Flash News

സിപി‌എം കേരളത്തിൽ അധോലോക പ്രവർത്തനങ്ങൾ നടത്തുന്നു: രമേശ് ചെന്നിത്തല

October 29, 2020

കോഴിക്കോട്: സിപി‌എം സംസ്ഥാനത്ത് അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയേയും രണ്ട് വ്യത്യസ്ത കേസുകളിൽ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വീട് മയക്കുമരുന്ന് വിൽപ്പനയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറും ബിനീഷും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമാണ്. ഒരു നിമിഷം അധികാരത്തിൽ തുടരാൻ ഈ സർക്കാരിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനീഷിന്റെയും, എം.ശിവശങ്കറിന്റെയും അറസ്റ്റോടെ കസ്റ്റഡിയിലായിരിക്കുന്നത് സി.പി.എം ആണ്. അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് പാർട്ടി. കേരളത്തിലെ ജനങ്ങൾ അപമാനം കൊണ്ട് തലതാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കൊള്ളക്കാരേയും കള്ളന്‍മാരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണ്. അഴിമതിയും കൊള്ളയും പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയും, സി.പി.എമ്മും പ്രതിപക്ഷത്തെ പരിഹസിക്കുകയായിരുന്നു. ഇപ്പോൾ പ്രതിപക്ഷ ആരോപണങ്ങൾ ശരി വയ്ക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്വര്‍ണക്കടത്തുകേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. ഈ രണ്ട് കേസുകളും ചേര്‍ത്തു വായിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരായി ഒരു ആരോപണമോ രണ്ട് ആരോപണമോ അല്ല നിരന്തരം ആരോപണം വരുന്നു. അതിന് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും തണലുണ്ട്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് ഇത്രയും കൃത്യങ്ങള്‍ നടന്നത്. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ.എം നേതൃത്വം കൊടുക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

നിരന്തരമായി പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഭരണത്തന്റെ തണലില്‍ അധോലോക പ്രവര്‍ത്തനം നടത്തുകയാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുകയാണ്. പാര്‍ട്ടി കസ്റ്റഡിയിലായിരിക്കുകയാണ്. ഇതിന് മറുപടി ജനങ്ങള്‍ നല്‍കിയിരിക്കുമെന്നും പിണറായിയുടെ നെഞ്ചിടിപ്പ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കേട്ടുതുടങ്ങിയെന്നും’ അദ്ദേഹം പറഞ്ഞു. ഒരു വിശദീകരണവും ഇതിൽ ജനങ്ങൾക്ക് കൊടുക്കാൻ ഇല്ലെന്നും സർക്കാരിന്റെ യഥാർത്ഥ മുഖം എല്ലാവർക്കും ബോധ്യപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഒന്നാം പ്രതി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയാകും. ധാർമികമായി മുഖ്യമന്ത്രി സ്ഥാനാത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെ. മുഖ്യമന്ത്രിയെ തിരുത്തുന്ന പാർട്ടി സംവിധാനവും സിപിഎമ്മിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പ്രതിപക്ഷത്തിനും ബി.ജെ.പിക്കും കിട്ടിയ വജ്രായുധമാണ് ശിവശങ്കറിന്റ അറസ്റ്റ്. സ്വപ്നയെ പരിചയപ്പെടുത്തികൊടുത്തത് മുഖ്യമന്ത്രിയാണ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന തസ്തികയില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അന്വേഷണം തീരുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ശിവശങ്കറായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top