ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ; ഐടി മേഖലയില്‍ 500 മില്യൺ ഡോളർ നിക്ഷേപിക്കാന്‍ ധാരണയായി

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ സൗദി അറേബ്യയുമായി ധാരണയായി. സൗദിയുടെ പൊതു നിക്ഷേപ ഫണ്ടാണ് (പി‌ഐ‌എഫ്) നിക്ഷേപം നടത്തുക. 500 മില്യൺ ഡോളർ കൂടി ഐടി മേഖലയിൽ നിക്ഷേപിക്കാനാണ് ധാരണയായിരിക്കുന്നത്. സാമ്പത്തിക വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് അന്താരാഷ്ട്ര വിപണികളിൽ കൂടുതൽ നിക്ഷേപം നടത്താനാണ് സൗദി അറേബ്യയുടെ നീക്കം. ദേശീയ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് ഈ നിക്ഷേപമെന്ന് പൊതു നിക്ഷേപ ഫണ്ടിന്റെ വക്താവ് പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന വിപണികളിലൊന്നായി ഐടി മേഖലയെ കാണുന്നതുകൊണ്ടാണ് PIF നിക്ഷേപം വർദ്ധിപ്പിക്കുന്നത്. ഡിജിറ്റൽ ഫൈബർ ഒപ്റ്റിക് ഇൻഫ്രാസ്ട്രക്ചർ മേഖലയിലായിരിക്കും നിക്ഷേപം. 500 മില്യൺ ഡോളർ മൂലധന നിക്ഷേപത്തിനാണ് കരാർ.

ദേശീയ പരിവര്‍ത്തനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ലക്ഷ്യപൂര്‍ത്തീകരണം കൂടി മുന്നില്‍ കണ്ടാണ് നീക്കം. സാമ്പത്തികമായി പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നിവയും പി.ഐ.എഫിന്‍റെ പ്രഖ്യാപിതനയങ്ങളില്‍ പെട്ടവയാണ്.

ഇന്ത്യക്ക് പുറമേ മറ്റു രാജ്യങ്ങളിലും സമാന രീതിയില്‍ പി.ഐ.എഫ് നിക്ഷേപങ്ങള്‍ നടത്തി വരുന്നുണ്ട്. ഭാവിയില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാ തരം കമ്പനികളിലും ഏജന്‍സികളിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും പി.ഐ.എഫ് വക്താവ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ അംബാനി ഗ്രൂപ്പിന്‍റെ ജിയോ പ്ലാറ്റ്ഫോമില്‍ പി.ഐ.എഫിന് നിക്ഷേപമുണ്ട്.

Print Friendly, PDF & Email

Leave a Comment