Flash News

ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലുടന്‍ ശിവശങ്കറിനെ കാത്തിരിക്കുന്നത് കസ്റ്റംസ്

November 14, 2020

തിരുവനന്തപുരം: ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലുടന്‍ ശിവശങ്കറിനെ കാത്തിരിക്കുന്നത് കസ്റ്റംസിന്റെ കൈവിലങ്ങ്. 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്താൻ സുരേഷുമായി ഗൂഢാലോചന നടത്തിയതിന് ശിവശങ്കറിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് കസ്റ്റംസ് ഒരുങ്ങുന്നത്. ശിവശങ്കറിനെ കൂടാതെ സ്വപ്‌ന, സരിത്ത് എന്നിവരും കേസിൽ പ്രതികളാണ്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന സ്വാധീനമുപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇത്രയധികം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിലുള്ള ചട്ടപ്രകാരം 5000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി മാത്രമേ മാറ്റിയെടുക്കാനാവൂ. ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തിലാണ് ഒരു കോടി 40 ലക്ഷം രൂപ ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളറായി മാറ്റിയെടുത്തത്. കസ്റ്റംസ് ആക്ട് 113 പ്രകാരം ഇത് ഗുരുതരമായ കുറ്റമാണ്.

നിയമ വിരുദ്ധമായി ഇത്രയേറെ ഡോളര്‍ നല്‍കിയ കരമന ആക്‌സിസ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ ശേഷാദ്രിയെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനാണ് കസ്റ്റംസ് നീക്കം. ബാങ്ക് ഉദ്യോഗസ്ഥരുടെ തെളിവുമൂല്യമുള്ള മൊഴികള്‍ നിര്‍ണായകമാണ്. യു.എ.ഇ കോണ്‍സുലേറ്റിലെ രേഖകള്‍ ഉപയോഗിച്ചും ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്രകളിലും സ്വപ്ന ഡോളര്‍ കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.

ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ പങ്കാളിത്തം കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നുമുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക) കോടതി അനുമതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കാക്കനാട് ജില്ലാ ജയിലില്‍വെച്ച് ജയില്‍ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യാം.

കസ്റ്റംസിന് പുറമേ, ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസ് കോടതിയെ സമീപിക്കും. ലൈഫ് മിഷൻ കൈക്കൂലി കേസിലെ ഇടപാടുകളെക്കുറിച്ച് അറിയാൻ വിജിലൻസ് ശ്രമിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top