ന്യൂസിലാന്റില്‍ ജസീന്ദ അർദെൻ മന്ത്രിസഭയിലെ ആദ്യത്തെ കിവി – ഇന്ത്യൻ മന്ത്രിയായി എറണാകുളം സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണൻ ചരിത്രം സൃഷ്ടിച്ചു. 41 കാരിയായ പ്രിയങ്ക രണ്ടു തവണ എംപിയായിട്ടുണ്ട്. സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്. തൊഴിൽ സഹമന്ത്രിയുടെ അധിക ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്.
പറവൂര്‍ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണന്റെയും ഉഷയുടെയും മകളാണ് പ്രിയങ്ക. പറവൂരിലാണ് അവരുടെ വേരുകൾ ഉള്ളതെങ്കിലും, ബന്ധുക്കളിൽ ഭൂരിഭാഗവും ചെന്നൈയിലാണ്. അവര്‍ ജനിച്ചതും ചെന്നൈയിലാണ്.
മുത്തച്ഛൻ കേരളത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച സംസ്ഥാനത്തെ ഇടതു രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ്. സിംഗപ്പൂരിൽ വളർന്ന അവർ പിന്നീട് ന്യൂസിലൻഡിലേക്ക് മാറി. വെല്ലിംഗ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ നിന്ന് വികസന പഠനങ്ങളിൽ ബിരുദാനന്തര ബിരുദം നേടി.
14 വർഷമായി ലേബർ പാർട്ടി നേതാവായിരുന്ന പ്രിയങ്ക മുൻ വംശീയ സമുദായ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ സ്വകാര്യ സെക്രട്ടറിയായിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ ഐടി ഉദ്യോഗസ്ഥനാണ് ഭർത്താവ് റിച്ചാർഡ്സൺ. കാബിനറ്റ് മന്ത്രിയാകുന്നതിന്റെ തലേന്ന്, മഞ്ഞ സാരി ധരിച്ച പ്രിയങ്ക, തന്റെ ചിത്രങ്ങൾ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news