തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

കോവിഡ്-19 വ്യാപന കാലത്ത് നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. മൂന്ന് മേഖലകളിലാണ് കോവിഡ് വ്യാപനം കൂടുതലായി കാണപ്പെടുന്നത്. അടച്ച വായുസഞ്ചാരമില്ലാത്ത പ്രദേശങ്ങൾ, ജനക്കൂട്ടം, മുഖാമുഖം ബന്ധപ്പെടാനുള്ള സാധ്യത. അതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും പ്രചാരണവുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത പാലിക്കണം. ശരിയായ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. ഓരോരുത്തരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അവര്‍ പറഞ്ഞു. പ്രചാരണ വേളയിൽ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഭവന സന്ദര്‍ശനത്തിനുള്ള ടീമില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ. വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തു നിന്നുകൊണ്ടുതന്നെ വോട്ടഭ്യര്‍ത്ഥിക്കണം. അവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. വീട്ടിലുള്ളവരും സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. സാനിറ്റൈസര്‍ കൈയില്‍ക്കരുതി ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം.

വീട്ടുകാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഷേക്ക് ഹാന്‍ഡ് നല്‍കരുത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസു കളും ലഘുലേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തണം. നോട്ടിസുകളോ മറ്റോ വാങ്ങിയാല്‍ അതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. കുട്ടികളെ ഒരു കാരണവശാലും എടുക്കരുത്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്. ഈ രോഗലക്ഷണങ്ങളുള്ള വീട്ടുകാരും സന്ദര്‍ശനത്തിനെത്തുന്നവരെ കാണരുത്. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കൊവിഡ് നിയന്ത്രണങ്ങള്‍ (സോപ്പ്/സാനിറ്റൈസര്‍ , മാസ്‌ക് , സാമൂഹ്യ അകലം) പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.വോട്ടര്‍മാര്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കണമെന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്നുമുള്ള സന്ദേശം കൂടി സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം.

സ്ഥാനാർത്ഥികൾക്ക് മാല, പൂച്ചെണ്ട്, ഷാൾ അല്ലെങ്കിൽ മറ്റേതെങ്കിലും സ്വീകരണം നൽകരുത്. ഏതെങ്കിലും സ്ഥാനാർത്ഥി കോവിഡ് പോസിറ്റീവ് ആയി മാറുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താൽ, അവര്‍ ഉടൻ പ്രചാരണത്തിൽ നിന്ന് പിന്മാറുകയും ജനങ്ങളുമായി സമ്പർക്കം ഒഴിവാക്കുകയും വേണം. പരിശോധനാ ഫലം നെഗറ്റീവ് ആയ ശേഷം, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മാത്രമേ ഫോളോ-അപ്പ് നടപടി സ്വീകരിക്കാവൂ. കോവിഡ് പോസിറ്റീവ് രോഗികളുടെയോ ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളിലേക്ക് നേരിട്ട് പോകാതെ ഫോണിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നത് നല്ലതാണ്. പ്രചാരണത്തിനുശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയ ശേഷം, സ്ഥാനാർത്ഥിയുടെയും ടീമംഗങ്ങളുടേയും വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ കുതിർത്തതിനുശേഷം സോപ്പ് ഉപയോഗിച്ച്
നന്നായി കുളിച്ചതിനുശേഷം മാത്രമേ മറ്റുള്ളവരുമായി സംവദിക്കാൻ പാടുള്ളൂ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment