ഓസ്റ്റിന്‍: ടെക്സസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഹാരിസ് കൗണ്ടിയില്‍ ഏര്‍ലി വോട്ടിംഗിന്റെ ഭാഗമായി ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ 127,000 വോട്ടുകള്‍ തള്ളിക്കളയണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആവശ്യം ടെക്സസ് സുപ്രീംകോടതി തള്ളി. പ്രധാന രണ്ടു പാര്‍ട്ടികളുടേയും ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനമാണ് ടെക്സസ്. നവംബര്‍ ഒന്നിന് ഞായറാഴ്ച അസാധാരണമായ കോടതി നടപടികളിലൂടെയാണ് മൂന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി നിരസിച്ചത്.
127,000 ബാലറ്റ് പേപ്പറുകള്‍ റദ്ദാക്കണമെന്ന ആവശ്യം നിരാകരിച്ച കോടതി വിധി തിങ്കളാഴ്ച അടിയന്തരമായി ഫെഡറല്‍ ജഡ്ജ് പുന:പരിശോധിക്കും. ഇതേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് ഫെഡറല്‍ ജഡ്ജിയെ സമീപിച്ചിരിക്കുന്നത്.
നിലവിലുള്ള സംസ്ഥാന നിയമങ്ങള്‍ ഡ്രൈവ് ത്രൂ വോട്ടിംഗിന് അനുവാദം നല്‍കുന്നില്ലെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ടെക്സസില്‍ നിന്നും യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എം.ജെ. ഹെഗര്‍ ഡ്രൈവ് ത്രൂ വോട്ടിംഗിനെ അനുകൂലിച്ച് കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
ടെക്സസ് സുപ്രീംകോടതി വിധി അവിശ്വസനീയമാണെന്ന് ട്രംപ് പ്രതികരിച്ചു. നിലവിലുള്ള സ്റ്റേറ്റ് റൂളിംഗിനെതിരേ നടത്തിയ ഡ്രൈവ് ത്രൂ വോട്ടിംഗിന് എങ്ങനെ നിയമസാധുത ലഭിക്കുമെന്നാണ് ട്രംപ് ചോദിക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news