Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ചൊക്ലി (നോവല്‍ – 22): എച്മുക്കുട്ടി

November 12, 2020

ആലൂര് സെൻററിലെ ചുടുകാട്ടിൽക്കാണ് രവ്യേട്ടനെ കൊണ്ടോയിത്. അന്തോണി മാപ്ളേരെ മൂത്തോൻ പ്രാഞ്ചീസും പപ്പിനീം ചൊക്ളീം കൂട്യാണ് രവ്യേട്ടനെ ചോന്നത്. മറിയപ്പാറ അങ്ങാടീന്ന് ചുടുകാട് വരെ നട്ന്നു. പപ്പിനീന് മുന്നില് നടന്നേ..അവള് നെലോളിക്കും.. മൂക്ക് വലിക്കും… കണ്ണ് തൊടയ്ക്കും.. എന്നാലും നട്ക്കും.

അവള് കുത്തീട്ട മാങ്ങാണ്ടീം ചക്കക്കുരൂം ചെല്തൊക്കെ മൊള്ച്ച് വല്താവ്ണ്ട്. തണല് ആവാമ്മാത്തറം ഇല്യ.

പ്രാഞ്ചീസിന് രവ്യേട്ടനെ ഇപ്പോ ങ്ങനെ തോളീ ചോക്കണേന് പിന്നൊരൂസം കപ്പേം പോത്തെറച്ചീം വയ് റ് നെറ് യെ കൊട്ക്കാന്ന് പപ്പിനി പറഞ്ഞ്ണ്ട്.

പ്രാഞ്ചീസ് ഒര് നട്ടപ്രാന്ത്നാ. അന്തോണി മാപ്ളോട് ഒര് കത്തീം പിടിച്ച് തൊള്ളേട്ടു ഒരീസം അങ്ങാടീല് നിന്നട്ട്.

‘അപ്പനാന്ന് നോക്ക്ല്യാ.. കത്ത്യാ ൻറെ കയ്യുമ്മേ.. ഇഞ്ഞിങ്ങക്ക് മൊക്ക്ള് ഇണ്ടാവാൻ പറ്റ്‌ല്ല.. ന്റെ അമ്മ ഇഞ്ഞി പെറ്റ് കെട്ക്കാൻ പറ്റ്‌ല്ല.’

അന്തോണി മാപ്ള അപ്പളന്നെ വീട്ടിപ്പോയി. നാലൂസം അങ്ങാടീല്ക്ക് വന്ന്ല്ല.. മാപ്ളക്ക് പെയ പോല്യാര്ന്നു.

പ്രാഞ്ചീസ് പീടിയ നോക്കി.. ചോയിച്ചോരൊടൊക്കെ അപ്പൻണ്ട് കുടുമ്മത്ത്ന്ന് മോത്തോക്കിട്ടന്നെ പറ്ഞ്ഞു.

കുരുത്തം കെട്ടോനാ ആ ചെക്കൻന്ന് അങ്ങാടീല് എല്ലര്ക്കും തോന്ന്യേര്ന്നു. പപ്പിനിക്ക് മാത്ത്റേ അവമ്പറഞ്ഞത് ശര്യാന്ന് തോന്നീള്ളോ. തൃസ്സക്കുട്ടീരേ ദണ്ണാണ് അയിൻറെ കാര്യം.. പെറ്റ്പെറ്റ് തൃസ്സക്കുട്ടി പണ്ടാരായീണ്ടാര്ന്നു.

അന്തോണി മാപ്ള പീടിയേല് വന്നിര്ന്നപ്പോ പ്രാഞ്ചീസ് ഒര് തട്ടിക്കൂട്ട് വണ്ട്യായിറ്റ് എറങ്ങി. കിട്ടണ പച്ചക്കറിയോളും കണ്ട കടിച്ചാദി സാനങ്ങളും ഒക്ക്യായിറ്റ്.. പുസ്സകം വായ്ക്കലുണ്ട്..പപ്പിനീരേ പോലന്ന്യാ പ്രാഞ്ചീസിൻറെ തൊള്ളേന്ന് വർത്താനം വരാ.. മ്മള്ക്ക് ഒര് മറോടീം വര്‌ല്ല തൊള്ളേന്ന്..

ഒര് ആള് അന്നേഴിച്ച് വന്ന്‌ല്ല. രവ്യേട്ടനെ.. ആര്ക്കും വേണ്ടാത്ത ഒരു തോറ്റോനാര്ന്നില്ല്യേ…പിന്നെ ആരാ വരാ.. രവ്യേട്ടൻ ഇന്നല്ലേങ്ങി നാളെ മരിക്കുന്ന് എല്ലാര്ക്കും അറിയേര്ന്നു. അറിയാഞ്ഞത് ചൊക്ളി… അറിഞ്ഞിട്ടും വിശ്ശൊസിക്കാഞ്ഞത് പപ്പിനി.

പോല്ലീസാര് കൊണ്ടോയി തല്ലിച്ചതച്ച രണ്ട് നസ്കലേറ്റോളും അങ്ങനെ ഇല്യാണ്ടായി. കോടംകരേലെ രാമൻ മാഷും വാര്യം കെണറിൻറോടത്തെ രവ്യേട്ടനും. മാഷേ കാണാല്യാണ്ടായി… രവ്യേട്ടനെ ദേ, കത്തിക്കാമ്പോണ്..

പൊലച്ചേ നേരത്ത് പപ്പിനി ഒറക്കൊറക്കെ ഒച്ചീം വിളീം ഓളീം നെലോളീം കൂട്ടീപ്പോ അവളടെ തള്ളേരെ പേടി പോല്ലീസാര് വരോ.. മ്മള് കൊന്നൂന്ന് പറയ്യോ നാട്ടാരൊക്കെക്കൂടി ഇവടന്നോ ടിക്കോന്നൊക്കേ ആര് ന്നു.

എവടെ?

ഒര് മൻഷൻ വന്ന്‌ല്ല.

ചൊക്ളി നെലോളിച്ച്‌ല്ല.. ചത്ത്ത് രവ്യേട്ടനല്ല.. അവനന്ന്യാന്നാ ചൊക്ളിക്ക് തോന്ന്യേ… ചത്തോന് ഒച്ചീം വിളീം നെലോളീം ഇടുക്കാൻ പറ്റോ….സൂക്കടാണ്ച്ചാലും രവ്യേട്ടൻ സൊന്താര്ന്നു. പണി കയിഞ്ഞ്ട്ട് പെട്ടന്നന്നെ വര്ണം. രവ്യേട്ടൻ കുത്തീരിക്ക്ണ്ട് ന്നൊര് വിജാരം.. ഇഞ്ഞി ആര് കുത്തിര്ക്കാനാ.. ചൊക്ളി എങ്ങട്ട് പോയ്യാലും ആര്ക്കെന്ത് തേങ്ങ്യാ..

പപ്പീനീരേ നെഞ്ചത്ത് ഒര് ചവ്ട്ട് കൊടക്കണന്ന് ചൊക്ളിക്ക് തോന്നാണ്ട്ര്ന്ന്‌ല്ല. അവളടെ കളിമേളാങ്ക കാര്ണം രവ്യേട്ടൻ ങ്ങനെ ചത്ത് പോയി. ന്ന്ട്ട് ഒറ്ക്കെഒറ്ക്കെ തൊള്ളേട്ണ് …

ചുടുകാട്ടിലെത്തീപ്പളക്കും രാമേട്ടൻ എത്ത്യേര്ന്ന് അവ്ടെ. വെറ്കും കൊണ്ടന്ന്ണ്ട്.

നല്ല നട്ടപ്പറ വെയ്ലാര്ന്നോണ്ട് ഉര്കിപ്പോയ്ര്ന്നു രവ്യേട്ടനേം ചോന്ന് നട്ക്ക്മ്പോ..മണ്ണടിച്ചൊറപ്പ്ച്ച നെലത്ത് രവ്യേട്ടനെ കെട്ത്തീട്ട് പപ്പിനീം പ്രാഞ്ചീസും കൂടീണ് വെറകട്ക്ക്യേ.. ചൊക്ളി രവ്യേട്ടന്റട്ത്ത് കുത്തീര്ന്നു. അപ്പോത്തോന്നി, രവ്യേട്ടൻ വിളിക്ക്ണ്ട്..

‘ഒന്നുല്ലടാ, ചൊക്ള്യേ..നീയ്യ് പേടിക്കണ്ട്ടാ..ഒക്കേം നടക്കും..’

ചൊക്ളി ആ മോത്തക്കന്നെ സൂക്ഷ്ത്ത് നോക്കി.

ഒന്ന് ചിറിച്ചൂന്ന് തോന്നി രവ്യേട്ടൻ..

ഒക്കെ പെട്ട്ന്നാ കയിഞ്ഞു. പപ്പിനി ആരോടും ഒന്നും ചോയിച്ചില്ല.. വെറക്മ്മേ കെട്ത്ത്മ്പോ മാത്തറം അവള് നെലോളിച്ചു..

പിന്നയ്ക്ക് കണ്ണങ്ങ്ട് പൂട്ടീട്ട് വെറ്ക് വെച്ച് ഓലച്ചൂട്ട് കത്ത്ച്ച് അവ്ള് തീയ്യാ കൊട്ത്തു. ന്നട്ട് നെഞ്ഞത്തടിച്ച് നെലോളിച്ച് രവ്യേട്ടനെ കെട്ത്ത്യേര്ന്നോട്ത്ത്ന്ന് കൊറെ മണ്ണ് വാരി മണ്ടേലും ഇട്ട്. അവള്ടെ തൊണ്ട പൊട്ട്ണ്ടാര്ന്നു

‘അന്ത സറ്ക്കാരും പോലീസാരും വന്ത് ശാമ്പലെട്ത്ത് തിന്ന്ട്ടെ..എന്ന നോയാ സകിച്ചേ ആ പാവം.. ഒക്കേം തണ്ണില്ലാമെ പൊരിഞ്ച് ചാകും.’

ആര് ക്കും ഒന്നും മറോടി പറയ്യാൻ പറ്റീല്ല..

സറ്ക്കാരിന് ജീവൻണ്ടായ്ട്ട് വെള്ളല്യാണ്ട് ചാവ് ല്ല. അയിന് ജീവൻ ല്ല. ഓട്ട് കുത്തണ മനിഷേമ്മാര്ക്കാ ജീവൻള്ളത്. സറ്ക്കാര് പണിക്കാര്ക്കാ ജീവൻള്ളത്.

ചുടുകാട്ട്ലെ കെട്ട്ടത്ത്ല് നല്ല നീട്ടത്ത്ല്ള്ള ഒര് കുറ്പ്പ് പുസ്സകണ്ടാര്ന്ന്. അയില് പ്രാഞ്ചീസാ എയ്തിട്ടേ കാര്യങ്ങ്ള്. ചുടുകാട്ട്ലെ സൂച്ചിപ്പാരൻ കുട്ടേട്ടൻ പപ്പിനീനേം കൊണ്ട് വേഗാ കടന്നു പൂവ്വാമ്പറഞ്ഞ് പ്രാഞ്ചീസിനോട്…

പൊറത്ത് എറ്ങ്ങീപ്പൊ ദിനേശ് ബസ്സ് വരണ് ടാര്ന്നു. അയില് കേറി മറിയപ്പാറേല് വന്നെറങ്ങീപ്പോ ചൊക്ളിക്ക് വല്യ വായേല് നെലോളിക്കാന്തോന്നി…

അവൻറെ തൊണ്ട പൊട്ടി..

ഒര് രവ്യേട്ടൻ ചത്തോണ്ട് ഈ ലോഗവസാനിക്കോ …ഇല്ല്യ. സറ്ക്കാര് തൊലയ്യോ..രവ്യേട്ടനെ അടിച്ചും ഉര്ട്ടീം കൊന്നോര്ക്ക് വല്ലതും പറ്റോ..

ഒന്ന്ല്ല..

ഇഞ്ഞീം ഇങ്ങനെ മനിഷേരേ സറ്ക്കാരും പോല്ലീസാരും കൂടി തല്ലിക്കൊല്ലും..ചവ്ട്ടി തണ്ടെല്ല് ഒടിക്കും.. തോക്കോണ്ട് വെടി വെക്കും..

ഒക്കേം കയിഞ്ഞു ഞങ്ങളല്ല ചീതേ.. അത് മറ്റോരാന്ന് പറഞ്ഞ്ട്ട് ഓട്ട് ചോയിച്ചും വരും..

പപ്പിനീരേ തലക്ക് ഓളായീന്നാ അവളടെ പെറ്റതള്ള പറേണത്. ചൊക്ളിക്കും തോന്നാണ്ട്ര്ന്ന്‌ല്ല.. നട്ടപ്രാന്തായീന്ന്..കലോം കൊണ്ട് തെണ്ടിത്തിരിഞ്ഞ് പോണ്ല്യ. വാറ്റ്ണില്ല.. കുടുമ്മത്തെ ഒര് പണീം ഇട്ക്ക്ണ് ല്യ.

ഏത് നേരോം ചായ്പ്പില് ന്നെ.. ഇര്പ്പ്.. നെലോളി.. സറ്ക്കാരേം പോല്ലീസാരേം നാട്ടാരേം ഓരോന്ന് പറഞ്ഞ് പ് രാകല്..

ചൊക്ളി ഇപ്പോ എന്നും എറേത്തന്നെ ആയി കെടപ്പ്.. ആ തള്ളേം നെലോളിച്ച് നെല തെറ്റി നിക്കണ പപ്പിനീം മാത്രല്ലേ കുടീല് ള്ളോ. പാറേമ്മെ കെട്ക്കാൻ പറ്റാണ്ടായീപ്പോ ചായ്പ്പീല് എടം തന്നോളാണ് പപ്പിനി. അത് മറ്ക്കാൻ പാടോ.. ആ രണ്ട് പെണ്ണ്ങ്ങള് കഞ്ഞുടിച്ച് പോണത് ചൊക്ളി പണി ഇട്ക്കണോണ്ടാന്നായ്ണ്ട് ഇപ്പോ.

താമര ചേട്ത്താര് പിന്നീം വേടിച്ച് ഒരു ബസ്സും കൂടി.. ഇപ്പോ മൂന്ന് ബസ്സായി അവരടെ.. വിശ്ശൊനാദസ്സാമീരെ രണ്ട് ബസ്സ് ണ്ട്. താമര ചേട്ത്താര് ഒരൂസം വൈന്നാരം കൊറച്ച് പത്തിൻറേം രണ്ട് മൂന്ന് നൂറിൻറേം നോട്ട് എട്ത്ത് തന്ന്ട്ടാ പറ്ഞ്ഞു.

‘ടാ, ചൊക്ള്യേ, ഇഞ്ഞ്യൊട്ട് നീയ്യ് വരണ്ട.. പണിക്കേയ്.. ഈ ചണ്ണക്കാലോണ്ട് ഏന്ത്യടന്ന് പണ്ത്ട്ട് എന്താക്കാന്ന്ണ്.. പാവല്ലേച്ച്ട്ട് നിറ്ത്തി തീറ്റേം കാശും തരേര്ന്ന്.. ഞാൻ. അല്ലാണ്ട് നീയ്യ് പണ്ത്ട്ട് ഇബടെ എന്ത് തേങ്ങേരേ മൂടാണ്ടായ്ത്..

നീയ്യാ പോക്കോ.. ഇഞ്ഞിങ്ങട് വര്ണ്ട.’

ചൊക്ളി ക്ക് താമരച്ചേട്ത്താരെ ഒറ്റച്ചവ്ട്ട് കൊട്ത്താലോന്ന് തോന്നി. ഇന്നാലും ഇദ്ദാണ് എപ്പളും കാശ്കാരേ തൊരം..

പണീട്പ്പിക്കാൻ ഓരോന്നോരോന്നായി പറേം.. എറ്ച്ചീം കൊർച്ച് കൊള്ളിക്കെഴങ്ങും ചോറും തരും. അവര്ക്ക് വേണ്ടാണ്ടായാ അപ്പോ ‘പട്ടി പോ, പട്ടീന്ന് ‘ കല്ലെടുത്ത്റിഞ്ഞോടിപ്പിക്കും..

പണീട്ക്കുമ്പോ ചിറിച്ചേർന്ന പെണ്ണങ്ങള് പണീല്യാണ്ടായീന്ന് കേട്ടപ്പോ മൊതല് മൊഗം തിര്ച്ച് പിടിക്കണത് ചൊക്ളി കാണാണ്ടിര്ന്ന്‌ല്ല. പെണ്ണങ്ങള് ഒക്കീം അങ്ങനന്യാ.. നല്ല കാശ്ള്ള, കൊറവൊന്ന്‌ല്ലാത്ത ആണങ്ങളെ മാത്ത്റേ അവര്ക്ക് പോതിക്കൊള്ളോ.

ചേട്ത്താരെ മോത്തോക്കി കൊർച്ച് നേരം നിന്ന്ട്ടാ ചൊക്ളി എറങ്ങീത്.. മറിയപ്പാറ അങ്ങാടീല് വന്നപ്പളാണ് അതിശം.. അന്തോണി മാപ്ളേരെ ചെക്കൻ പ്രാഞ്ചീസ് ണ്ട് മൂന്ന് ചക്രള്ള ഒരു വണ്ടീം കൊണ്ട് വന്നേക്കണു. ഓട്ടർഷ ന്നാത്രേ പേര്. വണ്ടീമ്മേ തൃസ്സക്കുട്ടീന്നും എഴ്തീണ്ട്ന്ന് മൊയ്തീൻക്ക ചിറിക്കണ്ടാര്ന്നു..

കോടംകരേരേ അപ്പ്റത്ത് തൃശ്ശൂര്ക്ക് പോണ്ണ റോട്ട്ലൊക്കെ ഇയ്യ് വണ്ടീണ്ട്ന്ന്.. ഇത് വരെ മറിയപ്പാറ അങ്ങാടീല്ക്ക് വന്നട്ട്ല്യാന്നേ ള്ളോ. തൃശ്ശൂര് ഉമ്മിണി നേർത്ത്യന്നേ ഓടിയൊടങ്ങീന്ന്..

കൊർച്ചേരം വണ്ടീരേ മോന്തേന്നോക്കി നിന്നു..

നാള്യൊട്ട് പണീല്യാണ്ടായീന്ന് ആലോയിച്ചപ്പോ ചൊക്ളിക്ക് പരോശായൊടങ്ങി.. പണീം തൊരോം ല്ലങ്കി ചണ്ണക്കാലൻ തിന്ന് മുടിച്ചൂന്ന് ഓളീട്ടൊടങ്ങും പപ്പിനീരേ തള്ള..

വീട്ടിച്ചെന്നേറിപ്പോ അതിശന്നേ.. പപ്പിനി കുളിച്ച് വെടിപ്‌‌ല്.. വീടും പൊറോം ഒക്കേം അടിച്ച് വാരീണ്ട്.. ആകെനൊര് വെളിച്ചം..

അവള് ചായേം അവലും പാളേങ്കോടൻ പഴം കൊഴച്ചതും തന്നപ്പോ ചൊക്ളി ക്കങ്ങട്ട് കുളർന്നു..

നന്നായീ..

പ്രാന്തിയാന്ന് പപ്പിനീനേ നാട്ടാര് പറേണത് കേക്കണ്ട്യര്‌ല്ലല്ലോ.. അവള് പണിട്ത്ത് തിന്നോളും.. വെറ്തേ ഇബടെ കുത്തിര്ക്കാണ്ട് വല്ലോടത്ത്ക്കും പോയ്യാ ചൊക്ളിക്കും വല്ല പണീം കിട്ടും..

അങ്ങന്യലോയ്ച്ചാ എറേത്ത് കെടന്ന് ചൊക്ളി ഒറങ്ങീത്..

പിറ്റീസം കാലത്ത് വാറ്റ്ണ്ട് ന്നും നീയ്യും വരണന്നും പപ്പിനി പറഞ്ഞപ്പോ പൂവ്വാണ്ടിരിക്ക്യാൻ ചൊക്ളിക്ക് പറ്റീല്ല..

നേരുച്ച്യായപ്പളാ അറിഞ്ഞേ..

ഇന്ദ്രാഗാന്തീനേ ആരാണ്ടും വെടിവെച്ച് കൊന്നൂന്ന്…

പപ്പിനി അന്തിച്ച്ക്കണ കണ്ടപ്പോ ചൊക്ളി ക്ക് എന്താ വേണ്ട്യേന്ന് അങ്ങട്ട് തിരിഞ്ഞ്‌ല്ല..

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top