗുണമുള്ളതും ഏതെങ്കിലുമൊരു ഗണത്തിൽ ഉൾപ്പെടുന്നതുമായ ഏതൊരു വസ്തുവും പരിമിതവും നിർണിതവുമായിരിക്കും. അങ്ങനെയുള്ളവയെല്ലാം നശ്വരമാണ്. പ്രാപഞ്ചിക വസ്തുക്കളുടെ നശ്വരത മറ്റു രീതികളിലും അൽകിന്ദി സമർഥിക്കുന്നുണ്ട്.

സൃഷ്ടിക്കും സംഹാരത്തിനും വിദൂരവും സമീപസ്ഥവുമായ കാരണങ്ങളുണ്ടാവാം എന്ന് അൽ കിന്ദി അഭിപ്രായപ്പെടുന്നു. വേടൻ മൃഗത്തെ അമ്പെയ്തു കൊല്ലുമ്പോൾ ഈ രണ്ടു കാരണങ്ങളും സംഭവിക്കുന്നു . വേടൻ വിദൂരഹേതുവാണ്. അമ്പ് സമീപസ്ഥ ഹേതുവും. അമ്പു കൊണ്ട് മുറിവേൽപിക്കുന്നതു കാരണമായാണ് മൃഗം ചാവുന്നത്. എന്നാൽ അമ്പ് എയ്ത ആളാണ് അമ്പ് എന്ന കാരണത്തെ നിയന്ത്രിച്ചത്. ഋതുഭേദങ്ങൾ ഭൂമിയിൽ സസ്യലതാദികളുടെ വളർച്ചക്കും നാശത്തിനും കാരണമാവുന്നു. ഇതു സമീപസ്ഥ ഹേതുവാണ്. സൂര്യന്റെ ചലനങ്ങളാണ് ഈ സമീപസ്ഥ കാരണത്തെ നിയന്ത്രിക്കുന്ന വിദൂര ഘടകം. സൂര്യനും ചന്ദ്രനും ഉൾപ്പെടെയുള്ള പ്രപഞ്ചത്തിലെ മുഴുവൻ ഘടകങ്ങൾക്കും സൃഷ്ടി – സ്ഥിതി – സംഹാര പ്രക്രിയയിൽ ദൈവം പങ്ക് നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റം ഇതിനു തെളിവാണ്. സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണ് എല്ലാ ഹേതുക്കളും.

അൽറാസി

ഇസ്ലാമിലെ കിടയറ്റ ഭിഷഗ്വരൻ, തത്ത്വചിന്തകൻ, രസതന്ത്രജ്ഞൻ , സംഗീതജ്ഞനുമായ അൽറാസി (ജനനം ടെഹ്റാൻ 865 – 932 ) യുടെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ യൂറോപ്പിന്റെ പ്രധാന വൈദ്യശാസ്ത്ര പാഠപുസ്തകങ്ങളായിരുന്നു. യുക്തിയിൽ മാത്രം വിശ്വസിച്ച ദാർശനികനായിരുന്നു റാസി . വൈദ്യത്തിലെന്നപോലെ തത്ത്വചിന്തയിലും പരീക്ഷണവും നിരീക്ഷണവുമാണ് അറിവിന്റെ ഉറവിടങ്ങളായി റാസി കണ്ടത്. അർറാസി വെളിപാടിനും ആധ്യാത്മിക ഉൾക്കാഴ്ചക്കും മീതെയാണ് യുക്തിക്ക് സ്ഥാനം കൽപിക്കുന്നത്. യുക്തിബാഹ്യമായ ജ്ഞാന സ്രോതസ്സുകളെയൊന്നും അദ്ദേഹം അംഗീകരിച്ചില്ല. അൽകിന്ദിയുടേതിൽനിന്ന് ഭിന്നമായ നിലപാടായിരുന്നു റാസിയുടേത്.
റാസിയുടെ തത്ത്വചിന്തയുടെ ആധാരശിലയാണ് അഞ്ച് അനശ്വരതകളെക്കുറിച്ചുള്ള തത്ത്വം. റാസിയുടെ ഈ തത്ത്വങ്ങളെ കുറിച്ച് അൽബിറൂനിയിൽ നിന്നാണ് നാം മനസ്സിലാക്കുന്നത്. 1) സ്രഷ്ടാവ്, 2) ആത്മാവ്, 3) ദ്രവ്യം, 4) സ്ഥാനം 5) കാലം എന്നിവയാണ് പ്രസ്തുത അനശ്വരതകൾ. ഇവയിൽ അദ്ദേഹം കാലത്തെ കേവല കാലം, കാലയളവ് എന്നിങ്ങനെ രണ്ടായി വ്യവഹരിക്കുന്നുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത അനന്തമായ കാലമാണ് കേവല കാലം. കാലയളവ് ആപേക്ഷികമാണ്. സംഖ്യ കൊണ്ട് പരിമിതപ്പെടുത്താൻ അഥവാ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നതാണിത്. ഇങ്ങനെ സംഖ്യ കൊണ്ട് അടയാളപ്പെടുത്താൻ സാധിക്കുന്നത് അനശ്വരമോ ശാശ്വതമോ അല്ല.

പ്രപഞ്ചത്തിന്റെ നിലനിൽപിന് മേൽസൂചിപ്പിച്ച അഞ്ച് അനശ്വരതകൾ അനിവാര്യമാണെന്ന് റാസി സിദ്ധാന്തിച്ചു . സ്ഥലമില്ലാതെ ഒന്നിനും സ്ഥിതി ചെയ്യാനാവില്ല . ഒരു വസ്തുവെ പഴയതും പുതിയതും ആക്കുന്നത് കാലമാണ് . ജീവനുള്ള വസ്തുക്കൾക്ക് ആത്മാവ് ഉണ്ടായിരിക്കണം . ദ്രവ്യങ്ങൾ ചേരുമ്പോഴാണ് വസ്തുക്കൾ ഉണ്ടാവുന്നത് . കുറ്റമറ്റ രീതിയിൽ ഇവയെല്ലാം ഉണ്ടാവണമെങ്കിൽ സ്രഷ്ടാവ് അനിവാര്യമാണ് . പ്രപഞ്ചത്തിലെ അനിവാര്യ അസ്തിത്വങ്ങളാണ് ഈ അഞ്ച് അനശ്വരതകൾ .

അഞ്ച് അനശ്വരതകളിൽ രണ്ടെണ്ണം സജീവവും സക്രിയവുമാണ്. സ്രഷ്ടാവ് , ആത്മാവ് എന്നിവയാണവ . ഒന്ന് നിർജീവവും നിർഗുണവുമാണ് . ദ്രവ്യം അഥവാ പദാർഥം ആണത് . അണുക്കളാൽ നിർമിക്കപ്പെടുന്നതാണ് വസ്തുക്കൾക്കാധാരമായ പദാർഥം . ഓരോ ആറ്റത്തിനും പിണ്ഡമുണ്ട് . അല്ലെങ്കിൽ ഒരു വസ്തുവും രൂപപ്പെടുമായിരുന്നില്ല . ലോകം നശിപ്പിക്കപ്പെട്ടാൽ അത് അണുക്കളായി വിഘടിക്കും . ഒന്നും ശൂന്യതയിൽനിന്ന് ഉണ്ടാവുന്നില്ല എന്നതിനാൽ പദാർഥം നേരത്തെ ഉണ്ടായിരുന്നു എന്ന് സങ്കൽപിക്കേണ്ടിയിരിക്കുന്നു . ഏറ്റവും സാന്ദ്രമായ ദ്രവ്യമാണ് ഭൂമിയാവുന്നത് , ഏറ്റവും ശുദ്ധമായ ദ്രവ്യം വെള്ളവും സാന്ദ്രത കുറഞ്ഞ് നേർത്ത ദ്രവ്യം വായുവും അതിനെക്കാൾ നേർത്തത് അഗ്നിമാകുന്നു . പദാർഥ കണികകൾ ചേർന്നാണ് വസ്തുക്കളുണ്ടാക്കുന്നത് . ദൈവം സൃഷ്ടിക്കുന്നു എന്നു പറയുമ്പോൾ ഇല്ലായ്മയിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കുന്നു എന്നല്ല , ഉള്ള പദാർഥങ്ങൾ സംയോജിപ്പിച്ച് പുതിയ വസ്തുക്കൾക്ക് രൂപം നൽകുന്നു . അതിനാൽ പദാർഥം നേരത്തെയുണ്ട് . അത് അനശ്വരമാണ് . മറ്റു രണ്ടെണ്ണം_ സ്ഥലം , കാലം _ സജീവമോ നിർജീവമോ സക്രിയമോ നിഷ്ക്രിയമോ അല്ല . സ്ഥലം (മകാൻ) എന്നതു പോലെ ശൂന്യത (ഖലാഅ )യുമുണ്ടാവും .

യവന വൈദ്യപണ്ഡിതൻ ഗാലന്റെ പല നിഗമനങ്ങളുമായി റാസി വിയോജിപ്പു രേഖപ്പെടുത്തിയിട്ടുണ്ട്.

ഉമർ ഖയ്യാം

കവിയും ദാർശനികനും ശാസ്ത്രജ്ഞനുമായ ഉമർ ഖയ്യാം (ജനനം നിഷാപൂർ , ഇറാൻ 1048_1131) മുസ്ലീം ധൈഷണിക ചരിത്രത്തിലെ അപൂർവ പ്രതിഭകളിലൊന്നായി വിലയിരുത്തപ്പെടുന്നു . ഗണിതശാസ്ത്രത്തിനും തത്ത്വചിന്തക്കും ഗണ്യമായ സംഭാവനകൾ നൽകിയെങ്കിലും റുബാഇയ്യാത്തിന്റെ കീർത്തിയിൽ അവ മുങ്ങിപ്പോവുകയാണുണ്ടായത് . ഇബ്നു സിനയുടെ ‘ ഇശാറാത്ത് ‘ എന്ന കൃതിയിൽ ആകൃഷ്ടനായ ഖയ്യാം ജീവിതാന്ത്യം വരെ ആ കൃതി പാരായണം ചെയ്തുകൊണ്ടിരുന്നു . സംവാദസദസ്സുകളിൽ ഉമർ ഖയ്യാം സംബന്ധിക്കാറുണ്ടായിരുന്നില്ല . എങ്കിലും ‘ ഏകാംഗ സർവകലാശാല ‘ യായി അദ്ദേഹം പ്രശസ്തനായി . അന്തർമുഖനായിരുന്നെങ്കിലും പണ്ഡിതന്മാരുമായുള്ള സൗഹൃദം ഉമർ ഖയ്യാം ഇഷ്ടപ്പെട്ടു .

കൺമുന്നിൽ കാണുന്നതെല്ലാം നശ്വരമാണ് എന്ന ബോധമാണ് ഉമർ ഖയ്യാം പകർന്നുതരുന്ന ജ്ഞാനവീഞ്ഞിന്റെ ഒന്നാമത്തെ തുള്ളി . ജീവിതം നശ്വരമാണ് . സഹനങ്ങളുടെ ഇടവിടവില്ലാത്ത ചക്രമാണ് ജീവിതം . നല്ലവനായ ദൈവം എന്തിനിങ്ങനെ , ഒരു തീർച്ചയിലും സ്വയം എത്തിച്ചേരാനാവാത്ത ജീവിതം നമുക്ക് നൽകി എന്ന ചോദ്യത്തിന് ഉത്തരമില്ല . അതിനാൽ ഈ കാണുന്ന യാഥാർഥ്യത്തെ അതേപടി സ്വീകരിക്കുകയേ നിർവാഹമുള്ളു . ‘ഇവിടെ ‘ ‘ഇപ്പോൾ ‘ എന്നതിനെ എങ്ങനെ സമീപിക്കണം എന്നതാണ് ഖയ്യാമിനെ അലട്ടുന്ന ദാർശനിക പ്രശ്നം .

ജീവിതത്തിനുമേൽ അസ്ഥിരതയുടെ മുദ്രചാർത്തുന്ന മരണം ഖയ്യാമിയൻ ചിന്തയുടെ പ്രധാന വ്യവഹാര മണ്ഡലങ്ങളിലൊന്നായത് സ്വാഭാവികമാണ് . മരണം ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള ഉപാധിയാണ് ഖയ്യാമിന് . മരണം നിഗൂഢതകളിലേക്കുള്ള തുറവിയാണത് . എന്നാൽ ആ ദിവ്യരഹസ്യങ്ങൾ നമ്മുടെ ജ്ഞാനേന്ദ്രിയങ്ങൾക്കപ്പുറത്താണ് . അസ്തിത്വപരമായ പൂർവ നിശ്ചിതത്വത്താൽ ബന്ധിതമാണ് മനുഷ്യജന്മം . നാം സ്വയം തെരഞ്ഞെടുത്തതല്ല ഈ ജീവിതം . നിയതി നമുക്ക് നൽകിയതാണിത് . അസ്തിത്വം അതിന്റെ ചതുരംഗപ്പലകയിൽ നമ്മെ കൊണ്ടുവന്നു നിർത്തിയിരിക്കുന്നു . നിരാസക്തമായി ഈ കളിയിൽ പങ്കുചേരാൻ ജ്ഞാനത്തിന്റെ വീഞ്ഞ് നമ്മെ സഹായിക്കും . ഈ ജ്ഞാനത്തിന്റെ വിഞ്ഞ് കുടിച്ച് ജീവിതത്തെ ഭയമില്ലാതെ നേരിടുക എന്ന് ഖയ്യാം ആഹ്വാനം ചെയ്യുന്നു . ജ്ഞാനം എല്ലാ ഭയങ്ങളിൽനിന്നും നമ്മെ സ്വതന്ത്രരാക്കും . ജീവിതത്തിന്റെ സ്ഥിരതയില്ലായ്മ , തിന്മയും ദൈവിക നീതിയും , മനുഷ്യാവസ്ഥ , മരണം . ഇവയാണ് റുബാഇയ്യാത്തിന്റെ ദാർശനിക പ്രമേയങ്ങളായി പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത് .

റുബാഇയ്യാത്തിന് ആധ്യാത്മിക വ്യാഖ്യാനം രചിച്ചവരാവട്ടെ സൂഫിസത്തിന്റെ ഹൃദയവും ആത്മാവുമാണ് അതിൽ ഉപദർശിക്കുന്നത് . ഈശ്വരചൈതന്യത്തിന്റെ അതിശയത്വം , അനുരാഗം , ആത്മീയയാത്ര സത്താപരമായ ഏകത തുടങ്ങിയ സൂഫിസത്തിന്റെ പ്രധാന പ്രമേയങ്ങളെല്ലാം റുബാഇയ്യാത്തിൽ അവർ വായിക്കുന്നു .

തത്ത്വചിന്ത പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മതപരിത്യാഗികളായി പരിഗണിക്കപ്പെടുകയും അക്കാരണത്താൽത്തന്നെ തത്ത്വചിന്തയെ മതത്തിന്റെ വെളിച്ചത്തിൽ സാധുകരിക്കേണ്ടത് തത്ത്വചിന്തകരെ സംബന്ധിച്ചിടത്തോളം ജീവമരണ പ്രശ്നമായിരുന്നു . നിരവധി സൂക്തങ്ങളിൽ ഖുർആൻ യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുന്നു . ‘ഇഅതിബാർ ‘ എന്ന പദമാണ് ഈ ചിന്തയെ സൂചിപ്പിക്കുന്നുന്നതിന് ഖുർആൻ ഉപയോഗിച്ചിട്ടുള്ളത് . അനുമാനങ്ങൾ വഴി അറിയപ്പെടുന്നതിൽ നിന്ന് അറിയപ്പെടാത്തതിലേക്ക് എത്തിച്ചേരലാണ് ഖുർആൻ നിർദ്ദേശിക്കുന്ന ചിന്താ പ്രക്രിയ.

(തുടരും)

1. സൂഫിസം പ്രണയമാർഗ്ഗത്തിന്റെ ലാവണ്യം – സിദ്ദീഖ് മുഹമ്മദ്
2. മുസ്‌ലീം തത്ത്വചിന്ത ചരിത്രം ഉള്ളടക്കം – എ.കെ.അബ്ദുൽ മജീദ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top