Flash News

തന്ത്രങ്ങള്‍ പാളി; പിണറായി വിജയനെ പാര്‍ട്ടിയും കേന്ദ്ര നേതൃത്വവും കൈവിടുന്നു

October 29, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസും കള്ളപ്പണ കേസും സംസ്ഥാന മന്ത്രിസഭയെത്തന്നെ ഉലച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വെച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ സിപിഎം കേന്ദ്ര നേതൃത്വം പിണറായി വിജയനെ ഏതാണ്ട് കൈവിട്ട മട്ടാണ്. എസ്. രാമചന്ദ്രന്‍ പിള്ളയൊഴിച്ച് പോളിറ്റ് ബ്യൂറോയിലെ മറ്റംഗങ്ങളാരും തന്നെ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വരാത്തത് ശ്രദ്ധേയമാണ്.

പിണറായി വിജയനെ എപ്പോഴും പിന്തുണച്ചിരുന്ന പ്രകാശ് കാരാട്ട് വിഭാഗം പോലും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് വിവാദം ഉണ്ടായതിന് ശേഷം ഒരിക്കല്‍ പോലും പിണറായിയെ പിന്തുണക്കാന്‍ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴുക്കന്‍ മട്ടിലുള്ള മറുപടികളാണ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ അഴിമതി ആരോപണങ്ങളില്‍പ്പെടുമ്പോള്‍ രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ച് സ്റ്റഡി ക്ലാസെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിന്റെ രാജ്യത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ പലതരത്തിലുള്ള അഴിമതികളില്‍ മുങ്ങിനില്‍ക്കുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വലം‌കൈയ്യായി പ്രവര്‍ത്തിച്ചിരുന്ന ശിവശങ്കറിന്റെ അറസ്റ്റോടെ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലും ഒരു വിഭാഗം മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞുവെന്നാണ് അറിയുന്നത്. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ രണ്ടിലധികം മന്ത്രിമാര്‍ ശിവശങ്കറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്. പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ട പിണറായി വിജയനെ വെച്ചുകൊണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്. കണ്ണൂര്‍ ലോബിയിലെ ചില നേതാക്കളല്ലാതെ മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണയ്ക്കാന്‍ മറ്റ് നേതാക്കളാരും ഇനിയും രംഗത്ത് വന്നിട്ടില്ല.

പിണറായി വിജയനെ ഇനിയും പിന്തുണച്ചാലുണ്ടാകാവുന്ന അപകടം പല നേതാക്കളും മണത്തറിഞ്ഞു കഴിഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കസ്റ്റംസിന്റെയും കസ്റ്റഡിയിലിരിക്കുന്ന ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുമോയെന്ന ഭയം സിപിഎമ്മിനെ അലട്ടുന്നുണ്ട്. ശിവശങ്കറാണ് കള്ളക്കടത്തിലെ പ്രഭവ കേന്ദ്രമെന്ന അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനും സര്‍ക്കാരിനുമേല്‍പ്പിച്ച ആഘാതം കനത്തതാണ്. സ്വപ്നയെ കണ്ടിട്ടില്ലെന്നും വിവാദ സ്ത്രീയെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറിയിരുന്ന മുഖ്യമന്ത്രി ഒടുവില്‍ തന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് നിവര്‍ത്തികെട്ട് സമ്മതിച്ചത് വലിയൊരു സൂചനയായിട്ടാണ് പാര്‍ട്ടിയിലെ പിണറായി വിരുദ്ധര്‍ കരുതുന്നത്. ആദ്യം നിരസ്സിച്ച കാര്യം പൂര്‍ണമായും മാറ്റി പറയാന്‍ ഇരട്ടചങ്കനെന്ന് പറയുന്ന പിണറായിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ശിവശങ്കര്‍ അറസ്റ്റിലായതോടെ ഇനി അന്വേഷണ ഏജന്‍സികള്‍ വലിയ താമസമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കുമെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശിവശങ്കര്‍ വഴി സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റാര്‍ക്കുമില്ലാത്ത സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ നന്നായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top