വയനാട് എം പി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പിനെതിരെ സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ 2019 ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് സോളാർ കുംഭകോണക്കേസിലെ പ്രതിയായ സരിത എസ്. നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് വഞ്ചനാ കേസുകളിൽ ശിക്ഷിക്കപ്പെട്ട സരിതയുടെ അപേക്ഷ ചീഫ് ജസ്റ്റിസ് ശരദ് എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിരസിച്ചത്.

2019 ഒക്ടോബറിൽ കേരള ഹൈക്കോടതിയും ഈ കേസ് തള്ളിയതാണ്. തുടര്‍ന്നാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

സുപ്രീം കോടതിയില്‍ സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സരിത എസ് നായർ വയനാട്ടിൽ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടി നാമനിർദേശ പത്രികകൾ തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയിൽ ഹർജി നൽകുന്നത്. രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും, വയനാട്ടിലെ പത്രിക തള്ളുകയും ചെയ്ത നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിത ഹർജിയിൽ ആവശ്യപെട്ടിരുന്നത്.

കേസിന്റെ തുടർനടപടികൾക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചിരുന്നതാണ്. അപ്പോഴൊന്നും, പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയും കേസ് പരിഗണിക്കുമ്പോഴും അഭിഭാഷകൻ ഉണ്ടായിരുന്നില്ല. മറ്റു കേസുകൾക്ക് ശേഷം വീണ്ടും കോടതി ഈ കേസ് വിളിച്ചപ്പോഴും അഭിഭാഷകൻ ഹാജരായില്ല. തുടർന്നാണ് ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിടുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment