മുംബൈ ഇന്ത്യൻസ് ഐപി‌എൽ കിരീടം നേടി; ദില്ലിയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി

ഐ‌പി‌എൽ 2020 കിരീടം മുംബൈ ഇന്ത്യൻസ് നേടി. ഫൈനലിൽ ദില്ലി ക്യാപിറ്റല്‍സിനെഅഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിക്കരുത്തിലാണ് മുംബൈയുടെ വിജയം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ആവേശം അധികമില്ലാത്ത കലാശപ്പോരില്‍ ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ അഞ്ചാം കിരീടനേട്ടം. ടൂര്‍ണമെന്റില്‍ 30 വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയ്ക്ക് പര്‍പ്പിള്‍ ക്യാപ്പും പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് മികച്ച ബാറ്റ്‌സ്മാനുള്ള ഓറഞ്ച് ക്യാപ്പും ലഭിച്ചു.

ഏറെ ക്ലേശിച്ചും പൊരുതിയുമാണ് ഡല്‍ഹി 156 റണ്‍സ് നേടിയത്. ഈ സ്‌കോര്‍ എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ഐപിഎല്ലില്‍ മുംബൈയുടെ അഞ്ചാം കിരീടമാണിത്. മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ശേഷം ഐപിഎല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും രോഹിത് ശര്‍മ്മയുടെ മുംബൈയ്ക്ക് സ്വന്തം. ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.

ഓപ്പണറായെത്തിയ രോഹിത് 45 പിന്തില്‍ ആറ് ഫോറും 7 സിക്‌സും സഹിതം 73 റണ്‍സുമായി പുറത്താകാതെ നിന്നു. ക്വിന്റന്‍ ഡികോക്ക് (12 പിന്തില്‍ 20), സൂര്യകുമാര്‍ യാദവ് (20 പന്തില്‍ 19) എന്നിവരെല്ലാം ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി മുംബൈയുടെ വിജയം ഉറപ്പാക്കി. ഇഷാന്‍ കിഷന്‍ 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു. നിരാശപ്പെടുത്തിയത് കീറണ്‍ പൊള്ളാര്‍ഡ് (നാല് പന്തില്‍ ഒമ്പത്), ഹാര്‍ദിക് പാണ്ഡ്യ (5ല്‍ പന്തില്‍ 3) എന്നിവര്‍ മാത്രം. ഡല്‍ഹിയ്ക്കായി ആന്റിച്ച് നോര്‍ട്യ രണ്ടും കഗീസോ റബാദ, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ ക്രീസിന് പുറത്തേയ്ക്കിറങ്ങി സിക്‌സര്‍ പറത്തിയ രോഹിത് വരാനിരിക്കുന്ന വിപത്തിന്റെ സൂചന ഡല്‍ഹിയ്ക്ക് നല്‍കിയതാണ്. തൊട്ടടുത്ത ഓവറില്‍ കഗീസോ റബാദയ്‌ക്കെതിരെ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്ത ഡികോക്ക് മത്സരത്തിന്റെ ഗതി വ്യക്തമാക്കി.

ഇടയ്ക്ക് ഡികോക്കിനെ മാര്‍ക്കസ് സ്‌റ്റോയ്‌നിസും രോഹിത് ശര്‍മ്മയെ ആന്റിച്ച് നോര്‍ട്യയും പൊള്ളാര്‍ഡിനെ (നാല് പന്തില്‍ ഒമ്പത്) കഗീസോ റബാദയും പുറത്താക്കിയെങ്കിലും അത് മുംബൈയുടെ വിജയത്തിലേക്കുള്ള പ്രയാണത്തെ ബാധിച്ചുപോലുമില്ല. വിജയത്തിലേക്ക് ഒരു റണ്‍ വേണ്ടപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (അഞ്ച് പന്തില്‍ മൂന്ന്) പുറത്തായും അവരെ ബാധിച്ചിട്ടില്ല. എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി അവര്‍ വിജയം തൊട്ടു.

Print Friendly, PDF & Email

Leave a Comment