ഓസ്റ്റിന്‍: ഒക്ടോബര്‍ 30 വെള്ളിയാഴ്ച അവസാനിച്ച നേരത്തെയുള്ള വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ടെക്സസില്‍ സര്‍വ്വകാല റെക്കോര്‍ഡ്. 2016-ല്‍ വോട്ടിംഗില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഒമ്പത് മില്യന്‍ പേര് ഇതിനകം വോട്ട് ചെയ്തന്നെന്നാണ് യുഎസ് ഇലക്ഷന് പ്രൊജക്ട് ഡേറ്റാബേസ് നല്കുന്ന വിവരം.
ജനസംഖ്യയില്‍ അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമായ ടെക്സസില്‍ 2016-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആകെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 89,69226 ആണെന്ന് ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഓഫീസ് അറിയിച്ചു.
റെഡ് സ്റ്റേറ്റായി അറിയപ്പെടുന്ന ടെക്സസില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ഡമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം തകര്‍ക്കുന്നതിനോ, സമാസമം എത്തുന്നതിനോ ഭഗീരഥപരിശ്രമം നടത്തിവരുന്നു. യുവാക്കളുടെ നിര പോളിംഗ് ബൂത്തുകളില്‍ വര്‍ധിച്ചുവരുന്നത് ഡമോക്രാറ്റുകള്‍ക്ക് പ്രതീക്ഷ നല്കുന്നു. തെരഞ്ഞെടുപ്പില്‍ ടെക്സസില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു കടമ്പ കടന്നുവെന്നുവേണം പറയാന്‍. ജോ ബൈഡനും, കമലാ ഹാരിസും പ്രചാരണം ശക്തിപ്പെടുത്തിയപ്പോള്‍, ട്രംപും ഗവര്‍ണര്‍ ഏബട്ടും സംസ്ഥാനത്ത് ഓടിനടന്നു പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news