Flash News

മോൺ. പീറ്റർ കോച്ചേരി കോർ എപ്പിസ്കോപ്പ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ

October 30, 2020 , സജി കീക്കാടൻ

ന്യൂജേഴ്സി: മലങ്കര കത്തോലിക്കാ സഭ അമേരിക്ക- കാനഡ ഭദ്രാസനത്തിന്‍റെ മുന്‍ വികാരി ജനറാളും ന്യൂജേഴ്‌സി സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരിയുമായ മോണ്‍. പീറ്റര്‍ കോച്ചേരി കോര്‍എപ്പിസ്‌കോപ്പ പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ ജൂബിലി നിറവിൽ.

1970-ല്‍ തിരുവല്ല രൂപതാധ്യക്ഷൻ സഖറിയാസ് മാര്‍ അത്തനാസിയോസിൽനിന്നും തിരുപ്പട്ടം സ്വീകരിച്ച പീറ്റര്‍ അച്ചന്‍ കുടിയേറ്റ മേഖലയായ ഹൈറേഞ്ചില്‍ നിന്നാണ് വൈദീകവൃത്തി ആരംഭിച്ചത്. തുടര്‍ന്ന് രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിക്കുകയും ഉപരിപഠനാര്‍ഥം കാനഡയിലെ ടൊറന്‍റോയില്‍ എത്തി ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. 1997 മുതല്‍ 2001 വരെ അമേരിക്കയിലും കാനഡയിലുമുള്ള വിവിധ ഇടവകകളുടെ കോര്‍ഡിനേറ്റര്‍ പദവിയും സഭ ഭദ്രാസനമായി വളര്‍ന്നപ്പോള്‍ അതിന്‍റെ ആദ്യ വികാരി ജനറാളായും നിയമിതനായി. വൈദീക സെമിനാരി റെക്ടര്‍, ഫാമിലി കൗണ്‍സിലര്‍, കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍, ധ്യാനഗുരു, വൈദീകരുടെ ആത്മീയ ഉപദേഷ്ടാവ്, കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് ഭദ്രാസന ഡയറക്ടര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രശോഭിച്ച അച്ചന് 2012-ല്‍ മാര്‍പാപ്പയില്‍ നിന്നും മോണ്‍. പദവി തേടിയെത്തി, തുടര്‍ന്ന് 2019-ല്‍ കോര്‍എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സി സെന്‍റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ മോണ്‍ പീറ്റര്‍ കൃതജ്ഞതാബലി അര്‍പ്പിക്കുകയും അവിടെ നടന്ന അനുമോദന സമ്മേളനം അമേരിക്ക- കാനഡ ഭദ്രാസനാധിപന്‍ ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ആദര സൂചകമായി പൊന്നാട അണിയിക്കുകയും മാര്‍പാപ്പയുടെ പ്രത്യേക പ്രശംസാഫലകം സമര്‍പ്പിക്കുകയും ചെയ്തു.വൈവിധ്യമാര്‍ന്ന പ്രതിഭാസത്തിന്‍റെ ഉടമയും മികച്ച വാഗ്മിയുമായ പീറ്റര്‍ അച്ചന്‍ ഭദ്രാസനത്തിന് മുതല്‍ക്കൂട്ടാണെന്ന് സ്‌തെഫാനോസ് ഓര്‍മിപ്പിച്ചു. ഇടവക സഹവികാരി ഫാ. ജോബിന്‍ തോമസ്, സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എസ്ഐസി, ഭദ്രാസന മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും ഇടവക സെക്രട്ടറിയുമായ ജോണ്‍ പി. വര്‍ഗീസ്, ട്രസ്റ്റി ആന്‍സണ്‍ വിജയന്‍ തുടങ്ങിയവര്‍ ജൂബിലേറിയന് ആശംസകൾ നേർന്നു സംസാരിച്ചു. സെസില്‍ ഡി. തോമസ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ദുര്‍ബലരെയാണ് ദൈവം തന്‍റെ വേലയ്ക്കായി തിരഞ്ഞെടുക്കാറുള്ളതെന്നും താന്‍ ആ ശ്രേണിയിലെ ഒരു കണ്ണി മാത്രമാണെന്നും വൈദീക ജീവിതത്തിലെ തന്‍റെ അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പന്ഥാവില്‍ കൈപിടിച്ച് നടത്തിയ എല്ലാവരേയും നന്ദിപൂര്‍വം സ്മരിക്കുന്നതായും കോര്‍എപ്പിസ്‌കോപ്പ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

സമ്മേളനത്തെ തുടര്‍ന്ന് നവീകരിച്ച വൈദീക മന്ദിരത്തിന്‍റെ കൂദാശാകര്‍മം പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്നു. പുതിയ വൈദീക മന്ദിരം മോണ്‍. പീറ്റര്‍ കോച്ചേരി എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ ജൂബിലി സ്മാരകമായി രൂപതാധ്യക്ഷന്‍ പ്രഖ്യാപിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top