Flash News

പുതിയ പേരില്‍ പബ്ജി ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു

November 12, 2020

ന്യൂഡൽഹി: പബ്ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തുന്നു. ‘പബ്ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ പുതിയ ഗെയിം ആരംഭിക്കുമെന്ന് പബ്ജി കോർപ്പറേഷൻ പ്രഖ്യാപിച്ചു. പുതിയ ഗെയിം ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഇത് ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത പബ്ജി ഗെയിമാണെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിൽ പബ്ജിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ടെൻസെന്റ് ഗെയിംസുമായുള്ള കരാർ പബ്ജി കോർപ്പറേഷൻ അവസാനിപ്പിച്ചു. ഇതോടെ, മുമ്പത്തെ പബ്ജി ഗെയിം ഇനി ഉപയോക്താക്കൾക്ക് ലഭ്യമാകില്ല.

പുതിയ ഗെയിം പൂര്‍ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു. ഡാറ്റ സ്റ്റോറേജ് സംവിധാനങ്ങളില്‍ കമ്പനി നിരന്തരമായ പരിശോധന നടത്തുകയും ഡേറ്റ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

ഇതോടൊപ്പം ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പ്രാദേശികമായ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാകും ഉള്ളടക്കം മെച്ചപ്പെടുത്തുക. ഗെയിമിലെ കഥാപാത്രങ്ങള്‍, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വിര്‍ച്വല്‍ സിമുലേഷന്‍ ട്രെയിനിങ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും പുതിയ ഗെയിമിലുണ്ടാകും.

പുതിയ പബ്ജി അവതിരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്. ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും ഗെയിമിങ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനടക്കമാണ് പുതിയ ഓഫീസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

പബ്ജി കോര്‍പ്പറേഷനും മാതൃകമ്പനിയായ ക്രാഫ്‌റ്റോണും ഇന്ത്യയില്‍ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്‌പോര്‍ട്‌സ്, വിനോദം, ഐടി മേഖലകളിലായിരിക്കും കമ്പനി പണംമുടക്കുക. അതേസമയം പുതിയ ഗെയിം പുറത്തിറക്കുന്ന തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല.

സെപ്റ്റംബറിൽ പബ്ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകളും ഗെയ്മുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പബ്ജി കോർപ്പറേഷൻ ഒരു കൊറിയൻ കമ്പനിയാണെങ്കിലും, ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് ചൈനീസ് കമ്പനിയായ ടെൻസെന്റാണ്. ഇതാണ് നിരോധനത്തിലേക്ക് നയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top