ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഗുരുതരമായ ആരോപണം. സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ഗുണഭോക്താവും ബിസിനസ്സ് പങ്കാളിയുമാണെന്ന് എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ഓള്‍ഡ് കോഫി ഹൗസിൽ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നും ഇഡി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്. രണ്ടുപേരുടെയും സാന്നിധ്യത്തിൽ കമ്പനി രേഖകളും പരിശോധിക്കും.
കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ബിനീഷിനെതിരായ ഇഡിയുടെ പ്രധാന കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നുണ്ട്. 2012 നും 2019 നും ഇടയിൽ ബിനീഷ് 5,17,36,600 രൂപ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി മുഹമ്മദ് അനൂപിന് വിവിധ അക്കൗണ്ടുകളിലൂടെ കൈമാറിയ രേഖകളുമുണ്ട്.
ഇതേ കാലയളവില്‍ ബിനീഷ് ആദായ നികുതി വകുപ്പിന് നല്കിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്.
മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന് എന്നിവരെ ബിനാമിയാക്കിയും ബിനീഷ് കേരളത്തിലും കർണാടകത്തിലും ഇവന്റ് മാനേജ്മെന്റ് കമ്പനികൾ രൂപീകരിച്ചു. ഈ കമ്പനികളെ കുറിച്ചും അന്വേഷണം വേണം. ബിനീഷ് ദുബായിലായിരിക്കുന്ന സമയത്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ചും തങ്ങൾക്ക് കൂടുതലന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിനീഷ് കൊക്കെയ്നടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചതായും, ലഹരിവസ്തുക്കൾ വില്പന നടത്തിയതായും അന്വേഷണത്തിനിടെ ചിലർ തങ്ങൾക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply