Flash News

ബിനീഷിന്റെ വീട്ടിൽ റെയ്ഡ് തുടരുന്നു, വീടിനകത്തു കയറാന്‍ ശ്രമിച്ച ബന്ധുക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി, സത്യാഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍

November 5, 2020 , .

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ ബിനീഷ് കോടിയേരിയുടെ വീടിനകത്തും പുറത്തും നാടകീയ രംഗങ്ങൾ അരങ്ങേറി. റെയ്ഡിന് ശേഷം ഇഡി തയ്യാറാക്കിയ മഹസ്സറില്‍ ഒപ്പിടാൻ കുടുംബം വിസമ്മതിച്ചു. ബിനീഷിന്റെ ഭാര്യയെയും കുടുംബത്തെയും കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വീടിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. അതിനിടെ ബിനീഷിന്റെ കുടുംബത്തെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വീടിന്റെ മുൻപിലെത്തി. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭർത്താവും മക്കളുമാണ് എത്തിയത്. പക്ഷെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ അതിന് അനുവദിക്കാതിരുന്നത് വാക്കുതര്‍ക്കത്തിനിടയാക്കി.

വീടിനു മുന്‍പില്‍ സത്യാഗ്രഹമിരിക്കുമെന്നു പറഞ്ഞെങ്കിലും സിആര്‍‌പി‌എഫ് അവരെ അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല.
ഒരു അഭിഭാഷകയാണെന്ന് ബന്ധുക്കളിൽ ഒരാൾ അറിയിച്ചിട്ടും അവരെ അനുവദിക്കാൻ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. ബന്ധുക്കളെ കാണേണ്ടെന്നു വിട്ടിലുള്ളവര്‍ പറഞ്ഞെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അതു വിശ്വസിക്കാനാവില്ലെന്ന നിലപാടാണു ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവിടെ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പ്രതികരിച്ചു. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

അതേസമയം, ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.

ഇന്നലെ രാത്രി ഒന്‍പതു മണിയോടെ റെയ്ഡ് അവസാനിച്ചെന്ന സൂചന വന്നെങ്കിലും വീണ്ടും ബിനീഷിന്റെ മൊഴികള്‍ക്ക് ആധാരമായ രേഖകള്‍ കുടുംബത്തോട് ഇഡി ആവശ്യപ്പെട്ടു. ഇതിനിടയില്‍ കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകനെത്തി. വീട്ടിലേക്ക് പോകണമെന്നു ആവശ്യപ്പെട്ടെങ്കിലും ഇഡി അനുവദിച്ചില്ല. പിന്നീട് പുറത്തേക്കിറങ്ങിയ ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി അഭിഭാഷകന്‍ സംസാരിച്ചു.

റെയ്ഡ് രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്റെ കുടുംബാംഗങ്ങളും തമ്മില്‍ ഇന്നലെ തര്‍ക്കമുണ്ടായി. രേഖകളില്‍ ചിലത് ഇഡി കൊണ്ടുവന്നതാണെന്നും റെയ്ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതുകൊണ്ട് ഒപ്പിടില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയത് മഹസര്‍ രേഖകളില്‍ ചേര്‍ത്തെന്നും അതു കൊണ്ട് ബിനീഷിന്റെ ഭാര്യ റെനീറ്റ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞെങ്കിലും പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ചില്ല. പിന്നീടാണ് കോടതിയില്‍ പോകാനുള്ള തീരുമാനം അഭിഭാഷകന്‍ വ്യക്തമാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top