- Malayalam Daily News - https://www.malayalamdailynews.com -

പ്രവാചകനെക്കുറിച്ച ഖത്തര്‍ മലയാളിയുടെ ആല്‍ബം ശ്രദ്ധേയമാകുന്നു

[1]ദോഹ | പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതസന്ദേശവും അധ്യാപനങ്ങളും പ്രമേയമാക്കി ഖത്തര്‍ മലയാളിയായ യൂസുഫ് പുലാപ്പറ്റ രചിച്ച് നരേന്‍ പുലാപറ്റ ആലപിച്ച പ്രിയ ഹബീബേ , സലാം എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. ഇന്നലെ യു ട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം മണിക്കൂറുകള്‍ക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. മീലാദുന്നബിയുടെ പശ്ചാത്തലത്തില്‍ ആല്‍ബത്തിന്റെ പ്രസക്തിയും പ്രാധാന്യവുമേറുകയാണ്. മികച്ച വരികള്‍, അനുയോജ്യമായ ആലാപനം എന്നാണ് ആല്‍ബത്തെക്കുറിച്ച് സഹൃദയ ലോകം വിലയിരുത്തുന്നത്.

പ്രവാചകന്‍ സാധിച്ചെടുത്ത സാംസ്‌കാരിക വിപ്‌ളവവും ഉദ്‌ഘോഷിച്ച മഹത്തായ ജീവിത പാഠങ്ങളും ലളിതമായി വരച്ചുവെക്കുന്ന കവിത വശ്യമനോഹരമായ ആലാപനത്തിലൂടെ യൂസുഫിന്റെ നാട്ടുകാരനായ നരേന്‍ പപലാപ്പറ്റ അത്യാകര്‍ഷകമാക്കിയിരുന്നു. പ്രവാചക ജീവിതത്തെ അടുത്തറിയുവാനും മഹത്തായ സന്ദേശങ്ങള്‍ പെറുക്കിയെടുക്കുവാനും സഹായകമായ കവിത എന്നതാണ് യൂസുഫിന്റെ രചനയെ ഏറെ ശ്രദ്ധേയമാക്കുന്നത്.

സമകാലിക ലോകത്ത് പ്രവാചക നിന്ദയും അതിക്ഷേപങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ പ്രവാചകന്റെ മാതൃകാപരമായ ജീവിതവും സന്ദേശവും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.. ലോകത്തിനാകമാനം കാരുണ്യമായവതരിച്ച പ്രവാചകന്‍ സ്‌നേഹം, ദയ , ആര്‍ദ്രത, സഹകരണം തുടങ്ങിയ മഹിത ഗുണങ്ങളാണ് നട്ടുവളര്‍ത്തിയത്. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും ശാക്തീകരണവും പ്രായോഗികമായി കാണിച്ച പ്രവാചകന്‍ സമൂഹത്തിന്റെ മൊത്തം ക്ഷേമവും അഭിവൃദ്ധിയുമാണ് ലക്ഷ്യം വെച്ചത്. അയല്‍പക്ക ബന്ധത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും വേറിട്ട മാതൃക സമ്മാനിച്ച പ്രവാചകന്‍ മനുഷ്യരോട് മാത്രമല്ല ജന്തുക്കളോട് പോലും കാരുണ്യമാണ് ഉദ്‌ഘോഷിച്ചത്.

എക്കാലത്തും സൗരഭ്യവും വെളിച്ചവുമേകുന്ന പ്രവാചക സന്ദേശങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെയാണ് മനുഷ്യരുടെ രക്ഷയും സമാധാനവും സാക്ഷാല്‍ക്കരിക്കാനാവുകയൈന്നാണ് പ്രിയ ഹബീബേ സലാം എന്ന കവിത അടയാളപ്പെടുത്തുന്നത്. സന്ദേശവും സ്തുതിയും സമന്വയിക്കുന്ന കവിത പ്രവാചകസ്‌നേഹത്തിന്റെ മനോഹരമായ ആവിഷ്‌ക്കാരമാണ്.

യൂസുഫിന്റെ സഹധര്‍മിണി ഫസ്‌ന യുസൂഫാണ് ആല്‍ബത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

ഖത്തര്‍ മ്യൂസിയം അതോരിറ്റിയിലെ പ്രൊക്യുര്‍മെന്റ് ഓഫീസറായ യൂസുഫ് കഴിഞ്ഞ 25 വര്‍ഷമായി ഖത്തറിലാണ് . ഖത്തറിലെ മഅ്ഹദുദ്ദീനിയില്‍ നിന്നും റാങ്കോടെ പഠനം പൂര്‍ത്തിയാക്കിയ യൂസുഫ്
ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും 2004 ല്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് ബിരുദം നേടിയത്. മജ്‌ലിസ് തഅ്‌ലീമില്‍ ഇസ് ലാമി കേരളള യുടെ പരീക്ഷയില്‍ റാങ്ക് നേടിയാണ് ഖത്തറില്‍ ഉപരിപഠനത്തിനെത്തിയത്.

പ്രിയ ഹബീബേ സലാം

അഖിലലോകത്തിനും കാരുണ്യമായ് പെയ്ത
നിറനിലാവായൊ- രെന്‍ ,പ്രിയ ഹബീബേ
അറിയുന്നി-തങ്ങയെപ്പുണരുവാന്‍ വെമ്പിയീ –
നറുതേന്‍ നുണഞ്ഞപോ- ലെന്‍, ഹൃദന്തം.

തെളിവാര്‍ന്ന വാനത്തി-ലമ്പിളിച്ചന്തമാ-
യൊളിവീശി നിന്നൊരെന്‍, പൊന്‍ താരമേ
കലിപൂണ്ടിതാര്‍ക്കുന്നൊരീ ഭൂവിലൊരു വട്ട –
മൊരു, വസന്തം കൂടിയണവതെപ്പോള്‍!

പതിതരാം മനുജര്‍ക്കു -മഹിതമാം മോചന
മന്ത്രങ്ങളോതിയ പൊന്‍ -പിറാവേ
പകയാല്‍, പരസ്പരം പടവെട്ടി വീഴുമീ-
ജനതക്കുമേല്‍,ശാന്തി പെയ്കയില്ലേ..

അപമാനമെന്നോതി, പെണ്‍കുഞ്ഞു പൂക്കളെ –
യതിക്രൂരം, മണ്‍മാടി-യന്നുലോകം
അലിവോടെ – യഭിമാനമാര്‍ന്ന പൊന്‍ – പദവികള്‍
പകരം,മഹിളകള്‍ക്കേകി ദൂതര്‍

സഖിതന്റെ വായിലായ് വച്ചിടും, നന്മതന്‍ –
പൊലിവാര്‍ന്നൊ -രാഹാര നുള്ളു പോലും
സഫലമാം പുണ്യത്തിലെ ന്നോതി ,മഹതിക്കായ്
മഹിതം, മനോജ്ഞമായ് കവിതപാടി ..

അയലത്തെയഗതിക്കു,മതമേതു -മേശാതെ
പശിയടക്കാ- നന്ന-മേകിടുന്നോര്‍
സതതം -സഹചാരി,സത്യവിശ്വാസിയെ-
ന്നറിവോതി, സ്‌നേഹത്തിലലിവു കാത്തു..

അരുതെന്നു ചൊല്ലിപ്പറഞ്ഞു, തന്‍ സഹചരോ –
ടൊരുകുഞ്ഞുകിളിയെ-ത്തടവിടുമ്പോള്‍
അകലെയാക്കിളിയുടെ – യമ്മ തന്‍ ,ഹൃദയത്തി –
ലൊരുനോവു പെയ്യുമെന്നാര്‍ത്ത പുണ്യം..

നോവും, നെറികേടുമേകിയോരെല്ലാര്‍ക്കു-
മലിവോടെ -യാര്‍ദ്രമാം, ഹൃദയമോടെ
വിടുതലായവര്‍ തന്റെ സഖല കോട്ടങ്ങളും
സദയം, ക്ഷമിച്ചൊരെന്‍ – പ്രിയ റസൂലേ

ഒരു നുള്ളു വെട്ടവും കിനിയാതെ, ക്രൂരമായ്
തിരികെട്ടു പോയൊരീ – യന്ധ, ഭൂവില്‍
നിറനീല വാനിലെ-പതിനാലാം രാവിന്റെ
പുലരിയെക്കാത്തിരി – പ്പാണു, ഞങ്ങള്‍

ഇനിയുമാ- തിങ്കള്‍ തന്‍, കിരണങ്ങള്‍ പ്രഭയേറ്റി-
യിരുചക്ര – വാളങ്ങള്‍, തിരി തെളിക്കാന്‍
അഴകാര്‍ന്നൊ -രമ്പിളിക്കതിര്‍ ചൂടുമാ, ദിവ്യ –
സുകൃത പന്ഥാവിലായ്, വഴി നടക്കാം…


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]