Flash News

ഹെൽപ്പ് സേവ് ലൈഫ് ഇരുപതിലേക്ക്; കനിവ് തേടുന്നവർക്ക് കടലിനക്കരെ ഒരു കാരുണ്യ കൂട്ടായ്മ

October 31, 2020

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിൽ ഒരു പറ്റം പ്രവാസി യുവാക്കൾ തുടങ്ങി വച്ച കാരുണ്യകൂട്ടായ്മ അനേകർക്ക്‌ നാളിതുവരെ താങ്ങും തണലുമായി ഇരുപതാം വർഷത്തിലേക്കു കടക്കുന്നു.

ജന്മനാട്ടിലെ അശരണരും രോഗികളുമായ നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ സഹൃദയരായ ഏതാനും മലയാളി ചെറുപ്പക്കാര്‍ 2001 നവംബറിലാണ് ‘ഹെല്‍പ്പ് സേവ് ലൈഫ്’ എന്ന ചാരിറ്റി സംഘടന തുടങ്ങുന്നത്. മറ്റ് ധർമ്മസ്ഥാപനങ്ങൾക്കിടയിൽ ഹെൽപ്പ് സേവ് ലൈഫ് വേറിട്ടുനിൽക്കുന്നതിന്റെ കാരണം അത് സ്വീകരിക്കുന്ന നൂറുശതമാനം (100%) പണവും ചാരിറ്റി ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നു എന്നുള്ളതാണ്.

അമേരിക്കയിലുടെനീളമുള്ള നാനൂറോളം അംഗങ്ങളാണ് ‘Lend a hand to mend a life’ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഇരുപതാം വയസിലേക്കു കടക്കുന്ന ഈ ചാരിറ്റി സംഘടനയുടെ കരുത്തും സഹായ ഹസ്തങ്ങളും. കരുണയുടെ കനിവുതേടി മറുനാട്ടിൽ നിന്നെത്തുന്ന അപേക്ഷകൾക്ക് സഹായമെത്തിക്കാൻ അംഗങ്ങൾ തന്നെ മാസം തോറും നിശ്ചിത തുക സ്വരൂപിക്കുകയാണ്. ചെയ്യുന്നത്. നേരിട്ടോ സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന അപേക്ഷകളുടെ അര്‍ഹത പരിഗണിച്ചാണ് സഹായം നൽകുക. ഓരോമാസവും അഞ്ച്‌ അപേക്ഷകൾക്ക് ഇത്തരത്തിൽ ഇപ്പോൾ സഹായം നൽകി വരുന്നു.

2001 മുതൽ ഇതുവരെ ലഭിച്ച അപേക്ഷകളുടേയും മാസം തോറും അംഗങ്ങൾ നൽകുന്ന സംഭാവനയുടെയും നൽകിയ സേവനങ്ങളുടെയും വിശദ വിവരങ്ങൾ സംഘടയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. ചുരുക്കത്തിൽ ആർക്കും അപേക്ഷകൾ നൽകാം, ആർക്കും സഹായഹസ്തവുമാകാം. മുഖ്യമായും ഓൺലൈൻ വഴി പ്രവർത്തനങ്ങൾ നടക്കുന്ന ഈ ചാരിറ്റി ഓർഗനൈസേഷന്റെ പ്രവർത്തനം ഇത്തരത്തിൽ വളരെ സുതാര്യമാണ്. ഫെഡറല്‍ ഗവണ്മെന്റിന്റെ (501)(c)3 അംഗീകാരം ലഭിച്ച ഈ കൂട്ടായ്മായിലേക്കുള്ള ധനസഹായങ്ങൾക്ക് നികുതിയിളവും ലഭിക്കും.

അവശത അനുഭവിക്കുന്ന ആയിരത്തോളം നിര്‍ധന കുടുംബങ്ങള്‍ക്കായി ഏകദേശം എട്ടര ലക്ഷത്തോളം ഡോളറിന്റെ (ഏകദേശം 6 കോടി 24 ലക്ഷം രൂപ) സഹായമാണ് കഴിഞ്ഞ പത്തൊന്‍പതു വർഷം കൊണ്ട് സംഘടന നല്‍കി കഴിഞ്ഞത്. അഞ്ചര ലക്ഷം രൂപയ്ക്കു മുകളിൽ പ്രതിമാസം സഹായമെത്തിക്കാന്‍ കഴിയുന്ന രീതിയിൽ നടക്കുന്ന ഈ പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനം വളരെ സ്ത്യുത്യര്‍ഹമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ എന്നിവയും വിദ്യാഭ്യാസ സഹായവും ഇതിൽ ഉള്‍പ്പെടുന്നു.

ഇതു കൂടാതെ സ്‌കൂൾ കുട്ടികളെ പഠനത്തിനു സഹായിക്കുവാൻ “സ്പോൺസർ എ സ്റ്റുഡന്റ്’ എന്ന പരിപാടി എട്ടുവർഷം മുമ്പ് തുടങ്ങി. ഈ പരിപാടിയുടെ ഭാഗമായി ഇതുവരെ എഴുപത് വിദ്യാർത്ഥികൾക്ക് സഹായം ലഭിച്ചു. ഇരുപത്തേഴ് കുട്ടികളെയാണ് ഇപ്പോൾ സഹായിച്ചു വരുന്നത്. ഈ പ്രോഗ്രാമിലൂടെ പ്ലസ്സ് ടു പൂർത്തിയാകുന്നതുവരെയുള്ള കുട്ടികളുടെ മുഴുവൻ പഠന ചിലവുകളും സംഘടന വഹിക്കും. ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളിലും, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഇതിന്റെ സഹായം ലഭിക്കുന്നുണ്ട്. ഈ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചുക്കാൻ പിടിക്കുവാൻ പ്രത്യേക പ്രവര്‍ത്തക സമിതിയുമുണ്ട്.

ഈ കാരുണ്യ കൂട്ടായ്‌മയിൽ നിങ്ങക്കും പങ്കു ചേരണമോ? സംഘടനയെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കൂടുതൽ അറിയുവാന്‍ www.helpsavelife.org സന്ദര്‍ശിക്കുക.

വിശദ വിവരങ്ങൾക്ക്: Remy Chirayil (President) 908-268-8883, Sojimon James (Treasurer) 732-939-0909, Benny Davis (Treasurer) 720-493-8726, Lalu Vazhekatt (Secretary) 303-596-3472.

മാർട്ടിൻ വിലങ്ങോലിൽ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top