Flash News

ബംഗാളില്‍ ബിജെപിയോട് ഏറ്റുമുട്ടാന്‍ ശക്തിയില്ലാതെ സിപി‌എം; കോണ്‍ഗ്രസ്സുമായി സഖ്യത്തിലായേക്കും

October 27, 2020

ന്യൂഡല്‍ഹി : ബിജെപിയോട് പൊരുതി ജയിക്കാനുള്ള ശക്തിയില്ലാതെ ബംഗാളിലെ നിലനില്പ് പരുങ്ങലിലായ സിപി‌എം കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ സാധ്യതയേറുന്നു. ദീര്‍ഘകാല സഖ്യം കോണ്‍ഗ്രസുമായി ഉണ്ടാക്കാനുള്ള സിപി‌എമ്മിന്റെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പോളിറ്റ് ബ്യൂറോ ഈ സഖ്യത്തിന് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 30,31 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ ഇടയുണ്ട്.

ബംഗാളിലെ പ്രധാന പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസിനോടും, ബിജെപിയോടും ഏറ്റുമുട്ടാന്‍ ശക്തിയില്ലാതെ ക്ഷയിച്ച് പോയ സിപിഎമ്മിന് മുന്നില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാതെ വേറെ വഴിയില്ല. 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ല. കേവലം ആറ് ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റുകളുണ്ട്. സിപിഎമ്മിന് 30-ല്‍ താഴെ മാത്രമാണ് അംഗങ്ങളുള്ളത്.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ വിമുഖതപ്രകടിപ്പിച്ചിരുന്ന കേരളഘടകം ഒടുവില്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിനൊപ്പം പച്ചകൊടി കാണിച്ചുവെന്നാണ് അറിയുന്നത്. അതല്ലാതെ മറ്റ് വഴികളില്ലെന്ന തിരിച്ചറിവുകളാണ് കേരളഘടകത്തെ പ്രേരിപ്പിച്ചതെന്നാണ് ഒരുമുതിര്‍ന്ന നേതാവ് പറഞ്ഞത്. ഇപ്പോള്‍ ബിഹാറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന സഖ്യത്തിനൊപ്പമാണ് സിപിഎം, സിപിഐ, സിപിഐ എംഎല്‍ എന്നീ ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്നത്.

കോണ്‍ഗ്രസുള്‍പ്പെടെയുള്ള കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടുന്നത് സിപിഎമ്മിന്റെ നയങ്ങള്‍ക്കെതിരാണെന്നൊക്കെ പറഞ്ഞിരുന്നവരാണ് ഇപ്പോള്‍ സഖ്യത്തിനായി കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുന്നത്. ബംഗാളില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാതെ വേറെവഴിയില്ലെന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും നേതൃത്വം കൊടുത്ത സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് ലോക് സഭാംഗങ്ങളെ സിപിഎമ്മിന് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച പോസ്റ്ററുകളും, ബാനറുകളും ഇറക്കിയാണ് വോട്ട് നേടിയത്. ഇതിലും ദയനീയമായ അവസ്ഥയാണ് സിപിഎം ബംഗാളില്‍ നേരിടുന്നത്. ഏറ്റവുമൊടുവില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് നേടിയാണ് സിപിഎമ്മിന്റെ അംഗമായ ബികാസ് രഞ്ജന്‍ ഭട്ടാതാരിയ തിരഞ്ഞെടുക്കപ്പെട്ടത്. ബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ രാജ്യസഭാംഗമാണ് ഇദ്ദേഹം.

സഖ്യമുണ്ടാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബംഗാള്‍ പിസിസി പ്രസിഡന്റും, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവുമായ അധീര്‍രഞ്ജന്‍ ചൗധരിയുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം നേതൃത്വം, തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിന് അനുകൂലമാണ്. സഖ്യത്തെ സംബന്ധിച്ച് കൃത്യമായ നിലപാട് അറിയിച്ചുകഴിഞ്ഞാല്‍ കൂട്ടായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. രണ്ട് പാര്‍ട്ടികളുടെയും അണികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുങ്ങണമെങ്കില്‍ സഖ്യത്തെക്കുറിച്ച് വ്യക്തമായ ധാരണ നേരത്തെ പ്രഖ്യാപിക്കണമെന്നാണ് അധീര്‍രഞ്ജന്‍ ചൗധരിയുടെ നിലപാട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top