Flash News

നേത്ര രോഗങ്ങൾക്ക് ആയുർവേദം: ഡോ. ഷർമദ്‌ ഖാൻ

October 28, 2020

എല്ലാ നേത്രരോഗങ്ങളും കാഴ്ചയെ ബാധിക്കുന്നതാണെന്ന് കരുതരുത്. കാഴ്ച സാധ്യമാക്കുന്ന അവയവമായ കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതിനാൽ എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണുകളെ പ്രധാനമായി സംരക്ഷിക്കണം.

കാഴ്ചയെ ബാധിയ്ക്കുന്നതല്ലാത്ത നേത്രരോഗങ്ങളും ‘കണ്ണായതു’കൊണ്ടുതന്നെ പ്രാധാന്യം അർഹിക്കുന്നവയാണ്.

കണ്ണിനുണ്ടാകുന്ന രോഗങ്ങൾ മാത്രമാണ് കാഴ്ചയെ ബാധിയ്ക്കുന്നതെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. പ്രമേഹം പിൽക്കാലത്ത് റെറ്റിനോപ്പതിക്കും, വാത സംബന്ധമായ രോഗങ്ങൾ എപ്പിസ്ക്ളീറൈറ്റിസ്, സ്ക്ളീറൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു.

കുട്ടികളിൽ ഏറ്റവും കൂടുതൽ കാഴ്ചനഷ്ടം ഉണ്ടാക്കുന്നത് വർദ്ധിച്ചുവരുന്ന ഹ്രസ്വദൃഷ്ടി അഥവാ പ്രോഗ്രസീവ് മയോപ്പിയ ആണെങ്കിൽ, മുതിർന്നവരിൽ കാറ്ററാക്ട് അഥവാ തിമിരം, കണ്ണിൻറെ പ്രഷർ കൂട്ടുന്ന ഗ്ലക്കോമ തുടങ്ങിയ രോഗങ്ങളാണ്. കുട്ടിക്കാലം മുതൽ വർദ്ധിച്ച് ക്രമേണ കാഴ്ച തീരെ കിട്ടാത്ത അവസ്ഥയിൽ എത്തുന്ന റെറ്റിനൈറ്റിസ് പിഗ് മെന്റോസ പോലെയുള്ള പാരമ്പര്യ രോഗങ്ങളും ഉണ്ട്.

തിമിരം ഉണ്ടാകുവാൻ നിരവധി കാരണങ്ങളുണ്ട്. പ്രകാശരശ്മികളെ കണ്ണിനുള്ളിലേക്ക് കടത്തി വിടാൻ പറ്റാത്ത രീതിയിൽ കണ്ണിലെ ലെൻസ് അതാര്യമാകുന്ന തിമിര രോഗത്തിൽ ലെൻസ് പൂർണമായി നീക്കം ചെയ്തും, കൃത്രിമമായി പകരം വെച്ചും പരിഹരിക്കാവുന്നതാണ്.

തിമിരമുള്ള ഒരാളുടെ കണ്ണിനുള്ളിൽ സംഭവിക്കുന്ന രോഗാവസ്ഥകൾ ശരിയായി മനസ്സിലാക്കുന്നതിന് സാധിക്കില്ല. തിമിരമുള്ള ഒരാളിൽ കണ്ണിലെ ഞരമ്പുകൾക്കും രോഗം ഉണ്ടെങ്കിലും തിമിരം കാരണം അത് മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ, തിമിരം മാത്രമാണ് കാഴ്ച തടസ്സത്തിന് കാരണമെന്ന് ആദ്യം തോന്നിയേക്കാം. അങ്ങനെയുള്ളവരിൽ തിമിരം പരിഹരിച്ചശേഷം മാത്രമേ ഞരമ്പിനുള്ളിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുകയുള്ളൂ.

ചികിത്സയുടെ കാര്യമെടുത്താൽ കണ്ണിൽ മരുന്ന് ഇറ്റിക്കൽ തുടങ്ങി ശസ്ത്രക്രിയ വരെ വിവിധ മാർഗങ്ങൾ ഉണ്ട്. തുള്ളി മരുന്ന് ഇറ്റിക്കൽ, ധാരയായി മരുന്ന് ഒഴിക്കൽ, ബാന്റേജ് അഥവാ വെച്ചുകെട്ടൽ, അട്ടയെ ഉപയോഗിച്ചുള്ള രക്തനിർഹരണ മാർഗ്ഗങ്ങൾ, നസ്യം, തർപ്പണം, പുടപാകം, ക്ഷാരം ഉപയോഗിച്ചും അഗ്നി ഉപയോഗിച്ചും പൊള്ളിച്ചു കളയുന്ന ചികിത്സകൾ, ഉരച്ചു കളയൽ തുടങ്ങി മരുന്ന് കഴിച്ചു വയറിളക്കുന്നത് പോലും നേത്ര ചികിത്സയിൽ ഉപകാരപ്പെടുന്നവയാണ്. വളരെ ഫലപ്രദമായതും സങ്കീർണമായ രോഗങ്ങളിൽ പോലും കൃത്യമായ ഫലം നൽകുന്നതുമായ ചികിത്സാ ക്രമങ്ങളാണ് ഇവ.

ഒരാളിന്റെ കാഴ്ചയെ ബാധിച്ചശേഷം പ്രമേഹം നിയന്ത്രണ വിധേയമാക്കി എന്നു കരുതി നഷ്ടപ്പെട്ട കാഴ്ച പ്രമേഹരോഗിക്ക് തിരികെ കിട്ടണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ കണ്ണിനെയും പ്രമേഹത്തെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് മാത്രമേ തുടർചികിത്സ സാധ്യമാകു.

നേത്രത്തെ ബാധിച്ചുണ്ടാകുന്ന രോഗങ്ങളിൽ മറ്റൊരാളിലേക്ക് പകരുന്നവയും പകരാത്തവയും ഉണ്ട്. ഉദാഹരണത്തിന് ചെങ്കണ്ണ് പകരുന്നതും തിമിരം പകരാത്തതുമാണ്.

എല്ലാ നേത്രരോഗങ്ങളും കണ്ണട വെച്ച് പരിഹരിക്കാൻ ആകുമോ എന്ന് രോഗികൾ അന്വേഷിക്കാറുണ്ട്. എന്നാൽ കാഴ്ചവൈകല്യം ഉണ്ടാക്കുന്ന ചില രോഗങ്ങളിൽ മാത്രമേ കണ്ണട വയ്ക്കുക എന്നത് ഒരു പരിഹാരമാർഗ്ഗം ആകുന്നുള്ളൂ. മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി, അസ്റ്റിക്മാറ്റിസം, ദീർഘദൃഷ്ടി അഥവാ പ്രസ് ബയോപ്പിയ എന്നിവ പരിഹരിക്കുന്നതിനും ചില അലർജി രോഗമുള്ളവരിൽ പൊടിയും പുകയും ഏൽക്കുന്നത് തടയുംവിധം വലിയ കണ്ണടകൾ ധരിക്കുന്നതുമെല്ലാം ഉപകാരപ്പെടുന്നവയാണ്. എന്നാൽ കണ്ണട നിർദ്ദേശിക്കുന്നതിനുമുമ്പ് പ്രമേഹം,സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടോ എന്ന് വിലയിരുത്തണം. ഉണ്ടെങ്കിൽ അവയെ കൂടി നിയന്ത്രണവിധേയമാക്കി മാത്രമേ കണ്ണട നിശ്ചയിക്കുവാൻ പാടുള്ളൂ.

അത്ര ഗുരുതരമല്ലാത്ത ഒരു രോഗത്തിന് ചെയ്യുന്ന ചികിത്സ കൂടുതൽ ഗുരുതരമായ മറ്റു ചില രോഗങ്ങളെ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ഡ്രൈ ഐ അഥവാ നേത്ര വരൾച്ച, റെഡ് ഐ അഥവാ ചെങ്കണ്ണ്, കൺപോളകളിലെ അലർജി കൊണ്ടുള്ള ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങളിൽ ഉപയോഗിക്കുന്ന ചില സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ കണ്ണിനുള്ളിലെ പ്രഷർ അതായത് ഇൻട്രാ ഓകുലാർ പ്രഷർ വർദ്ധിപ്പിച്ച് ഗ്ലക്കോമ എന്ന രോഗത്തെ ഉണ്ടാക്കാം.കാഴ്ച പൂർണമായും നഷ്ടപ്പെടുന്നതിന് ഗ്ലക്കോമ കാരണമാകാറുണ്ട്.

കാലാവസ്ഥാ രോഗങ്ങളിൽ ഏറ്റവും പ്രധാനവും വളരെ വേഗം പകരുന്നതുമാണല്ലോ ചെങ്കണ്ണ്.ഒരു ലബോറട്ടറി പരിശോധനകളും ആവശ്യമില്ലാത്തതും, വിശ്രമവും മരുന്നും ചില പത്ഥ്യാഹാരവും കൊണ്ട് പൂർണമായും മാറുന്നതാണ് ചെങ്കണ്ണ്. ചിലർ പറയുന്നതു പോലെ കണ്ണിലേക്കു നോക്കിയാൽ പകരുന്ന രോഗമല്ല. എന്നാൽ അത്രമാത്രം വേഗത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന രോഗമാണിത്.ചെങ്കണ്ണ് പിടിപെട്ടവർ അവർ ഉപയോഗിക്കുന്നതോ തൊടുന്നതോ ആയ വസ്തുക്കൾ മറ്റൊരാൾ കൈകാര്യം ചെയ്യുവാൻ ഇടവരാതെ ശ്രദ്ധിക്കണം എന്നതാണ് ഏറ്റവും പ്രധാനം.

അഞ്ജനമെഴുതുക എന്നത് രോഗാവസ്ഥയിൽ കണ്ണിന്റെ സ്വാഭാവികസ്ഥിതി, സ്വാഭാവികനിറം എന്നിവ നിലനിർത്താനായി ആരോഗ്യമുള്ളവരും ചെയ്യണമെന്ന് വിധിച്ചിട്ടുണ്ട്. അഞ്ജനം എല്ലാ ദിവസവും ഉപയോഗിക്കണം. അങ്ങനെ ഉപയോഗിക്കുന്നവർക്ക് ആഴ്ചയിലൊരിക്കൽ ഉപയോഗിക്കുവാനായി പ്രത്യേക അഞ്ജനം വേറെയുമുണ്ട്. എന്നാൽ ഈ പറയുന്നതൊന്നുമല്ല ഇന്ന് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നത്. അതുകൊണ്ട് കണ്മഷി കണ്ണിന് നല്ലതാണെന്ന് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കരുതി കിട്ടുന്നതെന്തും വാങ്ങി കണ്ണിൽ പുരട്ടി ഫലം പ്രതീക്ഷിച്ചിരിക്കരുത്. ആയുർവേദ ഫാർമസികളിൽ പ്രത്യേകം നിർമ്മിക്കുന്ന കണ്മഷി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.അത്തരം കൺമഷികൾ കാഴ്ച, മറ്റു നേത്ര രോഗങ്ങൾക്ക് ശമനം,കൺപോളയിലെ രോമങ്ങളുടെ പോലും ആരോഗ്യം എന്നിവയ്ക്ക് ഫലപ്പെടുന്നു.

മുമ്പൊക്കെ കറ്റ മെതിക്കുമ്പോൾ തെറിക്കുന്ന നെല്ല്, തീവണ്ടിയിൽ നിന്നും വീഴുന്ന കൽക്കരി, കുട്ടിയും കോലും കളി എന്നിവയിൽ കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ കൂടുതലായി ഉണ്ടായിരുന്നു. ഇപ്പോൾ കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ എന്നിവയുടെ അമിതമായ ഉപയോഗം കാരണം ഉണ്ടാകുന്ന റിഫ്രാക്ടീവ് എറർ, പ്രമേഹരോഗ കാരണം ഞരമ്പിന് ഉണ്ടാകുന്ന കേടുപാടുകളും, ഗ്ലക്കോമ കാരണം കണ്ണിലുണ്ടാകുന്ന പ്രഷറും, നല്ലൊരു പരിധിവരെ തിമിരവുമാണ് കാഴ്ച നഷ്ടപ്പെടുത്തുന്ന കാരണങ്ങൾ.

എന്തെങ്കിലും വസ്തുക്കൾ കൊണ്ട് കണ്ണിലെ കൃഷ്ണമണിക്ക് അഥവാ കോർണിയയിൽ മുറിവുണ്ടായാൽ അത് കാഴ്ചയെ ബാധിക്കാം. കണ്ണിലെ വെളുത്ത ഭാഗത്ത് ഉണ്ടാകുന്ന മുറിവുകൾക്ക് ഒരു മുറിവിന്റെ പ്രാധാന്യം മാത്രമേ ഉള്ളൂ. എന്നാൽ കറുത്ത ഭാഗത്ത് അഥവാ കോർണിയയിൽ ഉണ്ടാകുന്ന മുറിവുകൾക്ക് വളരെവേഗം ചികിത്സ തേടണം. കാഴ്ചയെ ബാധിയ്ക്കുന്ന ഒന്നായി അവ മാറാം.

മുറിവുകൾ മാത്രമല്ല കെട്ടിടത്തിന്റെ റൂഫ് പെയിന്റ് ചെയ്യുക, സിമന്റ് തേയ്ക്കുക, സൂപ്പർ ഗ്ലൂ കണ്ണിൽ വീഴുക തുടങ്ങിയവയും വളരെ ശ്രദ്ധിക്കേണ്ടവ തന്നെ. കെമിക്കലുകൾ കൈകാര്യം ചെയ്യുന്നവരും ഇക്കാര്യത്തിൽ മുൻകരുതലെടുക്കണം.

കണ്ണിൽ നിന്നും കൂടുതലായി വെള്ളം വരികയോ, ചുവക്കുകയോ, കണ്ണ് അടക്കുവാനും തുറക്കുവാനും മുമ്പത്തേക്കാൾ പ്രയാസം നേരിടുകയോ വേദന തോന്നുകയോ ചെയ്താൽ മൊബൈലിന്റെ അമിത ഉപയോഗം കണ്ണിന് കുഴപ്പമുണ്ടാക്കിയോ എന്ന് ചിന്തിക്കണം.

ആയുർവേദ തുള്ളി മരുന്നുകൾ രാത്രിയിലോ ഉച്ചയ്ക്കോ ഉപയോഗിക്കുവാൻ പാടില്ല. അഞ്ജനമായി കണ്ണിലെഴുതേണ്ട മരുന്നുകൾ വ്യക്തമായ ധാരണയില്ലാതെ കണ്ണിലിറ്റിക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ ചികിത്സാരീതികൾക്കും അതിന്റേതായ പ്രത്യേകതകളും ഉപദേശങ്ങളും ഉണ്ട്. അത് ചികിത്സകനിൽ നിന്നും മനസ്സിലാക്കിയും നിർദ്ദേശമനുസരിച്ചും മാത്രമേ ചെയ്യാൻ പാടുള്ളൂ.

തലയിൽ തേയ്ക്കുന്ന എണ്ണയും നേത്രരോഗങ്ങളും തമ്മിൽ നല്ല ബന്ധമുണ്ട്. എണ്ണ നിർമ്മിക്കുന്ന പാകത്തിന് വ്യത്യാസം വന്നാൽ അത് കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മാർക്കറ്റിൽ കിട്ടുന്ന പല എണ്ണകളും ആയുർവേദം അനുശാസിക്കുന്ന രീതിയിൽ തയ്യാർ ചെയ്തവയാണെന്ന് വിചാരിക്കരുത്. എന്നാൽ പരിസരത്തുനിന്ന് കാണുന്നവയും കിട്ടുന്നവയും പറിച്ചെടുത്ത് “തലയിൽ തേക്കാനുള്ള എണ്ണ കാച്ചാം”,”ഇതേ ചേരുവ തന്നെയാണ് തലമുറകളായി ഞങ്ങൾ എണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്” എന്നൊക്കെ പറയുന്നവരുണ്ട്. ഇതൊന്നും നല്ലതല്ല.

വെറുതെ തേയ്ക്കാൻ ആണെങ്കിൽ വെളിച്ചെണ്ണയോ നല്ലെണ്ണയോ ഉപയോഗിക്കാം. ഇവ ചെറുതായി ചൂടാക്കി തണുത്ത ശേഷമാണ് പുരട്ടേണ്ടത്.

പലർക്കും മുടി വളരാൻ തേയ്ക്കുന്ന എണ്ണ ജലദോഷവും, തലവേദനയ്ക്ക് തേയ്ക്കുന്നത് കൂടുതൽ ഉറക്കവും, പല്ലുവേദനയ്ക്ക് തേയ്ക്കുന്നത് ഉറക്കമില്ലായ്മയും ഉണ്ടാക്കുന്നുണ്ട്. ചികിത്സകന്റെ നിർദേശമില്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് ഏതെങ്കിലും ഒരു രോഗത്തിന് തേയ്ക്കുന്ന എണ്ണ മറ്റൊരുരോഗം കൂടി ഉണ്ടാക്കുന്നത്. ഒരു പ്രത്യേക രോഗത്തിന് തേയ്ക്കുന്ന എണ്ണ രോഗം മാറിയ ശേഷവും വർഷങ്ങളോളം തുടരുന്നത് ഒട്ടുംതന്നെ നല്ലതല്ല.

എല്ലാ പ്രായത്തിലും എല്ലാ കാലാവസ്ഥയിലും എല്ലാ രോഗങ്ങളെയും ഒരുപോലെ ശമിപ്പിക്കുന്നതിന് സാധിക്കുന്ന വിധം തലയ്ക്കും കണ്ണിനും പറ്റിയ ഒരു ഒറ്റമൂലി എണ്ണ നിർദേശിക്കുക സാധ്യമല്ല. ചൂടുവെള്ളത്തിൽ കുളിക്കുന്നത് കണ്ണിന് നല്ലതല്ല. തലയിൽ ചൂടുവെള്ളം ഒഴിച്ചാൽ വേഗം മുടി കൊഴിയുകയും, നരയ്ക്കുകയും,കാഴ്ച കുറയുകയും ചെയ്യാം.

തലയിൽ താരൻ അഥവാ ഡാൻഡ്രഫ് കൂടുതലായാൽ കൺപീലികളുടെ ചുവടെ ചൊറിച്ചിലും ചുവപ്പും വരാം.ഇതിനെ ബ്ലിഫറൈറ്റിസ് എന്ന് പറയുന്നു. കണ്ണിന് ഹിതമല്ലാത്ത കൺമഷി, മസ്കാര, ഐ ലൈനർ എന്നിവ ഉപയോഗിക്കുന്നവർക്കും ഇപ്രകാരം സംഭവിക്കാറുണ്ട്. നന്നായി ചൊറിയുന്നത് കാരണം കണ്ണ് ശക്തമായി തിരുമ്മുന്നവരിൽ കോർണിയൽ ഇൻജുറി സംഭവിക്കാറുണ്ട്. ശക്തമായ അലർജിക് റൈനൈറ്റിസ് അഥവാ തുടർച്ചയായ തുമ്മൽ ഉള്ളവരിലും കൺപോളകളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ശക്തമായി കണ്ണുകൾ തിരുമ്മുന്നത് കൂടുതൽ അപകടം ഉണ്ടാക്കും.

നേത്രരോഗം ഉള്ളവർ അധികമായ എരിവ്, പുളി, ഉപ്പ്, അച്ചാർ,മസാല, ചൂട് എന്നിവ പരമാവധി കുറയ്ക്കുകയും പഴവർഗങ്ങൾ, പച്ചക്കറികൾ ,ചീര, കറുത്ത മുന്തിരി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

സ്ഥിരമായ തലവേദന, വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലവേദന വർദ്ധിക്കുക, കണ്ണ് വേദന, ക്ലാസ്സിൽ ബോർഡിൽ എഴുതുന്നത് കാണാൻ പ്രയാസം, ബോർഡിൽ വരയ്ക്കുന്ന വരകൾ കൃത്യമായി എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയായ്ക, നിവർന്നിരിക്കുന്നവ വളഞ്ഞും വളഞ്ഞത് നിവർന്നും തോന്നുക, വൈകുന്നേരങ്ങളിൽ തലവേദന കൂടുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കാഴ്ച പരിശോധിപ്പിക്കണം. കിടന്നു വായിക്കുന്നതും, കൃത്യമായ അകലത്തിൽ അല്ലാത്തവ കാണുവാനായി സ്ട്രെയിൻ ചെയ്യുന്നതും, കണ്ണ്ചുരുക്കി പിടിച്ചു വായിക്കുന്നതും, ശക്തമായ പ്രകാശത്തിലും പ്രകാശം കുറവുള്ളിടത്തും വായിക്കുന്നതും, ആവശ്യത്തിന് മിഴിചിമ്മാതെ കണ്ണ് തുറന്നു പിടിച്ചിരിക്കുന്നതും, ടിവി കാണുമ്പോഴും വായിക്കുമ്പോഴും ഇടയ്ക്കിടെ വിശ്രമം കൊടുക്കാതിരിക്കുന്നതും, ഏ.സിയുടെ തണുപ്പോ ഫാനിന്റെ കാറ്റോ ആവശ്യത്തിലധികം കണ്ണിലേക്ക് തട്ടുന്നതുമെല്ലാം കണ്ണിന് പലവിധ അസുഖങ്ങൾ ഉണ്ടാക്കും.

വീര്യം കുറഞ്ഞതും വളരെ സുരക്ഷിതവുമായ മരുന്നും ചികിത്സകളുമാണ് നേത്ര സംരക്ഷണത്തിനായി ആയുർവേദത്തിൽ ഉപയോഗിക്കുന്നത്. അതിനാൽ കൊച്ചു കുട്ടികൾ മുതൽ വൃദ്ധർക്ക് വരെ വളരെ ഫലപ്രദമായ ചികിത്സ നിർദ്ദേശിക്കുവാൻ ഒരു ആയുർവേദ ഡോക്ടർക്ക് സാധിക്കും.

ഡോ. ഷർമദ്‌ ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ഡിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം

ഫോണ്‍: 9447963481


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top