Flash News

സാമ്പത്തിക സം‌വരണത്തിനെതിരെയും മുസ്ലിം സംഘടനകള്‍ക്കെതിരെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം

October 28, 2020

യു ഡി എഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും സാമ്പത്തിക സം‌വരണത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട് ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടം. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ രൂക്ഷ വിമർശനങ്ങളാണ് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്. മുസ്ലീം ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ കുറ്റപ്പെടുത്തി. ലീഗിന്‍റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്.

അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും ഇദ്ദേഹം ചോദിക്കുന്നു. എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്ന് ജോസഫ് പെരുന്തോട്ടം. യുഡിഎഫിന്‍റെ വെൽഫെയർ പാർട്ടി സഖ്യത്തിനും രൂക്ഷ വിമർശനമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ഉയര്‍ത്തുന്നത്.

മുസ്ലിം ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ കുറ്റപ്പെടുത്തി. ലീഗിന്റെ നിലപാടില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്- ലേഖനത്തില്‍ ചോദിക്കുന്നു.

സംവരണ വിഷയത്തില്‍ വിവിധ ബിജെപി., കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ലേഖനം പരിശോധിക്കുന്നുണ്ട്. സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലിം ലീഗിന്റെ രണ്ടു എംപിമാരും എ.ഐ.എം.ഐ.എമ്മിന്റെ ഒരു എംപിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു.

കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു. വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍ സാധിച്ചു.

ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ ഡബ്ല്യുഎസ്) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നതു തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്നു കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുത് എന്നു ശഠിക്കുന്നത് എന്തു വികാരമാണ്

ഈ വിഷയത്തില്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാലാകാലങ്ങളായി സ്വീകരിച്ചുപോന്നിട്ടുള്ള നിലപാടുകളെ വിലയിരുത്തിയാല്‍ ഇപ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരായി സമ്മര്‍ദതന്ത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ മനോഭാവം നമുക്കു മനസിലാക്കാന്‍ സാധിക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകളിലൂടെ നമുക്കൊന്നു കടന്നുപോകാം

ഭാരതീയ ജനതാ പാര്‍ട്ടി

രാജ്യത്തു സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്ത് 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. അവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടുതന്നെയാണു സാമ്പത്തിക സംവരണം ഇപ്പോള്‍ ഇന്ത്യയില്‍ പ്രായോഗികമാകാന്‍ കാരണം.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍

ജാതി- മത രഹിത സമൂഹങ്ങള്‍ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദര്‍ശങ്ങളില്‍ ഉള്‍പ്പെട്ട കാര്യങ്ങളാണല്ലോ. അവരുടെ ഈ ആദര്‍ശങ്ങള്‍ക്ക് എതിരല്ല സാന്പത്തിക സംവരണം എന്ന ആശയം. ജാതി-മത ചിന്തകള്‍ക്കതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു സാധിക്കുകയില്ല.

അതുകൊണ്ടുതന്നെ കേരളത്തിലെ എല്‍ഡിഎഫ് സംവിധാനം, ഇതുവരെ യാതൊരു സംവരണവും ലഭിക്കാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സാമ്പത്തിക സംവരണത്തെ അംഗീകരിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കു ശേഷം സംസ്ഥാനത്ത് ഈ സംവരണം നടപ്പിലാക്കിയതില്‍ കാലതാമസം ഉണ്ടായി എന്ന വസ്തുത നിലനില്‍ക്കുന്‌പോഴും ചില പരിമിതികളോടെയാണെങ്കിലും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കി എന്നതു സ്വാഗതാര്‍ഹമാണ്.

കേരളത്തില്‍ ഇ ഡബ്ല്യുഎസ് സംവരണത്തിനെതിരായി സംഘടിത രാഷ്ട്രീയ- സാമുദായിക നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി സമഗ്രമാണ്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ 579-ാമത് നിര്‍ദേശമായി, ജാതിസംവരണം ഇന്നുള്ള തോതില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10% സാന്പത്തിക സംവരണം നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതു കേരള ജനത അംഗീകരിച്ചു എന്നതിന്റെ തെളിവുകുടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അവരുടെ വിജയമെന്നു പറയാം. ഇപ്രകാരം പ്രകടനപത്രികയിലൂടെ അവര്‍ പ്രഖ്യാപിച്ച നയം ഇപ്പോള്‍ നിയമപരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട് ഈ വിഷയത്തില്‍ സുവ്യക്തമാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. ഇത് ആദ്യമായി നടപ്പിലാക്കിയത് 1992 ല്‍ നരസിംഹറാവു സര്‍ക്കാരാണ്. എന്നാല്‍, ഭരണഘടനാ പരിരക്ഷ ലഭിക്കാതിരുന്നതു കാരണം ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതിയില്‍ ഇതു പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്നു സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള സാധ്യതകളെക്കുറിച്ച്‌ പഠിക്കുന്നതിനായി 2006 ല്‍ സിന്‍ഹു കമ്മീഷനെ നിയമിച്ചത് മന്മോഹന്‍സിങ് സര്‍ക്കാരാണ്.

കൂടാതെ ബിജെപി സര്‍ക്കാര്‍ സാന്പത്തിക സംവരണത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച നൂറ്റിമൂന്നാം ഭരണഘടനാഭേദഗതി പാസായതു കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ എംപി മാരുടെയും പിന്തുണയോടുകൂടി തന്നെയാണ്. ഏറ്റവും കൗതുകകരമായ കാര്യം ബിജെപി യെക്കാള്‍ ഉദാരമായ നയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങളിലെ എട്ടു ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനം എന്ന ഒരൊറ്റ മാനദണ്ഡം മാത്രം നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ള അഞ്ച് ഏക്കര്‍ കൃഷിഭൂമി പരിധി, ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള വീട്, നാല് സെന്റ് വരെയുള്ള ഹൗസ് പ്ലോട്ട് എന്നീ മാനദണ്ഡങ്ങളെല്ലാം എടുത്തുകളഞ്ഞ ഏക സര്‍ക്കാര്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇപ്രകാരം തന്നെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂര്‍വമായിട്ടുള്ള നിലപാടുകളാണ് സ്വീകരിച്ചുവരുന്നത് എന്നു നമുക്കു കാണാന്‍ സാധിക്കും.

മുസ്ലിം ലീഗ്

സാമ്പത്തിക സംവരണ വിഷയത്തില്‍ ഭാരതത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും മാത്രമാണ്. ഇത് ഒരിക്കലും എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് എന്ന് കണക്കാക്കാന്‍ സാധിക്കുകയില്ല. കാരണം വ്യത്യസ്തമായ ചിന്താധാരകളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തത്വത്തിലും പ്രയോഗത്തിലും സാന്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോള്‍ ലീഗ് ശക്തമായി എതിര്‍ക്കുകയാണു ചെയ്യുന്നത്.

പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അതിനെ അനുകൂലിച്ചു. അന്നു സന്നിഹിതരായിരുന്ന 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച്‌ വോട്ട് ചെയ്തു. അന്ന് എതിര്‍ത്ത് വോട്ട് ചെയ്ത മൂന്നുപേര്‍ മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളും എഐഎംഐഎം(ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുള്‍ മുസ്ലീമിന്‍)ന്റെ ഒരംഗവും ആയിരുന്നു. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണ്.

ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ ഹാഗിയ സോഫിയ വിഷയത്തിലും നമ്മള്‍ കണ്ടതാണ്. ഒരു മതത്തിനാകെ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 12% വരെ സമുദായ സംവരണം അനുഭവിച്ചുപോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങള്‍ ഇതര സമൂഹങ്ങള്‍ക്കു ഭീഷണിയാകുന്നുണ്ടോ എന്ന സംശയം ന്യായമാണ്.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികള്‍ ഏതാണ്ടു പൂര്‍ണമായും മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമാണ്. സ്‌കോളര്‍ഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങളില്‍ 80 ശതമാനവും ഈ സമുദായത്തിന് മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍പോലും സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുന്‌പോള്‍ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുന്നു.

സൗജന്യ കോച്ചിങ് സെന്ററുകള്‍, മഹല്‍ സോഫ്റ്റ് തുടങ്ങിയ ധാരാളം സൗജന്യ പദ്ധതികള്‍ വേറെയും ഉണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ മതപഠന ത്തിനു സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അത് ഇസ്ലാമിക മതപഠനത്തിനു മാത്രമാണ്. ഇക്കാര്യങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ലീഗ് ഉള്‍പ്പെടെ പുലര്‍ത്തിയ ജാഗ്രത മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതേസമയം, ഇവര്‍ മറ്റു സമുദായങ്ങള്‍ക്കു ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും ശക്തമായി എതിര്‍ക്കുന്നു എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത് സ്വന്തം സമുദായബോധം നല്ലതാണ്, ആവശ്യവുമാണ്. എന്നാല്‍ അതു മറ്റു സമുദായങ്ങള്‍ക്കു ദോഷകരമാകരുത്.

യുഡിഎഫ്

കേരളത്തില്‍ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാന്‍ സാധിക്കാത്തവിധം ഈ മുന്നണി ദുര്‍ബലമായിരിക്കുകയാണോ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അതിന്റെ ദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാന്‍ സാധിക്കാത്തതെന്ത് വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്കു കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്നു സംശയമുണ്ട്.

ഇപ്പോള്‍ ജമാഅത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഒരു മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകള്‍ക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്നു പറയുമ്പോള്‍ ഇവരുടെ ഭീകരതയുടെ ആഴം മനസിലാകുമല്ലോ. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാര്‍ക്ക് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും

ബഹുസ്വരതയും മതേതരത്വവും

ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം. ഈ നാട് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. എല്ലാ സമൂഹങ്ങളെയും അവരുടെ ന്യായമായ ആവശ്യങ്ങളെയും പരിഗണിക്കാന്‍ മുന്നണികള്‍ക്കു സാധിക്കണം. എന്നാല്‍, ഏതാനും വോട്ടിനുവേണ്ടി സംഘടിത വര്‍ഗീയ പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടിലേര്‍പ്പെടുന്ന മുന്നണി സംവിധാനങ്ങളെ ഇതര വിഭാഗങ്ങള്‍ക്കു തികഞ്ഞ ആശങ്കയോടുകൂടി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ.

രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്‌സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലര്‍ത്തരുത്. തിരുത്താനുള്ള അവസരങ്ങള്‍ ഇനിയും കഴിഞ്ഞുപോയിട്ടില്ല എന്നുകൂടി ഓര്‍മിപ്പിക്കുന്നു.

ഭാരത സംസ്‌കാരത്തിന്റെ മഹിമയും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളുമല്ല ജനാധിപത്യ ഇന്ത്യയിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത് എന്നത് ആരും മറക്കാതിരിക്കട്ടെ.

ആര്‍ച്ച്‌ ബിഷപ് ജോസഫ് പെരുന്തോട്ടം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top