തിരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ ട്രംപ്, സ്ഥാനമൊഴിയാനുള്ള രേഖകളില്‍ ഒപ്പിടുകയില്ലെന്ന്

വാഷിംഗ്ടണ്‍: യു എസ് തിരഞ്ഞെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും, സ്ഥാനമൊഴിയാനുള്ള പ്രധാന രേഖകളിൽ ട്രംപ് ഭരണകൂടം ഒപ്പിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തോൽവി സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് വൻ തട്ടിപ്പാണെന്നാണ് ട്രം‌പ് ഇപ്പോഴും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചാണ് ബൈഡനും സംഘവും വിജയിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്. പ്രധാന സ്വിംഗ് സ്റ്റേറ്റുകളിലെ ഫലങ്ങളെ ട്രംപ് കുറ്റപ്പെടുത്തുന്നു. ചില സംസ്ഥാനങ്ങളിലെ വോട്ടുകളുടെ കാര്യത്തിൽ ബൈഡന്‍ ഒബാമയെ മറികടന്നത് അവിശ്വസനീയമാണെന്നാണ് ട്രം‌പിന്റെ നിലപാട്. ട്വീറ്റുകളിലാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നത് വരെ തോൽവി അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

കൂടാതെ, ബൈഡന്‍ ഗ്രൂപ്പിന് ഭരണനിര്‍‌വ്വഹണം ആരംഭിക്കാൻ ഓഫീസും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ വൈറ്റ് ഹൗസ് അധികൃതർ തയ്യാറല്ല. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഔദ്യോഗിക മെയില്‍ ഐഡികളും നല്‍കേണ്ടതുണ്ട്. ഇവയൊന്നും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുമില്ല. സാധാരണ ഗതിയില്‍ യു.എസ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആളുടെ സംഘവുമായി വൈറ്റ് ഹൗസ് ആശയ വിനിമയം നടത്താറുണ്ട്. എന്നാല്‍ ഇക്കുറി വൈറ്റ് ഹൗസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടു പോകൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ് നിയമിച്ച വൈറ്റ് ഹൗസ് വക്താവ് എമിലി മര്‍ഫി.

നിലവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പുതിയ പ്രസിഡന്റിന് സമാധാനപരമായി അധികാരം കൈമാറ്റം ചെയ്യണ മെന്നാണ് നിയമം. എന്നാല്‍ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശം ദുരിതപൂര്‍ണ്ണമാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ജനുവരി 20 വരെയാണ് ട്രംപിന്റെ ഭരണ കാലാവധി. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് റാലികള്‍ സംഘടിപ്പിക്കാന്‍ ട്രംപ് ഒരുങ്ങുന്നുവെന്നാണ് ട്രംപിന്റെ പ്രചാരണ വക്താവ് ടിം മര്‍ഡോഫ് പറയുന്നത്. അതുകൊണ്ട് തന്നെ യു.എസ് പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ട്രംപ് ദുര്‍വിനിയോഗം ചെയ്യുമോയെന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്ക.

Print Friendly, PDF & Email

Leave a Comment