വിയന്ന: കോവിഡ്-19 ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ ഉപാധികളോടെ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നവംബര്‍ 3 ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ 30 വരെയാണ് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നിലവില്‍ വരിക.
രാത്രി 8 മുതല്‍ രാവിലെ 6 വരെ ആയിരിക്കും ലോക്ക് ഡൗണ്‍. എന്നാല്‍ നടപടിയുടെ ഭാഗമായി ആളുകൾ വീട്ടില്‍ നിന്നും പുറത്തുപോകുന്നതില്‍ നിന്ന് പൂര്‍ണമായും തടയില്ലെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വിശദീകരിച്ചു. റസ്റ്ററന്റ് , ഹോട്ടല്‍, വിനോദസഞ്ചാരം, സാംസ്കാരിക കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ഹാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ലോക്ക് ഡൗൺ സാരമായി ബാധിക്കും. എന്നാൽ എല്ലാ പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.
സ്കൂളുകളും നഴ്സറികളും തുറക്കും. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അവ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഉയര്‍ന്ന ക്ലാസുകളില്‍ വിദൂരവിദ്യാഭാസ നടപടികള്‍ തുടരും. ചുരുക്കിയ ജോലിവ്യവസ്ഥകളും വീട്ടില്‍ നിന്നുള്ള ജോലിയും തുടരും. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. ആരോഗ്യസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ടെസ്റ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
ആളുകള്‍ക്ക് ജോലിക്ക് പോകാനും സഹായം നല്‍കാനും വ്യായാമം ചെയ്യാനുമൊക്കെ പതിവുപോലെ പുറത്തുപോകാം. എന്നാല്‍ ലോക്ക് ഡൗണ്‍ സമയങ്ങളില്‍ മറ്റ് ആളുകളെ സന്ദര്‍ശിക്കുന്നതിന് നിരോധനമുണ്ട്. സ്വകാര്യ സന്ദര്‍ശനങ്ങളാണ് സമീപകാലത്തെ അണുബാധയുടെ കുതിപ്പിന് കാരണമായതെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോക്ക് ഡൗണ്‍ കൊണ്ടുവരാതിരുന്നാൽ അണുബാധയുടെ വ്യാപനത്തെ ഉദ്ദേശിക്കുന്ന രീതിയില്‍ രാജ്യത്ത് പിടിച്ചുനിറുത്താന്‍ സാധിക്കാതെ വരുമെന്ന് ചാന്‍സലര്‍ കൂട്ടുചേര്‍ത്തു.
കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും. കോവിഡ് -19 പാന്‍ഡെമിക്ക് ആക്റ്റ് അനുസരിച്ച്, ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കു 1,450 യൂറോ വരെ പിഴ ഒടുക്കേണ്ടിവരും.
അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നടപടികളെ എസ്പിഒ, നെയോസ്, എഫ്പിഒ തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ വിമര്‍ശിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കടുത്ത ലോക്ക് ഡൗണ്‍ നടപടികള്‍ക്കു ശേഷം യൂറോപ്പില്‍ ഏറ്റവും ആദ്യം ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞ രാജ്യമാണ് ഓസ്ട്രിയ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply