കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ 2019 ജൂലൈയിൽ രണ്ടുതവണ ഡമ്മി നയതന്ത്ര ബാഗേജ് കൊണ്ടുവരാൻ സഹായിച്ചതില്‍ എം ശിവശങ്കറിന്റെ പങ്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
2019 ഏപ്രിലിൽ ബാഗേജുകൾ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കർ ഒരു മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടുകയും തടസ്സം കൂടാതെ ബാഗേജ് ക്ലിയര്‍ ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തതായി ഇഡി വ്യാഴാഴ്ച വെളിപ്പെടുത്തി. ഉദ്യോഗസ്ഥന്റെ ഇടപെടലിനുശേഷം, കള്ളക്കടത്ത് റാക്കറ്റിന്റെ മുഖ്യ കണ്ണിയായ കെ ടി റമീസ് യുഎഇയിൽ നിന്ന് രണ്ട് ട്രയൽ ബാഗേജുകൾ കേരളത്തിലേക്ക് അയച്ചു. അവ ക്ലിയര്‍ ചെയ്തത് സരിത്ത് നായര്‍ ആയിരുന്നു.
പ്രതി സ്വപ്ന സുരേഷിന്റെ അഭ്യർഥന മാനിച്ചാണ് ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംസാരിച്ച് സന്ദേശങ്ങൾ അയച്ചതെന്ന് ഇഡിയുമായുള്ള ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 28 ന് രേഖപ്പെടുത്തിയ പ്രസ്താവനയിൽ ശിവശങ്കർ ഇത് നിഷേധിച്ചുവെങ്കിലും, സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകൾ തെളിവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ 21 സ്വർണക്കടത്തുകളിലും ശിവശങ്കറിനു പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനുള്ള ബന്ധമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നാണ് എം ശിവശങ്കർ സ്വർണ്ണക്കട ത്തിൽ ഇടപെടലുകൾ നടത്തിയിരിക്കുന്നത് എന്നതാണ് ഇ ഡി കോടതിയിൽ പറഞ്ഞിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാൺ എം.ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്നും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) എം ശിവശങ്കറിനെ ഇഡി റജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഇടപാടുകളിൽ വിശദ അന്വേഷണം വേണമെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. സ്വർണക്കടത്തു കേസ് എൻഐഎ ആസ്ഥാനത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോൾ നടക്കുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള ഡൽഹിയിലെത്തി ഐജി സന്തോഷ് റസ്തോഗിയെ അന്വേഷണ പുരോഗതി അറിയിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയുണ്ടായി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply