Flash News

മസാല ബോണ്ടിന്റെ പേരില്‍ നടത്തിയ അഴിമതിയില്‍ എത്ര കമ്മീഷന്‍ ലഭിച്ചു?; മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

November 17, 2020

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തി വാര്‍ത്താ സമ്മേളനം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനം, ഭരണഘടന ലംഘിക്കൽ എന്നീ ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. പരസ്യമായി കള്ളം പറയുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്ത ധനമന്ത്രി രാജിവയ്ക്കണം. അധികാരത്തിൽ തുടരാനുള്ള അവകാശം മന്ത്രിക്ക് നഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച് സ്പീക്കർക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് കരട് റിപ്പോർട്ടാണെന്ന് പറഞ്ഞ് ചോർത്തി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇത് ഒരു കരട് റിപ്പോര്‍ട്ടാണെന്ന് കണക്കാക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. യഥാർത്ഥ റിപ്പോർട്ടും കരട് റിപ്പോർട്ടും കണ്ടാല്‍ തിരിച്ചറിയാൻ കഴിയാത്ത ആളാണോ ധനമന്ത്രിയായതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അഴിമതിയും കൊള്ളയും മറക്കാനാണ് ധനമന്ത്രി കള്ളം പറയുന്നത്. മസാല ബോണ്ടിൽ ആർക്കൊക്കെ കമ്മീഷൻ കിട്ടിയെന്ന് ഐസക് പറയണമെന്നും മസാല ബോണ്ടുകൾ സുതാര്യമല്ലെന്നും മസാല ബോണ്ട് വഴി നടന്നത് കള്ളക്കച്ചവടമാണെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂർണ്ണരൂപം:

ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളോട് കളളം പറയുകയാണ്. തുടര്‍ച്ചയായി നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അന്തിമറിപ്പോര്‍ട്ടാണെന്ന് പറഞ്ഞാല്‍ അത് ഗുരുതരമായ തെറ്റാണെന്ന് അറിയാവുന്നത് കൊണ്ടാണ് അത് കരട് റിപ്പോര്‍ട്ടാണ് എന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിഎജിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ വസ്തുതകള്‍ പുറത്തുവന്നു. അന്തിമ റിപ്പോര്‍ട്ട് സിഎജി സര്‍ക്കാരിന് നല്‍കിയത് നവംബര്‍ ആറിനാണെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

ആ സാഹചര്യത്തില്‍ എന്തിനാണ് 14-ന് എന്തിനാണ് കരട് റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞത്. സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനുളള കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് നടപടിക്രമങ്ങളും ചട്ടലംഘനങ്ങളും അറിയാം. ചട്ടലംഘനവും ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനവുമെല്ലാം തന്റെ കളളം, താന്‍ നടത്തിയ അഴിമതികള്‍, കൊള്ളകള്‍ പുറത്തുവരുമെന്ന പേടി കൊണ്ടാണന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയുടെ സി എ ജി റിപ്പോര്‍ട്ട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് ഇതുവരെ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുകയാണ്. കരട് റിപ്പോര്‍ട്ടല്ല ഒറിജിനല്‍ റിപ്പോര്‍ട്ടാണ് താന്‍ ചോര്‍ത്തിയത് എന്നാണ് ഇന്ന് അദ്ദേഹം സമ്മതിച്ചത്.

കിഫ്ബി മറുപടി തയ്യാറാക്കുന്നത് കണ്ടപ്പോള്‍ ഇത് കരടാകാമെന്ന് അനുമാനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അതെന്താ ഒറിജനലും കരടും കണ്ടാല്‍ തിരിച്ചറിയാത്ത ആളാണോ നമ്മുടെ ധനമന്ത്രി. ഒറിജിനാലാണോ കരടാണോ എന്നൊന്നും ചര്‍ച്ച ചെയ്യണ്ടാ എന്നാണ് ഇന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അതാണ് ചര്‍ച്ച ചയ്യേണ്ടത്. ഒരു മന്ത്രി നിയമലംഘനം നടത്തിയിരിക്കുന്നു, ഭരണഘടനാ തത്വങ്ങളെ ലംഘിച്ചിരിക്കുന്നു. നിയമസഭയെ അവഹേളിച്ചിരിക്കുന്നു. അത് തന്നയൊണ് ചര്‍ച്ച ചെയ്യേണ്ടത്. കേരളത്തിന്റെയോ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മന്ത്രി സി ആന്റ് എ ജിയുടെ റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

പൊടുന്നനവെ പത്ര സമ്മളനം വിളിച്ച് ഈ കരട് റിപ്പോര്ട്ട് പുറത്ത് വിടുകയാണെന്ന് പറഞ്ഞത് അദ്ദേഹമാണ്. കരട് റിപ്പോര്‍ട്ട് എന്ന ധനമന്ത്രിയുടെ കള്ളം സി എ ജിയുടെ ഇന്നലത്തെ പത്രക്കുറിപ്പോടെ പൊളിഞ്ഞിരിക്കുകയാണ്. അതോടെ അദ്ദേഹം വീണിടുത്ത് കിടന്ന് ഉരുളുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി തോമസ് ഐസക്ക് ജനങ്ങളോട് കള്ളം പറയുകയാണ്.

ഒറിജിനല്‍ റിപ്പോര്‍ട്ടാണ് ചോര്‍ത്തിയതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വലുതാണ്. അതറിയാവുന്നത് കൊണ്ടാണ് കരടാണെന്ന് കള്ളം പറഞ്ഞത്.

കഴിഞ്ഞ മെയിലാണ് സി എ ജി കരട് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് മനസിലാകുന്നത്. അതിന് മേലുള്ള എന്‍ട്രി ആന്റ് എക്സിറ്റ് മിറ്റിംഗ് ജൂണില്‍ നടന്നു.

ഫൈനല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സി എ ജി നല്‍കിയത് ഈ നവംബര്‍ 6 നാണ്. മന്ത്രി കരട് റിപ്പോര്‍ട്ടാണ്ന്ന് പറഞ്ഞ് അത് പത്ര സമ്മേളനത്തില്‍ ഉന്നയിച്ചത് നവംബര്‍ 14 ന്.

അന്ന് തന്നെ ചാനല്‍ ചര്‍ച്ചയില്‍ ഇത് ഒറിജിനല്‍ റിപ്പോര്‍ട്ടാണോ എന്ന ചോദ്യം വന്നിരുന്നു. അല്ല കരാടാണെന്ന് മന്ത്രി തര്‍ക്കിച്ചു. അത് കഴിഞ്ഞ് അടുത്ത മൂന്ന് ദിവസവും കരട് ആണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇത് മനപ്പൂര്‍വ്വമാണ.് ഒറിജിനല്‍ ആണെന്ന സംശയമുണ്ടായ സ്ഥിതിക്ക് സ്വാഭാവികമായി ക്രോസ് ചെക്ക് ചെയ്യേണ്ടതല്ലേ. അത് ചെയ്യാതെ മന്ത്രി ഈ ചട്ടവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടി ചെയ്തത് മനപ്പൂര്‍വ്വമല്ലേ. കഴിഞ്ഞ സര്‍്ക്കാരിന്റെ കാലത്ത് പബ്ളിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായിരുന്നു തോമസ് ഐസക്. നടപടി ക്രമങ്ങളും ചട്ടങ്ങളും അദ്ദേഹത്തിന് നല്ലവണ്ണം അറിയാം. ഈ ചട്ടലംഘനങ്ങളും ഭരണഘടനാ അവഹേളനങ്ങളും എല്ലാം തന്റെ കള്ളവും കൊള്ളയും അഴിമതികളും പുറത്ത് വരുമെന്നത് കൊണ്ടാണെന്ന് സംശയമില്ല.

മന്ത്രി പരസ്യമായി കള്ളം പറഞ്ഞു എന്നത് ഒരു കാര്യം. മറ്റൊന്ന് ഗവര്‍ണ്ണര്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് മോഷ്ടിച്ച് രഹസ്യമായി വയ്കേണ്ട അതിലെ വിവരങ്ങള്‍ പത്ര സമ്മളത്തില്‍ പറഞ്ഞുവെന്നതാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.

പരസ്യമായി കള്ളം പറയുകയയും സത്യ പ്രതിജ്ഞ ലംഘിക്കുകയും ചെയ്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അദ്ദേഹം രാജി വെയ്ക്കണം.

മന്ത്രി ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചിരിക്കുന്നു. സഭയെ അവഹേളിച്ചത് സംബന്ധിച്ച് സ്പീക്കര്‍ ഇന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. നിയമസഭയുടെ ചട്ടങ്ങളും, നടപടി ക്രമങ്ങളും ലംഘിക്കുന്ന ഈ കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണം.

കരട് റിപ്പോര്‍ട്ടിലില്ലാത്ത എന്തോ ഫൈനല്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു എന്നൊക്കെയാണ് ധനമന്ത്രി ഇപ്പോള്‍ പറയുന്നത്. അത് എന്താണെന്ന് നമുക്ക് അറിയില്ല. അതിന്‍മേല്‍ അഭിപ്രായം പറയണമെങ്കില്‍ കരട് റിപ്പോര്‍ട്ടിന്റെയും ഒറിജനല്‍ റിപ്പോര്‍ട്ടിന്റെയും കോപ്പി പ്രതിപക്ഷത്തിന് നല്‍കണം. അപ്പോള്‍ അത് വായിച്ചുനോക്കിയ ശേഷം മറുപടി പറയാം.

ധനവകുപ്പ് സ്രെക്രട്ടറിക്ക് സീല്‍ഡ് കവറിലാണ് റിപ്പോര്‍ട്ട് നല്‍കുക. അത് അദ്ദേഹം രാജ്ഭവനില്‍ സീല്‍ഡ് കവറില്‍ തന്നെ എത്തിക്കും. ഗവര്‍ണ്ണറുടെ അനുമതിയോടെ അത് സഭയില്‍ വയ്കുന്നതിന് രാജ്ഭവനില്‍ നിന്ന് നിയമസഭയില്‍ സീല്‍ഡ് കവറിലെത്തിക്കും. ഗവര്‍ണ്ണര്‍ക്ക് വേണ്ടി ധനമന്ത്രി അത് നിയമസഭയില്‍ അത് സമര്‍പ്പിക്കും. നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അതിന്റെ പ്രിന്റന്‍ഡ് കോപ്പികള്‍ പ്രത്യേക ദൂതന്‍ വഴി സി എ ജി നിയമസഭയില്‍ എത്തിക്കുമെങ്കിലും അപ്പോഴും അത് തുറക്കാതെ പ്രത്യേക മുറിയിലാണ് സൂക്ഷിക്കുന്നത്. അത്രയ്ക്ക് രഹസ്യ സ്വഭാവത്തിലുളളതായത് കൊണ്ടാണത്. ഇവിടെ ഗവര്‍ണ്ണര്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് മന്ത്രി മോഷ്ടിച്ച് എടുത്ത് പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി. അതിന്റെ പ്രത്യാഘാതം അറിയാവുന്നതില്‍ അത് കരട് റിപ്പോര്‍ട്ടാണെന്ന് കളളം പറഞ്ഞു.

ഈ കള്ളങ്ങള്‍ പൊലിപ്പിക്കുന്നതിനു വേണ്ടിയാണ് ബി.ജെ.പി – കോണ്‍ഗ്രസ് ഗൂഡാലോചന എന്ന മറ്റൊരു കള്ളവും മന്ത്രി പറഞ്ഞത്. ഈ കള്ള പ്രചരണം ജനങ്ങള്‍ വിശ്വസിക്കുമോ? കെ പി സി സിയുടെ ഭാരവാഹി രാം മാധവുമായി ചര്‍ച്ച നടത്തിയെന്ന കള്ള ആരോപണം ഉന്നയിച്ചു.

സി ആന്റ് എ ജിയെ പാമോലിന്‍ കേസിന്റെ കാര്യത്തിലുള്‍പ്പെടെ വിശുദ്ധയായ മാലാഖയായിട്ടാണ് സി പി എം കണ്ടിരുന്നത്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലൊക്കെ സി ആന്‍് എ ജിയുടെ റിപ്പോര്‍ട്ട് എത്ര പവിത്രമായാണ് സി പി എം കണ്ടിരുന്നത്. ഇപ്പോള്‍ എന്താണ് സി ആന്റ് എ ജിയോട് ഇത്ര വിരോധം? ഇടതുമുന്നണിയുടെ അഴിമതി ആരെല്ലാം കണ്ടെത്തിയോ അവരോടൊക്കെ വിരോധമാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാനുസൃതമല്ലേ. ഇതെന്താ സ്വതന്ത്ര റിപ്പബ്ളിക്ക് വല്ലതുമാണോ. തോമസ് ഐസകിന്റെ പ്രസംഗം കേട്ടാല്‍ തോന്നും കേരളം ഒരു സ്വതന്ത്ര റിപ്പബ്ളിക്കാണെന്ന്. ഇവിടെ കോടതിയും ഭരണഘടനയുമൊന്നുമില്ലാ എന്ന്. പ്രതിപക്ഷം മിണ്ടിയാല്‍ അത് ഗൂഡാലോചന ആണെന്ന് പറയും.

കരടില്‍ ഇല്ലാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ പരിശോധിക്കാന്‍ ഇവിട പി എ സിയുണ്ട്. അല്ലാതെ പത്ര സമ്മേളനത്തില്‍ വിളിച്ച് പറയുകയല്ല ചെയ്യേണ്ടത്.

മസാലാ ബോണ്ടിന്റെ ലാവ്‌ലിന്‍ ബന്ധമാണ് യഥാര്‍ത്ഥ പ്രശ്‌നം

മസാല ബോണ്ടിന് പിന്നിലെ അഴിമതിയും കിഫ്ബിയില്‍ നടക്കുന്ന തീവെട്ടി കൊള്ളയുമാണ് യഥാര്‍ത്ഥ പ്രശ്‌നം. 9.273 ശതമാനം എന്ന കൊള്ളപ്പലിശയ്ക്ക് എന്തിന് കിഫ്ബി മസാല ബോണ്ടിറിക്കി. അതില്‍ മന്ത്രിക്കും മറ്റുള്ളവര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി? അതാണ് യഥാര്‍ത്ഥ പ്രശ്‌നം. എട്ട് ശതമാനം പലിശക്ക് പണം രാജ്യത്ത് കിട്ടുമായിരുന്നു. കൊച്ചി മെട്രോക്ക് എട്ട് ശതമാനം പലിശിക്ക് വായ്പ കിട്ടിയിരുന്നു.

ഇവിടെ മന്ത്രി തോമസ് ഐസക്ക് ഒരു ചോദ്യത്തിന് മറുപടി പറയണം. ലാവ്‌ലിനുമായി മസാല ബോണ്ടിനുള്ള ബന്ധം എന്താണ്? മസാല ബോണ്ട് വാങ്ങിയ ഡി.സി.പി.ക്യുവും ലാവ്‌ലിനുമായി എന്താണ് ബന്ധമുള്ളത്?

ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്നത് ഡി.സി.പി.ക്യു എന്ന ഫണ്ടിംഗ് ഏജന്‍സി അല്ലേ? പിണറായി വിജയന്റെ പഴയ ലാവ്‌ലിന്‍ ബന്ധമല്ലേ മസാല ബോണ്ട് വില്പനയിലും ആവര്‍ത്തിച്ചത്? ഇത് തുറന്നു പറയാന്‍ തോമസ് ഐസക്ക് തയ്യാറുണ്ടോ? പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ലാവ്ലിനു വേണ്ടിയാണ് മസാല ബോണ്ടിറിക്കിയത്.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ഞ്ചേഞ്ചില്‍ മണി അടിച്ച് പബ്ലിക്ക് ഇഷ്യുവായാണ് മസാല ബോണ്ട് വില്പന നടത്തിയത് എന്നത് പെരുംകള്ളമല്ലേ?

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ഞ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്തത് 2019 ഏപ്രില്‍ 1 ന് ആണ്. മുഖ്യമന്ത്രി മണി അടിച്ചത് മെയ് 17 ന്. എന്നാല്‍ ഡി.സി.പി.ക്യുവിനുള്ള മസാല ബോണ്ട് വില്പന അതിനും മുന്‍പ് മാര്‍ച്ച് 26 നും 29 നും ഇടയ്ക്ക് നടന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 29 ന് കിഫ്ബിക്ക് അതിന്റെ പണവും കിട്ടി. തട്ടിപ്പ് ഇതില്‍ നിന്ന് വ്യക്തമാണ്.

സി ഡി പി.ക്യുവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍ രഹസ്യമായി പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്തിയാണ് മസാല ബോണ്ട് കച്ചവടമാക്കിയത്. ദുരൂഹമാണ് ഈ ഇടപാട്. നിങ്ങളുടെ പഴയ ലാവ്ലിന്‍ കൂട്ടുകാര്‍ക്കല്ലേ ഇത് നല്‍കിയത്. അതില്‍ കമ്മീഷന്‍ എത്ര കിട്ടി? ധനമന്ത്രിയും മുഖ്യമന്ത്രിയും ഇതിന് മറുപടി പറയണം. ലാവ്‌ലിനെ സഹായിക്കാന്‍ വേണ്ടിയാണ് മസാല ബോണ്ടിറക്കിയത്.

കോടികള്‍ കമ്മിഷന്‍ തട്ടുന്നതിന് വേണ്ടിയാണ് ഭരണഘടനയെപ്പോലും ലംഘിച്ച് കൊണ്ട് ഈ വില്‍പ്പന നടത്തിയത്. ഇതും ഏറ്റവും കൂടിയ പലിശ നിരക്കില്‍. ഈ അഴിമതി സി ആന്റ് എജി ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞിട്ട് കാര്യമില്ല.

സാധാരണ നാല് മുതല്‍ 8.5 ശതമാനം വരെയാണ് മസാല ബോണ്ടുകളുടെ പലിശ നിരക്ക്. ഇന്ത്യയില്‍ എച്ച് ഡി എഫ് സി ഇറക്കിയത് 6.8 ശതമാനം പലിശക്ക്. എന്‍ ടി പിസി ഇറക്കിയത് 7.48 ശതമാനം പലിശക്ക്. നാഷണല്‍ ഹൈവേ അതോറിറ്റി ഇറക്കിയത് 7.3 ശതമാനത്തിന്. കിഫ്ബിയുടെ മസാലാ ബോണ്ടിന് മാത്രം 9.732 ശതമാനം പലിശ്.

ലാവ്ലിന്‍ വഴി കമ്മീഷനടിക്കാനുള്ള ഏര്‍പ്പാട് മാത്രമായിരുന്നു ഇത്. അതിനാലാണ് ഇത്ര ഉയര്‍ന്ന പലിശ. അത് പിടിക്കപ്പെടുമെന്ന് കണ്ടതിലാണ് ധനമന്ത്രിയും മുഖ്യമന്ത്രിക്കും ഇത്ര ഹാലിളക്കം. അല്ലാതെ കേരളത്തില്‍ ആദ്യമായിട്ടല്ല സ്‌കൂളും പാലങ്ങളും റോഡുകളും ഒക്കെ പണിയുന്നത്.

ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും എതിര്‍ത്തു

മസാല ബോണ്ടിന്റെ ചര്‍ച്ച കിഫ്ബിയുടെ ഗവേണിംഗ് ബോര്‍ഡി നടക്കുമ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധനകാര്യ സെക്രട്ടറി മനോജ് ജോഷിയും ഉയര്‍ന്ന പലിശക്കാര്യം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തിരുന്നില്ലേ? ഇന്ത്യക്കുള്ളില്‍ ഇതിലും കുറഞ്ഞ പലിശക്ക് പണം കിട്ടുമെന്ന് ധനകാര്യ സെക്രട്ടറി ചൂണ്ടിക്കാണിച്ചതല്ലേ ? എന്നിട്ടും ഉയര്‍ന്ന പലിശക്ക് മസാല ബോണ്ടിറക്കിയത് കമ്മീഷനടക്കാനല്ലാതെ മറ്റെന്തിനാണ്.

കിഫ്ബി അല്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു വഴി ഇല്ലെന്നാണ് ധമന്ത്രി പറയുന്നത്. കിഫ്ബി വഴി ഇപ്പോള്‍ നടക്കുന്നത് റോഡുപണിയും സ്‌കൂള്‍ പണിയും സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണവും ആശുപത്രികെട്ടിടങ്ങളുടെ പണിയുമാണ്. അത് നേരത്തെ ബഡ്ജറ്റ് വഴി നടന്നിരുന്നതാണ്. ആകെയുള്ളത് പതിനാറായിരം കോടിയും, ചിലവഴിച്ചത് ആറായിരം കോടിയുമാണ്. പിന്നെ നിങ്ങള്‍ എന്ത് ചെയ്തുവെന്നാണ് പറയുന്നത്. വികസനത്തിന്റെ പേരില്‍ ലാവ്ലിന്‍ കമ്പനിയെ സഹായിക്കാനും അവിടെ നിന്ന് കമ്മീഷനടിക്കാനുമാണ് ഇതെല്ലാം ചെയ്തത്.

കിഫ്ബി ഇല്ലാതെ തന്നെയാണ് കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം പദ്ധതി എല്ലാം വന്നത്, വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു എന്ന മുറവിളി കൂട്ടുന്നത് ഇടതു സര്‍ക്കാരിന്റെ വികസന രംഗത്തെ പരാജയം മൂടി വയകാനാണ്. നാട്ടില്‍ വികസനം നടത്തുന്നുവെന്ന് പറഞ്ഞ് അഴിമതി ചെയ്യുന്നതിനെ ചൂണ്ടിക്കാണിക്കാന്‍ പാടില്ല. സി ആന്റ് എജിയും ഇ ഡിയും ഒന്നും അന്വേഷിക്കാന്‍ പാടില്ലന്നാണ് പറയുന്നത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുന്നത് കണ്ട് സമനില തെറ്റിയ മട്ടിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഇവിടെ വന്‍കിട പദ്ധതികള്‍ക്ക് ആരും എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ കൊള്ളയും അഴിമതിയും നടത്തിയാല്‍ ആരു ചൂണ്ടിക്കാണിക്കാന്‍ പാടില്ലന്ന് പറയുന്നത് ശരിയില്ല.

ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്ത് എല്ലാ വന്‍ കിട പദ്ധതികള്‍ക്കും ഓഡിറ്റുണ്ടാകണം. ഇവിടെ ഓഡിറ്റേ വേണ്ടെന്നാണ് പറയുന്നത്. എന്തിനാണ് ഇവര്‍ പേടിക്കുന്നത്. കിഫ്ബിക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഓഡിറ്റും വേണ്ടെന്ന് തിരുമാനിച്ചു. അതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ പോയി. ഏത് കാലഘട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാലും ഓഡിറ്റ് നടക്കണം. . മൗലികവും പ്രാഥമികവുമായ നടപടിയാണത്.

മസാല ബോണ്ടിന്റെ പേരിലുള്ള ഗുരുതരമായ അഴിമതി പുറത്ത് വരുമെന്ന് പേടിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത് ഇടതു മുന്നണി

ഇതുവരെ എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും തടസപ്പെടുത്തിയത് സി പിഎമ്മും ഇടതുമുന്നണിയുമാണ്. അവരാണ് ഇപ്പോള്‍ വികസനത്തിന്റെ പേര് പറഞ്ഞ് വരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്തത് ആരാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സ്ഥലം നല്‍കുകയില്ലന്ന് പറഞ്ഞത് ആരാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസനത്തിന്റെ അഞ്ച് ശതമാനം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടില്ല. അത് കൊണ്ട് യു ഡി എഫിനെ വികസന വിരുദ്ധര്‍ എന്ന് വിളിക്കണ്ട. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ ജനങ്ങളെ ഇളക്കിവിട്ടത് ആരാണ്.

4000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി ഉന്നയിച്ചവര്‍ ആരാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അട്ടിമറി. ഭരണത്തില്‍ വരുമ്പോള്‍വികസനത്തിന്റെ മറവില്‍ അഴിമതി ഇതാണ് ഇടതു രീതി.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എന്തിനാണ് മുഖ്യമന്ത്രി ഉറഞ്ഞ് തുള്ളുന്നത്. അവരെ ക്ഷണിച്ച് കൊണ്ട് വന്നത് മുഖ്യമന്ത്രിയല്ലേ. ശിവശങ്കരനെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ശിവശങ്കരനും ഇപ്പോഴും സംരക്ഷിക്കുകയാണ്. സ്വര്‍ണ്ണക്കളക്കടത്ത് കേസില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ പ്രതികളും പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരും പരസ്യമായ കൂട്ടുകെട്ടാണ്. മുഖ്യമന്ത്രി ശിവശങ്കരനെയും സ്വപ്നസുരേഷിനെയും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ശിവശങ്കരന്‍ നടത്തിയ എല്ലാ അഴിമതികള്‍ സ്വാഭാവികമായും അന്വേഷിക്കേണ്ടി വരും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുന്നു. മയക്ക് മരുന്ന് കേസില്‍പെട്ട പാര്‍ട്ടി സെ്ക്രട്ടറിയുെട മകനെ കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ. ഒന്നു അപലപിക്കാന്‍ പോലം തയ്യാറായില്ല.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള ഒരു കൂട്ടകച്ചവടമാണ് ഇവിടെ നടക്കുന്നത്. ഏത് അന്വഷണത്തെയും ധീരമായി നേരിടുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top