Flash News

സമാധാനം (ഫാ. ഡാർലി എടപ്പങ്ങാട്ടിൽ)

October 26, 2020 , ചാക്കോ കളരിക്കൽ

(കെസിആർഎം നോർത് അമേരിക്ക ഒക്ടോബർ 14, 2020-ന് സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ഫാ, ഡാർലി എടപ്പങ്ങാട്ടിൽ നടത്തിയ പ്രഭാഷണത്തിന്റെ ലേഖന രൂപം – ചാക്കോ കളരിക്കൽ)

നമ്മുടെ ചിന്താവിഷയം “സമാധാനം” എന്നതാണ്. വി. വേദപുസ്തകത്തിൽ വി. മത്തായി 5: 9 – സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ. അവർ ദൈവത്തിൻറെ പുത്രന്മാരെന്ന് വിളിക്കപ്പെടും. യെശയ്യാ പ്രവചനം 9: 6-ൽ യേശുവിനെ ‘സമാധാനപ്രഭു’ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ, ക്രിസ്തുവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്നവർ സമാധാനത്തിൻറെ കാംക്ഷികളായിരിക്കണം. യുദ്ധം ഇല്ലാത്ത അവസ്ഥയല്ല സമാധാനം. മറിച്ച് ജാതി, മത, സഭ, വർഗ, വർണ വിവേചനകൾക്കപ്പുറം എല്ലാ മനുഷ്യരും സ്വരുമയിലും ഐക്യത്തിലും ജീവിക്കുന്നതാണ് സമാധാനം. അതിനാലാണ് യേശുവിൻറെ മഹാപുരോഹിത പ്രാർത്ഥനയിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: ‘പിതാവേ നീയും ഞാനും ഒന്നായിരിക്കുന്നപോൽ നമ്മുടെ മക്കൾ തമ്മിൽ ഒന്നാകണം’ (യോഹ. 14: 27). സമാധാനപ്രിയർ ഒന്നാകണം. അവിടെ സഭാവിഭാഗീയതയ്ക്ക് പ്രസക്തിയില്ല.

യാക്കോബായക്കാരൻ, ഓർത്തഡോക്സ്കാരൻ, പ്രൊട്ടസ്റ്റൻറ്റുകാരൻ, മാർതോമ്മാക്കാരൻ എന്നതിലുപരി ‘ഞാൻ ഒരു ക്രിസ്ത്യാനിയാണ്’ എന്നു പറയുവാൻ നമുക്ക് കഴിയണം. കാരണം ദൈവം സ്വന്തം ഛായയിലും രൂപത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത് (ഉൽപ്പത്തി 1: 26). അപരൻറെ മുഖത്ത് ദൈവത്തിൻറെ പ്രതിഛായ കാണുവാൻ സാധിച്ചാൽ പിന്നെ ആരെയും ഒന്നിൻറെയും പേരിൽ വെറുക്കുവാൻ കഴിയില്ല. യേശുവിന് സകലതും പുതുക്കുന്നവൻ എന്നൊരു പേരുണ്ട്. നവീകരണം എന്ന വാക്കിൻറെ അർത്ഥം പുതുക്കുക എന്നതാണ്. കാലത്തിൻറെ ചുവരെഴുത്ത് വായിച്ച് കാലാനുസൃതമായി നാം ആയിരിക്കുന്ന പ്രസ്ഥാനങ്ങളെ പുതുക്കുവാൻ കഴിയണം.

ജീവിച്ച കാലയളവിൽ സാമ്പ്രദായിക മതത്തെ യേശു വെല്ലുവിളിച്ചു. പരീശന്മാരേയും സാദൂക്യരേയും കപടഭക്തി അവസാനിപ്പിക്കുവാൻ അവരുടെ മുഖത്തുനോക്കി ആഹ്വാനം ചെയ്തു. കപടഭക്തിയുടെ കേന്ദ്രങ്ങളായ കേരളത്തിലെ ധ്യാനകേന്ദ്രങ്ങളിലെ ചൂഷണം അവസാനിപ്പിക്കുവാൻ ‘കൊറോണ’യെ ദൈവം അയച്ചുവെന്നതാണ് സത്യം! പീലാത്തോസിൻറെ അരമനയിൽ ഒരു തെരെഞ്ഞെടുപ്പ് കാണാം (മത്തായി അദ്ധ്യായം 27). യേശുവിനെയോ കള്ളനായ ബറാബ്ബാസിനെയോ ആരെ നിങ്ങൾക്കുവേണം എന്ന പീലാത്തോസിൻറെ ചോദ്യത്തിന് ഞങ്ങൾക്ക് “കള്ളനെ” മതിയെന്നാണ് ജനം പ്രതികരിച്ചത്. അന്നും ഇന്നും പൊതുമനസ്സ് കള്ളന്മാർ നേതൃസ്ഥാനത്ത് വരുന്നതിനെയാണ് സ്വാഗതം ചെയ്യുന്നത്. രാഷ്ട്രീയമായാലും ആത്മീയമായാലും ഏത് തലത്തിലും കള്ളന്മാർ നേതൃസ്ഥാനത്ത് വിഹരിക്കുന്നതാണ് ജനത്തിന് ഹിതകരം.

ക്രിസ്തുവിനെ ക്രൂശിച്ചതിലൂടെ സത്യം, നന്മ, സമാധാനമെല്ലാമാണ് ക്രൂശിക്കപ്പെട്ടത്. അസമാധാനത്തിൻറെ വിത്ത് പാകിയത് പീലാത്തോസും യേശുവിനെ ക്രൂശിച്ചവരുമാണ്. ഒരു വിശ്വാസി അല്പവിശ്വാസിയാകരുത്; അന്ധവിശ്വാസിയാകരുത്; അവിശ്വാസിയും ആകരുത്. വിശ്വാസിയുടെ മുഖമുദ്ര – സമാധാനത്തിൻറെ പ്രതീകം എന്നു പറയുന്നത് മൊറാലിറ്റിയും ക്രെഡിബിലിറ്റിയുമാണ്. അതിനോടൊപ്പം സുതാര്യതയും അനിവാര്യമാണ്. മേല്പറഞ്ഞ മൂന്ന് ഗുണഗണങ്ങൾ ഉള്ളവരാണ് സമാധാനപ്രിയർ.

യാക്കോബായ-ഓർത്തഡോക്സ്‌ തർക്കം 1912-ൽ തുടങ്ങിയതാണ്. തലമുറ തലമുറ കൈമാറി കാലഹരണപ്പെട്ട ഈ വഴക്ക് 2020-ലും തുടരുകയാണ്. 1974 മുതൽ പാത്രിയാർക്കാ വിഭാഗം പറയുന്നതാണ് ഭൂരിപക്ഷം അനുസരിച്ച് വിഭജിച്ച് പിരിയാം എന്ന്. ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശ്രീ. പി. സി. അലക്‌സാണ്ടറിനെ പോലുള്ള മഹാരഥന്മാർ കാലം ചെയ്ത പാരി. മാത്യൂസ് ദ്വിതീയൻ കാതോലിക്കയോട് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്. കോടതിയുടെ അനുകൂലവിധിയോടെ പാത്രിയർക്കാ വിഭാഗത്തെ പള്ളികൾ പിടിച്ചെടുക്കുന്ന ഓർത്തോഡോക്സ് നേതൃത്വം ക്രൈസ്തവ സാക്ഷ്യമാണ് നഷ്ടപ്പെടുത്തുന്നത്. “വിയോജിപ്പിലൂടെ യോജിപ്പ്” എന്ന തത്വത്തിൽ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ച്ചാമനോഭാവം പ്രകടിപ്പിച്ച് ഒന്നാകണമെന്നത് കാലത്തിൻറെ ആവശ്യമാണ്. അല്ലാത്ത പക്ഷം, ഇരുഭാഗത്തുനിന്നും വിശ്വാസികൾ ഇതര പ്രാർത്ഥനാഗ്രൂപ്പുകളിലേക്ക് ചേക്കേറും. അവസാനം ഇരുവിഭാഗത്തിലും ഏതാനും തീവ്രവാദികൾ അവസാനിക്കും. സമാധാനം പ്രസംഗിക്കുന്നവരല്ലാ…..സമാധാനം ഉണ്ടാക്കുന്നവരാണ് ദൈവപുത്രന്മാർ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top