തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. എട്ടംഗ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമാണ് റെയ്ഡ് നടത്തിയത്. കർണാടക പോലീസിന്റെയും സിആർപിഎഫിന്റെയും കനത്ത സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്. മരുതൻകുഴി കൂട്ടാംവിള ലെയ്നിലെ ബിനീഷിന്റെ വീടാണ് റെയ്ഡ് ചെയ്തത്. ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് വീടിന്റെ താക്കോൽ അന്വേഷണ സംഘത്തിന് ലഭിച്ചത്.
മികച്ച രാഷ്ട്രീയ ആദര്‍ശവാദിയായ കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മും ബിനീഷിന്റെ മയക്കുമരുന്ന്-കള്ളക്കടത്ത് ബിസിനസ്സിനോട് പ്രതികരിക്കണമെന്നും, കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബിനീഷിന്റെ ബിനാമി എന്നറിയപ്പെടുന്ന അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള കാർ പാലസും റെയ്ഡ് ചെയ്തു. കാർ ആക്സസറീസ് വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ ലത്തീഫും സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാണ്. ഇയാളോടൊപ്പം ചേര്‍ന്ന് ബിനീഷ് നിരവധി ബിസിനസ്സ് സംരംഭങ്ങളില്‍ പങ്കാളിയാണ്. ഓള്‍ഡ് കോഫി ഹൗസ്, യുഎ ഇഫക്ട്സ് സൊല്യൂഷന്‍സ്, ക്യാപിറ്റോ ലൈറ്റ്സ്, കെ കെ റോക്സ്, തുടങ്ങിയ സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഏതാണ്ട് ആറോളം കേന്ദ്രങ്ങളില്‍ ഇഡിയും ആദായ നികുതി വകുപ്പും സംയുക്തമായി റെയ്ഡ് നടത്തുന്നുണ്ട്.
ആദായനികുതി ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട അന്വേഷണ സംഘം, ബിനീഷിന്റെ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ആദ്യമായാണ് ഒരു പ്രമുഖ നേതാവിന്റെ വീട്ടിൽ കേന്ദ്ര അന്വേഷണ ഏജന്‍സി ഇത്തരമൊരു പരിശോധന നടത്തുന്നത്. അതിലുപരി ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഈ പരിശോധന എന്നതാണ് റെയ്ഡിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. സിപിഎം എന്ന പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന മാഫിയ സംസ്കാരത്തിന്റെ പ്രതിഫലനമാണ് ഈ കുറ്റകൃത്യം എടുത്ത് കാണിക്കുന്നത്. എടുത്തുപറയത്തക്ക വരുമാനമോ, ജോലിയോ, ബിസിനസ്സോ ഒന്നുമില്ലാത്ത വ്യക്തിയാണ് ബിനീഷ്. അച്ഛന്റെ രാഷ്ട്രീയ സ്വാധീനവും ബന്ധവും പാര്‍ട്ടി പദവിയും ഉപയോഗിച്ചാണ് ഇക്കണ്ട സ്വത്തുക്കള്‍ മുഴുവന്‍ സമ്പാദിച്ചുകൂട്ടിയത്. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാവെന്ന ലേബലിലാണ് അച്ഛനും മകനും ഈ ഇത്തരം അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചത്.
ലഹരിമരുന്ന് കേസില്‍ ഇ.ഡി. അറസ്റ്റുചെയ്തിട്ടുള്ള ബിനീഷിന്റെ പേരിലാണ് ‘കോടിയേരി’ എന്ന വീടെങ്കിലും ഇവിടെ അദ്ദേഹത്തിന്റെ അച്ഛനും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നുണ്ടെന്നതാണ് രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിച്ചത്. അച്ഛന്റെ തണലില്‍ നിന്നുകൊണ്ടാണ് ബിനാമി സ്വത്ത് സമ്പാദനവും, ക്വട്ടേഷന്‍ പരിപാടികളും നടത്തിയിരുന്നത്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീട് പരിശോധിക്കുമെന്ന വിവരം ചാനലുകളില്‍ വാര്‍ത്തയായത്. സ്വത്തുവകകളുടെ കൂട്ടത്തില്‍ ഈ വീടിനെക്കുറിച്ചുള്ള വിവരം ബിനീഷ് ഇ.ഡി.യോട് വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ പേരിലുള്ള കെ.എല്‍. 01 ബി.കെ. 55 രജിസ്ട്രേഷനിലുള്ള ഇന്നോവ കാര്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന് അനുവദിച്ചിരുന്ന നിയമസഭാ ഹോസ്റ്റല്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കാറാണ് ബിനീഷ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply