Flash News

വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു, രണ്ടു പേര്‍ അറസ്റ്റില്‍, ലൗ ജിഹാദാണെന്ന് പെണ്‍‌കുട്ടിയുടെ കുടുംബം

October 27, 2020

ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. സംഭവം ലൗ ജിഹാദാണെന്ന് കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന തൗസീഫ് എന്ന യുവാവ് പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തൗസീഫ് പെണ്‍കുട്ടിയെ മതം മാറാന്‍ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചതോടെ തട്ടിക്കൊണ്ടുപോകാനായിരുന്നു യുവാവിന്റെ ശ്രമമെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടാണ് നികിത തോമാര്‍ (21) എന്ന വിദ്യാര്‍ഥിനിയെ കോളേജിന് മുന്നിലെ റോഡില്‍വെച്ച് രണ്ട് പേര്‍ വെടിവെച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ ഒരു യുവാവ് ആദ്യം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇതിനെ ചെറുത്തതോടെ കാറില്‍നിന്ന് മറ്റൊരാള്‍ പുറത്തിറങ്ങുകയും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്ത് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെയും വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുഖ്യപ്രതിയായ തൗസീഫിനെയും ഇയാളുടെ കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ലൗജിഹാദ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

2018-ല്‍ തൗസീഫിനെതിരേ നികിതയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് കേസെടുത്തെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം തന്നെ കേസ് പിന്‍വലിക്കുകയായിരുന്നു. അതേസമയം, തൗസീഫിനെ പെണ്‍കുട്ടി അവഗണിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

അടുത്തിടെയായി പെണ്‍കുട്ടി തൗസീഫുമായി സംസാരിച്ചിരുന്നില്ല. ഇയാളുടെ ഫോണ്‍കോളുകളും എടുത്തില്ല. പിന്നീട് യുവാവിന്റെ നമ്പറും പെണ്‍കുട്ടി ബ്ലോക്ക് ചെയ്തു. തിങ്കളാഴ്ച നികിത പരീക്ഷ എഴുതാന്‍ കോളേജില്‍ വരുമെന്ന് യുവാവിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് സുഹൃത്തിനൊപ്പം കോളേജിന് പുറത്ത് കാത്തിരുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും ഇത് ചെറുത്തപ്പോള്‍ വെടിവെച്ച് കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കേസ് നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

അതിനിടെ, പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയരുന്നത്. പ്രതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. വിവിധയിടങ്ങളില്‍ പ്രതിഷേധ സമരങ്ങളും അരങ്ങേറി. പെണ്‍കുട്ടി പഠിച്ചിരുന്ന കോളേജിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഫരീദാബാദില്‍ പ്രതിഷേധക്കാര്‍ ഒരു കട അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top