Flash News

സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കു തന്നെയെന്ന് രമേശ് ചെന്നിത്തല

October 27, 2020

സംസ്ഥാനത്ത് ഏറെ വിവാദമായ സ്വര്‍ണ്ണ കള്ളക്കടത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണ്ണ കള്ളക്കടത്തു മാത്രമല്ല, ഡോളര്‍ കള്ളക്കടത്തു മനുഷ്യക്കടത്തും നാടു കടത്തലുമൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്. ഇവയെല്ലാം നടത്തുന്നതാകട്ടേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ കൂട്ടാളികളായ സ്വപ്ന സുരേഷും സംഘവും. ഇത്രയൊക്കെ സംഭവിച്ചിട്ടും മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ ഗിരി പ്രഭാഷണം നടത്തുന്നത് ആരെ കബളപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

എന്‍ ഐ എയും കസ്റ്റംസും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവസ് സെക്രട്ടറി ശിവശങ്കര്‍ ഹവാല ഇടപാടിനും സ്വര്‍ണ്ണക്കള്ളടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വിവരമാണ് ശിവശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടോ ഓഫീസിന് ഈ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായുള്ള ബന്ധം എങ്ങിനെ എത്തി നില്‍കുന്നു എന്നത് വ്യക്തമാക്കുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളും മുഖ്യമന്ത്രിയും പുറത്തുവിടുന്ന പ്രസ്താവനകളില്‍ പൊരുത്തക്കേടുകളുണ്ട്. അന്വേഷണം ശരിയായ ദിശയിലൂടെ ആണ് പോകുന്നതെന്നാണ് മുഖ്യമന്ത്രി പല തവണ പത്ര സമ്മളനത്തില്‍ പറഞ്ഞത്. അത് മുഖവിലക്കടുത്താല്‍ ഈ അന്വേഷണ ഏജ്ന്‍സികള്‍ പുറത്ത് വിടുന്ന മൊഴികള്‍ വിശ്വസീനയമാണെന്ന് കരുതേണ്ടി വരും. അരോപണവിധേയനായ മന്ത്രി ജലീല്‍, മകന് ജോലി തേടാന്‍ വേണ്ടി പോയ മറ്റൊരു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാനകണ്ണിയെന്ന നിലയില്‍ മൊഴി പുറത്ത് വന്നിട്ടുള്ളഇടത് എം എല്‍ എ കാരാട്ട് റസാഖ്, ഇടതു കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സ്വര്‍ണ്ണക്കള്ളടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ബന്ധം ഇടതുമുന്നണിക്കാണെന്നാണ്. ഇപ്പോള്‍ നെഞ്ചിടിപ്പ് വര്‍ധിക്കുന്നതും മുട്ടുകൂട്ടിയിടിക്കുന്നതും മുഖ്യമന്ത്രിയുടേതാണ്. തെളിവുകള്‍ ഓരോ ദിവസം പുറത്ത് വരുമ്പോളും മുഖ്യമന്ത്രി വസ്തുതകളെ മറച്ച് വയ്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതു പോലെ നാറിയ ഇടപാടുകള്‍ നടത്തിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ല.

സ്വര്‍ണ്ണക്കടത്ത് സംഘവുമായി മുഖ്യമന്ത്ിരയുടെ ഓഫീസിന് മാത്രമല്ല ഇടതു നേതാക്കള്‍ക്കും ബന്ധമുണ്ടെന്നാണ് ബന്ധമുണ്ടെന്ന് മൊഴികള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി മഞ്ഞുമലയുടെ അറ്റം മാത്രമാണ്.

സി പി എമ്മില്‍ ആര്‍ക്കൊക്കെയാണ് ബന്ധമെന്നതിന്റെ തെളിവുകള്‍ പുറത്ത് വരാന്‍ പോകുന്നതേയുളളു.

കൊടുവള്ളി സംഘത്തിന് വേണ്ടിയാണ് റെമീസും സന്ദീപും സ്വര്‍ണ്ണം കടത്തിയതെന്നാണ് സൗമ്യ മൊഴി നല്‍കിയിട്ടുള്ളത്. ഈ കൊടു വള്ളി സംഘവുമായി സി പിഎം ഉന്നത നേതാക്കള്‍ക്കുള്ള ബന്ധം നാട്ടില്‍ പാട്ടാണ്. കോടിയേരി ബാലകൃഷ്ണന്‍ തന്റെ കേരളയാത്രക്ക് ഈ സംഘത്തിന്റെ വാഹനമാണ് ഉപയോഗിച്ചത്. ജനകൂട്ടത്തില്‍ നിന്ന് രക്ഷപെടാനാണ് ഈ വാഹനത്തില്‍ കയറിയത് എന്നാണ് കോടിയേരി പറഞ്ഞത്. ജനങ്ങളില്‍ നിന്ന് ഒരു രാഷ്ട്രീയ നേതാവ് രക്ഷപെടുന്നത് കള്ളക്കടത്ത് കാരുടെ കൂപ്പറിലാണോ? കള്ളക്കടത്തുകാരുടെ കൂപ്പറില്‍ കയറി രക്ഷപ്പെട്ട കോടിയേരിക്ക് ജനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അത് കാലം തെളിയിക്കും.

സി പി എം നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്. അതാണ് അവര്‍ക്കിത്ര വേവലാതി. തന്റെ ഓഫീസുമായി സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക് ഒരു ബന്ധവുമില്ലന്നാണല്ലോ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ് ഈ സംഘത്തിന്റെ തലവന്‍ നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വപ്നയുമായി ശിവശങ്കരനുണ്ടായിരുന്നത് വഴി വിട്ടസൗഹൃദം മാത്രമല്ലന്നാണ് തെളിയുന്നത്. ശിവശങ്കരന് എല്ലാം അറിയാമായിരുന്നു എന്നാണ് പുറത്ത് വന്ന മൊഴികള്‍ വ്യക്തമാക്കുന്നത്. ഈ പ്രവര്‍ത്തനത്തിന് ശിവശങ്കരന്‍ തന്റെ പദവി ദുരുപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി ഏറ്റവും വിശ്വസ്തനും പ്രതിപുരുഷനുമായി പ്രവര്‍ത്തിച്ചയാളാണ് ശിവശങ്കരന്‍. ആ നിലക്ക് മുഖ്യമന്ത്രിയും ഇതൊന്നും അറിയാതെ പോകാന്‍ വഴിയില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്രിലേക്ക് നീങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ എങ്ങനെ കഴിയും?മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ അഴിമതികള്‍ ഒന്നോന്നായി പുറത്തു കൊണ്ടു വരുന്നതിനാല്‍ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണ്. അതിലെനിക്ക് പരാതി ഇല്ല. നിങ്ങള്‍ പറയുന്ന ആരോപണങ്ങള്‍ക്ക് 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല.

അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടു കിടക്കുന്ന മുഖ്യമന്ത്രിയും സി പി എമ്മും അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാന്‍ തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ്. എത്ര വ്യക്തിപരമായി ആക്രമിച്ചാലും എത്ര ആരോപണങ്ങളുന്നയിച്ചാലും തീവെട്ടി കൊള്ള നടത്തുന്ന ഈ സര്‍ക്കാരിനെതിരായ യു.ഡി.എഫിന്റെ പോരാട്ടം മു്‌ന്നോട്ട് തന്നെ പോകും.

ആര്‍ എസ് എസുമായി ബന്ധപ്പെടുത്തി എന്നെ ആദ്യം ആക്ഷേപിക്കാന്‍ നോക്കിയത് സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. അത് ഏശാതെ വന്നപ്പോള്‍ മണ്‍മറഞ്ഞ തന്റെ പിതാവിനെ ആക്ഷേപിച്ചു. സി പി എം പൊളിറ്റ്ബ്യുറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ളയാണ് യഥാര്‍ത്ഥ ആര്‍ എസ് എസ് എന്ന സത്യം പുറത്ത് വന്നതോടെ കോടിയേരി ഇളിഭ്യനായി. പിന്നെ ഒരക്ഷരം അതിനെക്കുറിച്ച് പറഞ്ഞില്ല.

പിന്നീട് സ്വപ്ന എനിക്ക് മൊബൈല്‍ഫോണ്‍ തന്നു എന്ന പച്ചക്കള്ളം കൊടിയേരി ആവര്‍ത്തിച്ചു. കോടിയേരിയുടെ മുന്‍ പി എ ക്കാണ് ഫോണ്‍ കിട്ടിയതെന്ന സത്യം പുറത്ത് വന്നതോടെ അതും പൊളിഞ്ഞു.

അതോടെ കോടിയേരി പത്തിമടക്കി. തുടര്‍ന്നാണ് പിണറായി അധിക്ഷേപവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഏതോ ബി ജെ പി നേതാവ് പറഞ്ഞത് കേട്ട് വ്യക്തത വരുത്താനാണ് ഞാന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെപ്പറ്റി പറഞ്ഞതെന്നാണ് മുഖ്യമന്ത്രി തട്ടി വിട്ടിരിക്കുന്നത്. അങ്ങിനെ പറഞ്ഞാലെങ്കിലും ജനങ്ങളുടെ ശ്രദ്ധ അല്‍പ്പ സമയത്തേക്കെങ്കിലും അഴിമതിക്കേസില്‍ നിന്ന് മാറുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നത്.

രാഹുല്‍ഗാന്ധി പറഞ്ഞതിനെപ്പറ്റി താനെന്തോ പറഞ്ഞുവെന്ന് പറഞ്ഞ് വിലപിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതി.

രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്. അദ്ദേഹം ദേശീയ നേതാവാണ്. ദേശീയ കാഴ്ചപ്പാടിലാണ് അദ്ദേഹം കാര്യങ്ങള്‍ വിലയിരുത്തുന്നതും പറയുന്നതും. ആ നിലക്കാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ കാണേണ്ടത്. ഞാന്‍ പറഞ്ഞത് അതാണ് . അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ബി.ജെ.പിയും സി.പി.എമ്മും ഒരു പോലെ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യില്‍ ബി ജെ പിയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസിന് മാത്രമാണ്. ഒന്നോ ഒന്നരയോ സംസ്ഥാനത്ത് മാത്രം വേരുകളുള്ള സി.പി.എമ്മിന് കോണ്‍ഗ്രസിനോടൊപ്പം നില്‍്ക്കാതെ അസ്ഥിത്വമില്ല. അങ്ങനെ ഒരു പാര്‍ട്ടി എങ്ങിനെ ബി ജെ പിയെ നേരിടും?

ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള യുദ്ധമാണ് നടക്കുന്നത്. കാഴ്ചക്കാരുടെ റോള്‍ പോലും സി പി എമ്മിനില്ല. കാരണം ഗ്യലറിയില്‍ ഇരുന്ന് കളി കാണാന്‍ പോലും അവര്‍ക്ക് ആളില്ല.

സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രഖ്യപിത നയങ്ങളം നിലപാടുകളും കാറ്റില്‍ പറത്തിയാണ് പിണറായി വിജയന്‍ ഭരണം നടത്തുന്നത്. മൂലധന ശക്തികളുടെ ഏജന്റായാണ് അദ്ദേഹം ഫലത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്പ്രിംഗ്‌ളര്‍ പോലുള്ള അന്താ രാഷ്ട്രകമ്പനികളെ കൊണ്ടു വരികയും മുതലാളത്ത കമ്പനികളുമായി ഒത്തു ചേര്‍ന്ന് കണ്‍സള്‍ട്ടന്‍സി രാജ് നടപ്പാക്കിയതും പിണറായിയാണ്. മുതലാളിത്തത്തിന്റെ കൂര്‍ത്തു മൂര്‍ത്ത ദൃംഷ്ട്രങ്ങള്‍ എന്ന് കമ്യൂണിസ്റ്റ്കാര്‍ വിശേഷിപ്പിക്കുന്ന സ്റ്റോക്ക് എക്‌സചേഞ്ചില്‍ പോയി മണി മുഴക്കിയ പിണറായി കമ്യൂണിസത്തിന്റെ മരണമണിയാണ് മുഴക്കിയത്.

തന്നെ തിരുത്താന്‍ പാര്‍ട്ടിയിലെ ആരെങ്കിലും തയ്യാറാകണമെന്നാണ് പിണറായി പറയുന്നത്. സ്വന്തം അനുഭവം വച്ചായിരിക്കും പിണറായി അത് പറയുന്നത്. അദ്ദേഹത്തെ തിരുത്താനും നന്നാക്കാനും വേണ്ടിയായിരുന്നല്ലോ സി പി എം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും പി ബി യില്‍ നിന്ന് പോലും പുറത്താക്കുകയും ചെയ്തത്. എനിക്കെതിരെ എന്റെ പാര്‍ട്ടി അതുപോലെയുള്ള അച്ചടക്ക നടപടികള്‍ ഏതായാലും എടുത്തട്ടില്ല. അതിനാല്‍ പിണറായി സ്വയം നന്നായാല്‍ മതി.

കേരളത്തില്‍ കഴിഞ്ഞ നാലരവര്‍ഷമായി കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ദുര്‍ബലപ്പെടുത്താന്‍ ബി ജെ പിയെയും ആര്‍ എസ് എസിനെയും ഒളിഞ്ഞു തെളിഞ്ഞും ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് സി പിഎമ്മും പിണറായിയും. ശബരിമല വിഷയത്തില്‍ നാം അത് പ്രത്യക്ഷമായി കണ്ടതാണ്.

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിനെ അന്ധമായി അനുകരിക്കുകയാണ് പിണറായി ചെയ്യുന്നത്. ഇന്നു വരെ നരേന്ദ്രമോദിക്കെതിരെ ഒരക്ഷരം പറയാന്‍ കഴിഞ്ഞ നാലര വര്‍ഷത്തില്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ല.

നരേന്ദ്ര മോദി എന്ന വാക്കുച്ചരിക്കാന്‍ പേടിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.

വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ നരാധമന്‍മാരെ രക്ഷപെടുത്തുകയും അതിന് കൂട്ടു നിന്ന പൊലീസ് ഉദ്യേഗസ്ഥന്‍മാര്‍ക്ക് ഉദ്യേഗക്കയറ്റം നല്‍കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ യു പി യിലെ ആദിത്യനാഥ് സര്‍ക്കാരുമായി എന്താണ് വ്യത്യാസം? ഒരേ തൂവല്‍ പക്ഷികളാണ് പിണറായിയും യോഗി ആദിത്യ നാഥുമെന്ന് അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top