അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനോട് ചേർന്നു ജീവിക്കണം: ഫാ ഡേവിസ് ചിറമ്മൽ

ഡബ്ലിൻ: അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനെപ്പോലെയാകാനും ക്രിസ്തുവിനോട് ചേര്‍ന്നു ജീവിക്കണമെന്ന് മക്കളെ ചെറുപ്പം മുതലേ പഠിപ്പിക്കണമെന്ന് ഫാ ഡേവിസ് ചിറമ്മൽ ഉദ്ബോധിപ്പിച്ചു.  സീറോ മലബാർ ഡബ്ലിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ നവീകരണ ധ്യാനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടുകളുടെ കാലം ദൈവത്തെ അറിയാനുള്ള അവസരങ്ങളുടെ കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നു ദിവസം നീണ്ടുനിന്ന ധ്യാനത്തിൽ ഫാ. ഡേവീസ് ചിറമ്മലിനു പുറമെ ഫാ. ജിസൻ പോൾ വേങ്ങശേരിയും ഫാ. മാത്യു ആശാരിപ്പറമ്പിലും വചന സന്ദേശം നൽകി.

പൂർവികരിൽ നിന്നും ലഭിച്ച വിശ്വാസ തീഷ്ണത നല്ല നിലയിൽ മക്കൾക്ക് പകർന്നു നൽകണം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിടാൻ ഉപവാസവും പ്രാർഥനയും ഏറെ ഉപകരിക്കും. സഹനങ്ങളിലൂടെയേ രക്ഷ നേടാനാവുള്ളൂ. കുടുംബ പ്രാർഥനകൾക്ക് ഗൃഹനാഥന്മാർ മുൻകൈ എടുക്കണം. നൂറ്റിയൊന്ന് ദിവസമാണ് ഒരു വർഷത്തിൽ നോമ്പ് കാലമായുള്ളത്. ഇവ അനുഷ്‌ടിക്കാൻ നാം മുന്നോട്ടു വരണമെന്നും വചന സന്ദേശത്തിൽ ഫാ. ജിസൻ പോൾ വേങ്ങശേരി ആഹ്വാനം നൽകി.

മറ്റുള്ളവരിലെ നന്മകൾ കാണാൻ നാം തയാറാവണമെന്നും ഇതിനായി പരിശ്രമിക്കണമെന്നും ഫാ മാത്യു ആശാരിപ്പറമ്പിൽ പറഞ്ഞു.ഇതിലേക്ക് കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി മുന്നേറണം. തെറ്റായ ചിന്തകളും വാക്കുകളും പാടെ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടന്നത്. റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ആരാധനയും ജപമാലയും വിശുദ്ധകുർബാനയും ധ്യാനത്തിന്‍റെ ഭാഗമായി നടന്നു. ഫാ. ക്ലമന്‍റ് പാടത്തിപ്പറമ്പിൽ, ഫാ. റോയ് ജോർജ് വട്ടക്കാട്ട് എന്നിവർ നേതൃത്വം നൽകി. കെ.പി. ബിനു, അർച്ചന എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലൂടെയും സഭയുടെ യൂടൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും ആയിരങ്ങൾ ധ്യാനത്തിൽ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment