Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 18) ചെമ്പരത്തികള്‍

December 14, 2020 , ജയശങ്കര്‍ പിള്ള

രണ്ടു നേരം മാത്രം പൂജയുള്ള കാവും പരിസരവും കൂടുതൽ സമയവും വിജനമാണ്. ഉച്ച കഴിഞ്ഞ സമയമായതിനാൽ കാവും പരിസരവും നിശബ്ദത മൂടിയിരുന്നു. ക്ഷേത്രകുളത്തിൽ ആരോ തുണി അലക്കുന്നതിന്റെ താളാത്മകമായ ശബ്ദം.

“അമ്പിളീ നീ വേണമെങ്കിൽ പൊയ്ക്കോളൂ. അവിടെ അമ്മ തനിച്ചല്ലേ ഉള്ളൂ. ഞാൻ ഇവിടെ ഒക്കെ ഒന്ന് നടന്നു കാണട്ടെ.”

“സാരമില്ല ഏട്ടാ ഞാനും വരാം. അമ്മയ്ക്ക് കൂട്ടിനു അവിടെ കല്യാണിയമ്മ വന്നു നില്‍ക്കും”

“അത് കൊണ്ടല്ല. നിനക്ക് നടക്കുവാൻ കഴിയുമോ ഈ കാവും പരിസരവും മുഴുവൻ. എനിക്ക് ഇതൊക്കെ ഒന്ന് നടന്നു കാണണം. ഞാൻ ഇതുവഴി നടന്നു കുറുക്കു ചാടി തറവാട്ടിലേക്ക് പൊയ്ക്കൊള്ളാം”

“അപ്പൊ തിരികെ എങ്ങിനെ, ഞാൻ വണ്ടിയായി വരാം. അല്ലാതെ ഏട്ടനെങ്ങിനെ വീട്ടിലേക്ക് വരും”

“അത് ഞാൻ പരമനെ കൂട്ടി വന്നൊണ്ട് ”

ദേവന് അമ്പിളിയെ ഒഴിവാക്കി വിടുവാൻ ധൃതിയായി. അല്ലാതെ തന്നെ ഓപ്പോളിനു എന്തെങ്കിലും കിട്ടിയാൽ നൂറു നാവാണ്. ഇനി ഇവളുടെ കൂടെ നാട് ചുറ്റിയാൽ അത് മതി.

“എങ്കി ഞാൻ കീച്ചേരിയിലെ ഷഹ്നാന്റെ വീട്ടിൽ പോണു. കറക്കം കഴിഞ്ഞു വിളിച്ചാൽ മതി.” തെല്ലു പരിഭവത്തിൽ ആണെങ്കിലും അവൾ വിടാനുള്ള ഭാവം ഇല്ല.

“ഞാൻ വൈകും. പറമ്പിലെ പണിക്കാരെ ഒക്കെ പറഞ്ഞു വിട്ടു. അളവിനുള്ള ഏർപ്പാട് ചെയ്യണം. അത് കഴിഞ്ഞു ഞാൻ വീട്ടിലോട്ടു വന്നേക്കാം”

“ശരി ഏട്ടന്റെ ഇഷ്ടം പോലെ. എവിടെ കറങ്ങി നടന്നാലും ചേച്ചി വിളിക്കുമ്പോ ഞാനാണ് മറുപടി പറയേണ്ടത്. പരമേട്ടന്റെ കൂടെ നടന്നു വല്ലതും ഒക്കെ വാങ്ങി കുടിച്ചേക്കല്ലേ”

“ശരി, ഡോക്ടറെ … അനുസരിച്ചു”

അമ്പിളിയുടെ കാർ കാവിനു കിഴക്കോട്ടുള്ള കുന്നിൻപുറം കയറി കരയോഗ കെട്ടിടവും കടന്നു മറഞ്ഞു പോയി.
കാവിനു മുൻപിലുള്ള ചെറിയ നീളൻ മൈതാനത്തു കുട്ടിക്കാലത്തു മരക്കുറ്റികൾ നാട്ടി ക്രിക്കറ്റ് കളി നടത്തിയിരുന്നു. അന്ന് വെയിലും മഴയും ഒന്നും കുട്ടികൾക്ക് പ്രശ്നമേ ആയിരുന്നില്ല. ക്ഷേത്രവും, ക്ഷേത്ര മുറ്റവും ഈ മൈതാനത്തിൽ നിന്നും അല്പമേ താഴെ നിരപ്പിൽ ആയതിനാൽ കല്ലുകൾ പാകിയ പടികൾ ഇറങ്ങി വേണം ക്ഷേത്രത്തിലേക്കും അവിടെ നിന്നും തൃക്കോവിലിലേക്കും പോകാന്‍. ദേവന്റെ കുട്ടിക്കാലത്തു ക്ഷേത്ര പരിസരത്തു ഓലകൾ മേഞ്ഞ ഒരു നാടക ശാല ഉണ്ടായിരുന്നു. വിവിധ ദിക്കുകളിൽ നിന്ന് നാടക ഭ്രമവും, ഇടതു ചിന്തകരും ഒക്കെ അവിടെ വന്നു പോയിരുന്നു. കേരളത്തിന്റെ തനതു കഥകളി പഠനകേന്ദ്രവും ഈ ക്ഷേത്ര പരിസരത്തു തന്നെ. കാലത്തിനൊത്ത വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എങ്കിലും മാറ്റങ്ങൾ ദൃശ്യമാണ്.

സ്‌കൂൾ പഠനകാലത്തു രാവിലെയും വൈകിട്ടും കവലയിലുള്ള മിൽമയിലേയ്ക്ക് പാൽ നല്‍കുന്നതിനായി ഈ ക്ഷേത്ര പരിസരത്തുകൂടി ആണ് ദേവൻ പോയിരുന്നത്. ക്ഷേത്രത്തിനു എതിർവശത്തുകൂടി പോകുന്ന ഇടവഴിയിലൂടെ പുലർച്ചെ ഉള്ള യാത്ര പേടിപ്പെടുത്തുന്നതായിരുന്നു. നാട്ടുച്ചയ്ക്കു പോലും നാട്ടു വെളിച്ചം കടന്നു ചെല്ലാത്ത ഇടവഴികൾ. ഇരുവശവുമുള്ള മൺതിട്ടകളിൽ പതിയിരിക്കുന്ന വിഷ ജന്തുക്കൾ. തൊണ്ടുകളെ (ഇടവഴികൾ) കവചം തീർത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന പൊങ്ങും, പുന്നയും, പൂപ്പരത്തിയും. കാടുപിടിച്ച മണൽപുറ്റുകളിൽ പടം പൊഴിച്ച് കടന്നുപോയ നാഗങ്ങളുടെ നീണ്ടു പൊടിഞ്ഞു തുടങ്ങിയ വലുതും ചെറുതുമായ ശേഷിപ്പുകൾ. ക്ഷേത്രത്തിൽ നിന്നും ഇടത്തൊണ്ടിലൂടെ അല്പം മുൻപോട്ടു നടന്നാൽ കുറ്റാക്കുറ്റിരുട്ടാണ്. മനയ്ക്കപറമ്പിലും എതിർവശത്തെ തൊടിയിലുമായി ഇടവഴിയ്ക്കു ഇരുപുറവും സർപ്പക്കാവുകൾ. വവ്വാലുകൾ കൂടുകൂട്ടിയ ഭീമൻ പാല മരം. അമ്പിളി അമ്മാവൻ പുസ്തകത്തിലെ വേതാളത്തിന്റെ കഥ ദേവനെ ഏറ്റവും കൂടുതലായി ഓർമ്മയിൽ കൊണ്ടുവന്ന ഒരു വനപ്രദേശം പോലെ ആണ് അത്. ചവറു കൂനകളിലൂടെ ഓടി മറയുന്ന പാമ്പുകൾ. പേടിച്ചരണ്ട കുട്ടിക്കാലം. എങ്കിലും നിരവധി വര്‍ഷം ജയദേവൻ ഈ വഴിയേ രാവിലെയും വൈകിട്ടും നടന്നുകൊണ്ടിരുന്നു. ഇന്ന് കാടുകൾ വെട്ടി നാഗത്താന്മാർക്കു കുരിയാളകൾ തീർത്തിരിക്കുന്നു. സർപ്പക്കാവ് ഇരുന്ന പുരയിടത്തിൽ പുതിയ വീടുകൾ… കലാക്ഷേത്രത്തിന്റെ പുതിയ സംവിധാനങ്ങൾ.

ആമ്പല്ലൂരിലെ തന്നെ ആദ്യ കാറുകളിൽ ഒന്നായ ഉരുണ്ട മൂട്ട പോലുള്ള എൻജിനീയറുടെ കാറ് എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. പകരം മുന്തിയ വിദേശ വാഹനങ്ങൾ.

എന്നിട്ടും ഒട്ടും മാറി എന്ന് പറയുവാൻ ആകാത്ത പലതുകളും ചരിത്രത്തെയും, സംസ്കാരത്തെയും സാക്ഷ്യപ്പെടുത്തി നില്‍ക്കുന്നു. കാവിലെ കൽവിളക്കിനു മുൻപിൽ തൊഴുതു പ്രാർത്ഥിക്കുമ്പോൾ പായലും, കുളവാഴയും നീക്കി വെയിലിൽ വെട്ടി തിളങ്ങുന്ന അമ്പലക്കുളത്തിൽ ആരോ തുണി അലക്കുന്ന ശബ്ദം ദൂരെ ദിക്കിൽ എവിടെയോ പ്രതിധ്വനിച്ചു. കല്പടികൾക്കു പകരമായി ചരിച്ചു പണിത നടപ്പാതയ്ക്കു അല്പം കൂടി വീതി കൂട്ടി എന്നല്ലാതെ വാഹനം ഓടണമെങ്കില്‍ നൂലിൽ കെട്ടി ഇറക്കേണ്ട അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഇല്ല. സർക്കാർ കാര്യം മുറപോലെ എന്നത് ക്ഷേത്ര കാര്യങ്ങളിൽ കൂടുതൽ ശരിവയ്ക്കുന്നതാണീ കൽകെട്ടുകൾ.

കൗമാര കാലത്തു സംഘ ശാഖയുടെ തുടക്കം കുറിക്കുവാന്‍ ദേവൻ ശ്രമിച്ചത് ഈ കാവിൽ നിന്നുമാണ്. കുടികിടപ്പും, ഭൂപരിഷ്കരണവും വന്നു ഇല്ലതു നിന്നും പഠിപ്പിൽ കേമന്മാർ പോലും ഒരു സർക്കാർ ജീവനത്തിൽ എത്തിപ്പെടാത്ത കാലം. എങ്കിലും ശാഖയുടെ പ്രവർത്തനം ദേശീയ വിരുദ്ധത എന്ന പേരിൽ പറമ്പിൽ നിന്നും കൈയ്യിൽ കിട്ടിയ വടിയും ആയി തല്ലി ഓടിച്ച അതേ ക്ഷേത്ര മൈതാനം. മനയ്ക്കലെ ഇളയത്തിൽ ഒരാൾ താടി നീട്ടി വളർത്തി ആകാശത്തേയ്ക്ക് പുകയും പറത്തി കല്‍ക്കെട്ടുകളിൽ ഇരിക്കുന്നത് കണ്ടപ്പോൾ ദേവന് അതിശയം തോന്നി. ഒരു കാലത്തു എല്ലാവരെയും ഒന്നുപോലെ കാണുവാനായി സ്വയം ബ്രാഹ്മണ ആഢ്യത്തരം വെടിഞ്ഞു ഇറങ്ങിത്തിരിച്ച ഇളയത്തിൽ ഒരാൾ. എന്നിട്ടു എല്ലാവരും ഒന്നായോ? ആ ചോദ്യം സ്വയം ചോദിക്കുന്നതോടൊപ്പം, മുഖപരിചയം പോലും മനസ്സിൽ ഇല്ലാതെ നിസ്സംഗമായ ഒരു നോട്ടം എറിഞ്ഞു ഇളയത് എന്തെല്ലാമോ പറഞ്ഞു.

കുളപ്പടവുകൾ കഴിഞ്ഞു പടിഞ്ഞാറോട്ടു നടക്കുമ്പോൾ നാട്ടിലെ എല്ലാ തെങ്ങിൻ പുരയിടങ്ങൾക്കും സുപരിചിതനായ വേലു ആശാന്റെ മകൻ നടന്നു വരുന്നു.

“സുധാകരന് എന്നെ മനസ്സിലായോ”

“ഇല്ല”

ഇവിടെ എങ്ങും കണ്ടു പരിചയം ഇല്ലാത്ത ദേവന്റെ മുഖത്ത് നോക്കി അത് പറയുമ്പോൾ സുധാകരന്റെ മുഖത്ത് പോകുവാനുള്ള തിടുക്കം കാണാം. സംസാരിച്ചു നില്‍ക്കാനോ പരിചയത്തെ ഒന്ന് പുതുക്കുവാനോ നേരം ഇല്ലാത്ത രീതിയിൽ കാലം മാറിയിരിയ്ക്കുന്നു.

“ഞാൻ ജയദേവൻ, അങ്ങ് പടിഞ്ഞാറ്റയിൽ ഉള്ള ..”

പറഞ്ഞു തീരുന്നതിനു മുൻപേ സുധാകരൻ ഒരു ഉൾവിളി പോലെ തലയിൽ ചുരുട്ടി കെട്ടിയിരുന്ന ചുവന്ന കച്ച തോർത്ത് അഴിച്ചു.

“അയ്യോ .. പെട്ടന്ന് അങ്ങ് മനസിലായില്ല …ഒരുപാട് ആയില്ലേ കണ്ടിട്ട് ”

“സാരമില്ല..ഞാനും ഒത്തിരി മാറിയല്ലോ”

കുറച്ചു നേരം നാട്ടു വിശേഷങ്ങൾ പറഞ്ഞങ്ങിനെ നിന്നു. പിന്നെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞപ്പോൾ ദേവന് അറിയാം പിന്നീട് ഒരു കാഴ്ച ഉണ്ടാകില്ല എന്ന്. തെങ്ങു കൈയേറ്റക്കാർക്ക് ഇന്ന് തിരക്കുള്ള കാലമാണെന്നു പരമു പറഞ്ഞത് ദേവന് ഓർമ്മ വന്നു.

യാത്ര പറഞ്ഞു നടക്കുമ്പോൾ അടർന്നു തുടങ്ങിയ വെട്ടുകൽ പടികെട്ടുകൾക്ക് ഇരുപുറവുമായി മന്ദസ്മിതം തിക്കി നിൽക്കുന്ന നന്ദ്യാര്‍വട്ടങ്ങൾ. ചായം പൂശാത്ത പൂമുഖ വാതിലിൽ അരിപ്പൊടിയും ചന്ദനവും കൊണ്ട് തീർത്ത വൃത്താകാരങ്ങൾ താഴേയ്ക്ക് വിവിധ രൂപത്തിൽ ഒഴുകി ഉണങ്ങി നില്‍ക്കുന്നു. ക്ഷേത്രക്കുളത്തിൽ നിന്നും സ്വർണ്ണ നിറമുള്ള പരല്‍മീനുകൾ മൂത്തതിന്റെ മ്യാൽ കൃഷിയിലേക്കു കൂട്ടത്തോടെ മണ്ണുവഴി മുറിച്ചു കടക്കുന്നു. വെയിലേറ്റു തിളങ്ങുന്ന കൊച്ചരുവിപോലെ വഴിയേ മുറിയ്ക്കുന്ന ഈ നീരൊഴുക്കു ഇടവപ്പാതിയിൽ തുടങ്ങി ധനു മാസം കഴിഞ്ഞും കാണാം. ഓടിട്ട വീടിന്റെ ചെറിയ ഇറയത്തു മോറി കമഴ്ത്തിയ കിണ്ടിയും വിളക്കും ഉരുളിയും ഭഗവാന് ഊട്ടു നടത്തുവാൻ ആയി തയ്യാറായിരിക്കുന്നു. വെള്ളത്തിൽ നനച്ച ഉണങ്ങിയ വാഴ നാരുകളും ഈറകൊണ്ടുള്ള കൂടയിലെ പൂക്കളും പുതിയ പ്രഭാതത്തിലെ നൈര്‍മല്യ ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്നു. നാട് മുഴുവൻ മാറിയിട്ടും ഒരു വാഹനം പോലും ഓടാത്ത നാട്ടുവഴിയായി കാവും തൃക്കോവിലും തമ്മിൽ ഇന്നും ഉള്ള ഈ മണ്‍പാത ജയദേവനെ അത്ഭുതപ്പെടുത്തി. ഒരു ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തൽ പോലെ. ഒന്നിനും ഒരു മാറ്റവും ഇല്ല. ക്ഷേത്രത്തിലെ ഇടയ്ക്ക വായനക്കാരൻ കുറുപ്പച്ചന്റെ വീടും നമ്പ്യാരുടെ വീടും, പിഷാരവും എല്ലാം മോടിയാക്കിയിട്ടുണ്ടെങ്കിലും എവിടെയോ ഒരു ആചാരാനുഷ്ഠാനങ്ങളുടെ ശേഷിപ്പുകൾ ബാക്കിയായിരിക്കുന്നു.

ചില വീടുകളിൽ നിന്നും അപരിചതനെ എത്തിച്ചു നോക്കുന്ന കസവു നേര്യതുകൾ നാട്ടുകാർ മറന്ന ദേവന്റെ മുഖം അവരിൽ പലരെയും തിരിച്ചറിഞ്ഞു. വെള്ളി വീണ തലനാരിഴകളുടെ ഉടമകളിൽ പലർക്കും തന്നെക്കാൾ പ്രായം കുറവാണെങ്കിലും കാലം നൽകിയ ജീവിത ക്ലേശങ്ങളിൽ ഉഴറുന്ന ഇവർ ഇന്നും വർഗ്ഗ സമരത്തിന്റെ ഭാഗമോ?
തൃക്കോവിലിന് പുറത്തായി സ്ഥാപിച്ചിരുന്ന പഴയ തേക്കു കാലിൽ തീർത്ത വൈദ്യുത വിളക്കുകൾ ഇന്നില്ല. മതിൽ കെട്ടി അതിൽ സുരക്ഷിതമായ സർപ്പത്താന്മാർ. മഞ്ഞളും, ഗുരുതിയും മണക്കുന്ന മുറ്റത്തു നിൽക്കുമ്പോൾ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ആരവങ്ങൾ ഇല്ലാത്ത തൃക്കോവിലെ ഉത്സവം ആണ് ദേവന് ഓർമ്മ വന്നത്. ക്ഷേത്രവും പരിസരത്തുള്ള ജനവാസവും പുരാതന ചാതുർവർണ്യ വ്യവസ്ഥിതിയിൽ ആണ് എന്നത് ഒരുപക്ഷേ ഇവിടുള്ളവർ മറന്നോ? അതോ ഭൂമിയുടെ ആഗോള വൽക്കരണ കച്ചവടത്തിൽ പഴമയുടെ സംസ്കാരം വഴിമാറിയതോ?

തിക്കോവിൽ തൊഴുതു മൂപ്പരുടെ മോനെ കാണുവാനായി നടക്കുമ്പോഴാണ് പരമന്റെ വിളി വരുന്നത്.

“ദേവാ .. എവിടെയാണ്, ഇവിടെ നാലഞ്ചു മണി ആകുമ്പോൾ പണിയെല്ലാം തീരും. അമ്പിളി കൊച്ചു ഫോൺ എടുക്കുന്നില്ല”

“ഞാനിവിടെ കാവിന്റടുത്തുണ്ട്. മൂപ്പരുടെ മോനെ കാണുവാൻ. അമ്പിളി അവളുടെ വീട്ടിൽ കാണും”

പരമനു അതിശയമായി. എന്നാലും ഈ അമ്പിളി എന്തെ തിരികെ പോയത്?

“ഞാൻ വരണോ”

“വേണ്ട വേണ്ട. ഞാൻ നടന്നു വന്നോളാം. അഞ്ചു മണിക്ക് മുൻപേ അവിടെ ഞാൻ ഉണ്ടാകും”

“എന്തെങ്കിലും ഉണ്ടേ വിളിയ്ക്കണെ” പരമൻ ഫോൺ കട്ട് ചെയ്തു.

ദേവന്റെ കുറെയേറെ സഹപാഠികള്‍ ഈ കാവിന്റെ പരിസരത്താണ്. മൂപ്പരുടെ മകനും അക്കൂട്ടത്തിൽ ഒരാളാണ്. പൂച്ചക്കണ്ണുള്ള സുന്ദരിയും, നീണ്ട മുടിയുള്ള വക്കീൽ സുജയും, പുരികം പ്ലക്ക് ചെയ്ത നാട്ടിലെ ആദ്യകാല പെൺകൊടിയും അങ്ങിനെ എത്രയോ സഹബഞ്ചുകാർ. എല്ലാവരും പല ദിക്കുകളിൽ കൂടുമാറി പോയിരിക്കുന്നു. അഥവാ കണ്ടാലും തിരിച്ചറിയാത്ത രീതിയിൽ മാറിയിരിക്കുന്നു.

മൂപ്പരുടെ വീട്ടിലേക്കുള്ള വഴിയിലാണ് ചെറുപ്പക്കാർക്ക് കേരളം വിട്ടു പുറത്തുപോകാനായി അവസരം നൽകുന്ന ഒരു സ്ഥാപനത്തിന്റെ ഉടമ താമസിക്കുന്നത്. പുലർച്ചെ മുതൽ രാത്രി വരെ ടൈപ്പും ഷോര്‍ട്ട്‌ഹാൻഡും പറഞ്ഞു കൊടുക്കുന്ന പഠിപ്പിക്കുന്ന മാഷ് നാട്ടിൽ വളരെ പ്രസിദ്ധനായിരുന്നു. മരപ്പലകയിൽ തീർത്ത മച്ചും അതിന്മേലെ ടൈപ്പ് റൈറ്റിംഗ് മെഷീനുമായി ടക്, ടക് ശബ്ദം പൊഴിക്കുന്ന പകലുകളിലും, രാവുകളിലുമാണ് ഗ്രാമത്തിന്റെ പല നിർധനരും ബോംബെയും, ഡൽഹിയും, സർക്കാർ ആപ്പീസുകളുടെയും ഒക്കെ കസേരകളിലേക്ക് കുടിയേറിയത്. അവിടെ നിന്നും പായ്കപ്പൽ മുതൽ വിമാനം കയറി ഗൾഫിലും,അമേരിക്കയിലുമൊക്കെ പോയത്. ഗോപുരം പോലെയുള്ള ഹിപ്പി തലയും, ബെൽബോട്ടം പാന്റ്സും അണിഞ്ഞു അതിരാവിലെ തടിയൻ ഷോർട്ട്‌ഹാൻഡ് ബുക്കുമായി ആനന്ദൻ മാഷ് കവലയിലൂടെ പോകുന്നത് ഭയഭക്തിയിൽ, ആരാധനയിൽ നോക്കി നിന്ന തരുണീമണികൾ മനസ്സിൽ സിനിമാ നടൻ ജയനെ നേരിൽ കണ്ട തൃപ്തിയിൽ ആയിരുന്നു. അത് ഒരു കാലം. പിന്നീട് ആനന്ദൻ മാഷും സഹോദരങ്ങളും ഒക്കെ ബോംബെയും പൂനയും എല്ലാം തേടി യാത്രയായപ്പോൾ ടൈപ്പ് റൈറ്റിംഗ് സ്‌കൂൾ കമ്പ്യൂട്ടർവത്കരണത്തിൽ മുങ്ങി പോയിരുന്നു. വീഡിയോ കടയും, ആധുനിക ഡിസൈൻ തയ്യലും ഒക്കെ ആയി ആ വിദ്യാലയയും ആധുനികതയുടെ തയ്യൽ വേലകളിൽ മുങ്ങി താണു. ഇന്ന് ആനന്തൻ മാഷ് തിരികെ വന്നിരിക്കുന്നു. കുട്ടിക്കാലത്തു കണ്ട ആനന്ദൻ മാഷിന് ഇന്ന് സിനിമയാണോ ജീവിതമാണോ വലുത് എന്ന ചോദ്യത്തിന് നരയും, കൂനു വീണു ചുരുങ്ങിയ ശരീരവും ഉത്തരം നൽകുന്നുണ്ടായിരുന്നു.

അല്പം മാറി മൂപ്പരുടെ വീട്ടിലേക്ക് കയറുമ്പോൾ ഓപ്പോളുടെ മൂത്ത മകളുടെ കാതു കുത്തിന് രണ്ടര പതിറ്റാണ്ടു പിന്നിൽ ഇവിടെ വന്നു മൂപ്പരെ കണ്ടത് ഇന്നലെയെന്ന പോലെ ദേവന് ഓർമ്മ വന്നു. കാതിൽ തിളങ്ങുന്ന കല്ല് വച്ച കടുക്കനും, ചെല്ലത്തിൽ മുറുക്കാനും, ചെറിയ ഒരു ആവണി പെട്ടിയിൽ സൂചിയും മറ്റു ഉപകരണങ്ങളും, കുങ്കുമ നിറമുള്ള കടലാസ്സിൽ ഭദ്രമായി പൊതിഞ്ഞ സ്വർണ്ണ ഉരുപ്പടികളുമായി നെറ്റിയിൽ കുറിയും ഇട്ടു, കോടിക്കളർ മുണ്ടും, ഒരു വെള്ള തോർത്തും തോളിൽ ഇട്ടു വീടിന്റെ ചായ്പ്പിലെ ഫോട്ടോകളുടെ മുൻപിൽ വിളക്ക് വച്ച് പടി ഇറങ്ങി വന്ന വേലപ്പൻ മൂപ്പർ. ഇന്ന് വേലപ്പൻ മൂപ്പരില്ല. നിരപ്പലക കൊണ്ട് പൂട്ടയ കടയിൽ നാട്ടിലെ വിവാഹങ്ങൾക്കും, സ്നേഹ സമ്മാനങ്ങളും പൊടി സ്വർണ്ണവും, വെള്ളിയും കൊണ്ട് ഉരുപ്പടികൾ തീർത്ത കടയും അപ്രത്യക്ഷമായിരിക്കുന്നു. രാവും പകലും അന്തരമില്ലാതെ നാട്ടു വെളിച്ചത്തിൽ ആവണി പെട്ടിയിൽ ഭയം കൂടാതെ നാട്ടിലെ ഉരുപ്പടികൾ ക്രയ വിക്രയം നടന്നിരുന്ന രീതിയിൽ നിന്നും വൈദ്യുതിയുടെ വരവിൽ പ്രകാശിതമായ ഇടവഴികളിൽ എന്ന പോലെ പൊതു വഴിയിലും മുക്ക് പണ്ടം വരെ സൂക്ഷിയ്ക്കാൻ കഴിയുന്നില്ല എന്ന അവസ്ഥയിലേക്ക് ഗ്രാമം മാറിയിരിക്കുന്നു. ദേവൻ അറിയാതെ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ തപ്പി നോക്കി. പേഴ്‌സ് അവിടെ തന്നെ ഉണ്ട്. പരമൻ പറഞ്ഞത് ദേവന് ഓർമ്മ വന്നു.”പഴയ കാലം അല്ല.”

കുട്ടിക്കാലത്തു കുങ്കുമവും മഞ്ഞളും പൂശി പട്ടും, വളയും ചിലമ്പും, വാളുമായി എതിരെ വരുന്ന വെളിച്ചപ്പാടുകളെ കണ്ടു ആണ് ഓടിയിരുന്നതെങ്കിൽ ഇന്ന് എന്തിനോ വേണ്ടി ഇളകി വരുന്ന യുവ വെളിച്ചപ്പാടുകളെ ഭയക്കേണ്ടിയിരിക്കുന്നു.

ഗേറ്റു കടന്നു അകത്തു ചെല്ലുമ്പോൾ തന്റെ ക്‌ളാസിൽ തന്നോടൊപ്പം പഠിച്ച മൂപ്പരുടെ മകൻ ദിനേശൻ. മൂപ്പരുടെ കാലശേഷം ഇപ്പോൾ ദിനേശൻ ആണ് നാട്ടിലെ പഴമക്കാർക്കു മൂപ്പരായിട്ടുള്ളത്. അതും പേരിനു മാത്രം. അതിജീവനത്തിനായി പുതിയ മാർഗം തേടിയ ദിനേശന് സ്വർണ്ണം എന്നത് ഒരു അപൂർവ വസ്തു ആയി മാറിയിരിക്കുന്നു.

“ങാ ഇതാരാ ദേവനോ? നീ എന്ന് വന്നു ?നാടൊക്കെ മറന്നോ?” ദേവനെ ആദ്യമായാണ് ഒരാൾ മനസ്സിലാക്കുന്നത്.

“ഞാൻ ഒരാഴ്ചയായി”

“ഞാൻ ഓർത്തു നീ നാടിനേയും നാട്ടുകാരെയും ഒക്കെ മറന്നു എന്ന്”

“എങ്ങിനെ മറക്കാനാണ്. ഇത് എന്റെ കൂടി മണ്ണല്ലേ, നമ്മൾ ഓടിച്ചാടി നടന്ന മണ്ണ് ”

ദേവന്റെ ഉത്തരം പെട്ടന്നായിരുന്നു.

“അല്ല നിന്നെ ഈ നാട്ടിലോട്ട് കണ്ടിട്ട് കാലം കുറെ ആയി അതുകൊണ്ടു പറഞ്ഞതാണ്. വല്ലാത്ത ഒരു തിരോധാനം അല്ലെ നീ നടത്തിയത്. തിരുമേനിയും, പാർട്ടിക്കാരും കൂടി നിങ്ങളെ കാവിൽ കൊടി മാറ്റിയതിനു അടിച്ചു ഓടിച്ചതിനു ശേഷം നിന്നെ കാണുന്നത് ഇന്ന് ഇപ്പോൾ ആണ്. പക്ഷെ ദേവാ, ഇപ്പോൾ കാര്യങ്ങൾ ഒക്കെ മാറി.”

“ഓപ്പോളിന്റെ പേരക്കിടാവിന്റെ കാതു കുത്തണം. അതിനു നിന്നെ വിളിക്കാന്‍ വന്നതാണ്. നീ വന്നു അത് നടത്തി തരണം”

“ദേവാ സംഭവം ഒക്കെ ശരിയാണ്. ഞാനിപ്പോൾ ഈ വക പണിക്കൊന്നും പോകാറില്ല. ഇപ്പൊ ഇത് കൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ല. എല്ലാം മെഷീൻ പണിയും, കാതു കുത്തൊക്കെ ഡോക്ടര്‍മാരുമാണ് ചെയ്യുന്നത്”

“എന്നാലും നീ ഒന്ന് വന്നേ പറ്റൂ. ഓപ്പോളിന്റെ ഒരു നേര്‍ച്ച പോലെ ആണ് ”

“എടാ ദേവാ ഇപ്പൊ ആരും ഞങ്ങളെക്കൊണ്ട് ഒരു കടുക്കൻ പോലും പണിയിക്കാറില്ല. അപ്പോഴാണ് കാതു കുത്തുന്നത്. ഇതൊക്കെ ഇപ്പൊ ആശുപത്രികളിലാണ് ചെയ്യുന്നത്”

“എന്നാലും”

“നീ ഒരു കാര്യം പറഞ്ഞിട്ട് വന്നില്ലാന്നു വേണ്ട. എന്നാണ് എന്ന് പറയൂ”

“നാളെ കഴിഞ്ഞു ശനിയാഴ്‌ച. നാളും സമയവും ഓപ്പോൾ കുറിപ്പിച്ചിട്ടുണ്ട്, കടുക്കനും ഉണ്ട്”

“ഓക്കേ ..വന്നേക്കാം പക്ഷെ ,നീ ചെലവ് ചെയ്യണം. വല്ല വിദേശിയും ഉണ്ടേൽ എടുത്തു വച്ചേരെ …”

“എല്ലാം ഏറ്റു”

“നാട്ടുകാരൊക്കെ ടാറ്റു കുത്തുന്ന കാലത്താണ് ഇവന്റെ ഒരു കാതു കുത്ത്. ഞാൻ വന്നേക്കാം, നീ സമയം ഒന്ന് ടെക്സ്റ്റ് അടിച്ചേക്കു”

അവിടെയും ആധുനികത കടന്നു വന്നിരിക്കുന്നു.

നാട്ടു വിശേഷവും പറഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ചെമ്പകപ്പൂക്കളുടെ ഗന്ധം ഒഴുകി വന്നു. മറ്റു തൊടികളിൽ നിന്നും വ്യത്യസ്തമായ ഒരു വീടും കൃഷിയിടവും. നിറയെ പൂക്കളയും, പച്ചക്കറികളും തഴച്ചു വളരുന്ന ഹൃദ്യമായ ഒരു പുരയിടം. മഞ്ഞ ചെമ്പകവും, അക്കേഷ്യയും, മിഴി തുറക്കാനായി ഒരുങ്ങി നിൽക്കുന്ന വിവിധ വർണ്ണങ്ങളിൽ നാലുമണി പൂക്കളും. മഞ്ഞ പൊക്കൽ തൂകി കായ്ച്ചു തുടങ്ങിയ പാവൽ പന്തൽ. ആരായിരിക്കും ഈ അധിനികതയിൽ കൃഷിയെ പ്രണയിക്കുന്ന ആൾ. വഴിയിൽ നിന്നും അല്പം ഉയർന്ന തൊടിയിലേക്ക് എത്തിച്ചു നോക്കുമ്പോള്‍ പകൽ സമയ ടിവി സീരിയലുകൾ ഉപേക്ഷിച്ചു ചെടികളെ പരിരക്ഷിക്കുന്ന ഒരു പരിചിത മുഖം. ഇവൾ തന്റെ പള്ളിക്കൂട സഹ ബഞ്ചുകാരിയോ ? അതോ ശ്രീയുടെ കൂട്ടുകാരിയോ? പണ്ടിങ്ങനെ ഒരു മുഖം കണ്ടു മറന്നതായി ദേവന് ഓർമ്മ വന്നു. കോളേജ് കാലത്തു പാട്ടു പാടുന്ന ഒരു പയ്യനെ തിരക്കി ദേവൻ ഈ വഴിയേ വന്നിട്ടുണ്ട്. ക്ഷേത്രത്തിലെ ഒരു പരിപാടിക്ക് വിളിക്കാന്‍. അന്ന് കൈയ്യിൽ ഒരു ഇരട്ടക്കുഴൽ തോക്കുമായി കൊക്കിനെ പിടിക്കാന്‍ ഇറങ്ങിയ വൈദ്യുതി ബോർഡിലെ എൻജിനീയറും, മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ ഉള്ള പാട്ടുകാരന്റെ അച്ഛനും കൂടി തന്നെ ചോദ്യം ചെയ്തത് ഇതേ ഇടവഴിയിൽ വച്ചാണ്. കുട്ടികളെ ജനസംഘത്തിൽ പെടുത്താൻ ഇറങ്ങിയ തെമ്മാടിയായി ആണ് അവർക്കു അന്ന് ദേവനെ കണ്ടപ്പോൾ തോന്നിയത്. ഇന്ന് ജനസംഘത്തെ നയിക്കുന്നവരുടെ മുന്നിൽ ഇവരുടെ പിന്തലമുറക്കാർ ആണ് ഉള്ളത്. വിജനമായ വഴിയിലൂടെ തിരിക നടന്നു കോവിലിനു മുന്നിലെ ഇല്ലം മറികടക്കുമ്പോൾ വക്കീൽ സുജ പറഞ്ഞത് ഓർമ്മ വന്നു.

“ആ വഴി പോകുന്നുണ്ടേൽ അമ്മയെ ഒന്ന് കണ്ടോളു. ചില അസ്ക്യതകൾ ഒക്കെ ഉണ്ട്”

നോക്കട്ടെ എന്ന് പറഞ്ഞത് അല്ലാതെ അത്രടം വരെ ഒന്ന് പോയില്ല

തുടരും …


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top